ന്യൂദല്‍ഹി: ചില മതങ്ങളോട് കാണിക്കുന്ന വിവേചനപരമായ സമീപനമാണ് രാജ്യത്ത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതെന്ന് എഴുത്തുകാരന്‍ അമീഷ് ത്രിപാഠി. കാളി പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് മറുപടിയുമായി അമിഷ് ത്രിപാഠി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം വിദ്വേഷം നേരിടുന്നത് ഹിന്ദുക്കളാണെന്നും ത്രിപാഠി പറഞ്ഞു. രാജ്യത്ത് ചില പ്രത്യേക മതങ്ങളോടുള്ള അമിത ആരാധനയും, ചില മതങ്ങളോടുള്ള അവഗണനയുമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘കാനഡയില്‍ പ്രദര്‍ശിപ്പിച്ച കാളി ദേവി പുകവലിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന പോസ്റ്ററാണ് വിവാദത്തിന് വഴിയൊരുക്കിയത്. മാംസം കഴിക്കുന്നതിന് പുകവലിയുമായി എന്ത് ബന്ധമാണുള്ളതെന്ന് എനിക്കറിയില്ല,’ കഴിഞ്ഞ ദിവസം മഹുവ മൊയിത്ര നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.
‘പാശ്ചാത്യ രാജ്യങ്ങളില്‍ ക്രിസ്തുമതം ആക്രമിക്കപ്പെടുന്നുണ്ട്. മറ്റ് മതങ്ങള്‍ അത്രയൊന്നും ആക്രമിക്കപ്പെടുന്നില്ല. ഇന്ത്യയില്‍ ഇത്തരത്തില്‍ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത് ഹിന്ദു മതമാണ്. ഏകപക്ഷീയമായ അനാദരവാണ് ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ കാരണം,’ അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വവാദികള്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിന് പിന്നാലെയാണ് ത്രിപാഠിയുടെ പരാമര്‍ശം. കാളി പോസ്റ്ററുമായി ബന്ധപ്പെട്ട് സംവിധായിക ലീന മണിമേഖലയ്ക്ക് നേരെ വധഭീഷണി വരെ ഹിന്ദുത്വവാദികള്‍ ഉയര്‍ത്തിയിരുന്നു.
രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് ക്ഷേത്രഭൂമിയിലാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുത്വ വാദികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ രാജ്യത്ത് വിവിധ സ്ഥലങ്ങളിലും പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
‘കാളി എന്നെ സംബന്ധിച്ചിടത്തോളം മാംസം കഴിക്കുന്ന, ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ദേവതയാണ്. നിങ്ങളുടെ ദേവതയെ ഇമാജിന്‍ ചെയ്യാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്,’ മഹുവ മൊയിത്ര പറഞ്ഞിരുന്നു.
കാളി എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് വിവാദങ്ങളും തുടങ്ങിയത്.
പോസ്റ്റര്‍ ഹിന്ദു ദേവതയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ലീനയ്‌ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ ഹിന്ദുത്വ ഗ്രൂപ്പുകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
സമൂഹമാധ്യമങ്ങളിലും ലീനയ്‌ക്കെതിരെ ഹിന്ദുത്വവാദികള്‍ സൈബര്‍ ആക്രമണം തുടരുകയാണ്. ഇതിനിടെ പോസ്റ്റര്‍ നീക്കണമെന്ന് കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.