‘ദ മിസ്ഫിറ്റ്സ്’ എന്ന ഹോളിവുഡ് ചിത്രത്തെ ചുറ്റിപ്പറ്റി ഗള്‍ഫ് മേഖലയില്‍ പുതിയ വിവാദം. ഖത്തറിനെ മോശമാക്കുന്ന തരത്തിലാണ് ചിത്രം എന്നാണ് ആരോപണം. ഇതിന് പിന്നാലെ ചിത്രത്തിന്റെ നിര്‍മ്മാണ സഹായിയും അഭിനേതാവുമായ റാമീ ജാബിറിന് ചിത്രത്തിന്റെ ഉള്ളടക്കത്തിന്റെ പേരില്‍ വധഭീഷണി ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
ഒരു കൊള്ളയുടെ കഥ പറയുന്ന ഹാസ്യ ചിത്രമാണ് ‘ദ മിസ്ഫിറ്റ്.’ റിച്ചാര്‍ഡ് പെയ്സ് എന്ന കഥാപാത്രത്തെ കേന്ദ്രികരിച്ചാണ് ചിത്രം മുന്നേറുന്നത്. ബാങ്ക് കൊള്ളയടിച്ച് രക്ഷപ്പെടുന്ന റിച്ചാര്‍ഡ് ചെന്നുപെടുന്നത് ‘മിസ്ഫിറ്റ്’ എന്നറിയപ്പെടുന്ന ഒരുക്കൂട്ടം കൊള്ളക്കാരുടെ അടുത്താണ്. ഇവര്‍ ചേര്‍ന്ന് ‘ജാസിര്‍സ്ഥാന്‍’ എന്ന സ്ഥലത്തെ കുപ്രസിദ്ധ തടവറയുടെ താഴെ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം കവര്‍ച്ച ചെയ്യാന്‍ പദ്ധതിയിടുന്നു. അതിനു കാരണമായി അവര്‍ പറയുന്നത് ജാസിര്‍സ്ഥാന്‍ ഈ സ്വര്‍ണം തീവ്രവാദത്തിനു ഉപയോഗിക്കാന്‍ സാധ്യത ഉണ്ടെന്നും അത് തടയാന്‍ വേണ്ടി ആണെന്നുമാണ്. ചിത്രത്തില്‍ പ്രതിപാദിക്കുന്ന ഈ സംഘം മുസ്ലിം ബ്രദര്‍ഹുഡാണ്.
ചിത്രത്തിലുടനീളം ഖത്തറിനെ നേരിട്ടല്ലാതെ പ്രതിപാദിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ട്. അതിലൊന്നാണ് മുസ്ലിം ബ്രദര്‍ഹുഡിന്റെ പരാമര്‍ശം. മുസ്ലിം ബ്രദര്‍ഹുഡിനും മറ്റു തീവ്രവാദ സംഘങ്ങള്‍ക്കും സഹായം ചെയ്യുന്നു എന്നാരോപ്പിച്ച് ഖത്തറിനെതിരെ വര്‍ഷങ്ങളോളം അറബ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
ഈ വര്‍ഷമാദ്യമാണ് ഉപരോധങ്ങള്‍ പിന്‍വലിച്ചത്. ചിത്രത്തില്‍ പ്രതിപാദിക്കുന്ന സാങ്കല്‍പ്പിക നഗരമായ ‘ജാസിര്‍സ്ഥാന്‍’ മുസ്ലിം ബ്രദര്‍ഹുഡ് ഉല്‍പ്പടെയുള്ള തീവ്രവാദ സംഘങ്ങളെ സഹായിക്കാന്‍ സാധ്യത ഉണ്ടെന്ന് പറയുമ്പോള്‍ നോട്ടം വീഴുന്നത് ഖത്തറിനു മേലെയാണ്. അത് മാത്രമല്ല, ചിത്രത്തില്‍ കാണുന്ന പല സ്ഥലങ്ങളും ഖത്തറിലെ പ്രസിദ്ധമായ ഇടങ്ങളാണ്. ചിത്രത്തില്‍ കാണുന്ന ‘ഇമാരീ ആശുപത്രി’ അതിനൊരു ഉദാഹരണമാണ്. അതേപോലെ ഖത്തര്‍ പൊലിസിന്റേതിനു സമാനമായ വാഹനങ്ങളും ചിത്രത്തില്‍ കാണാം. ഇവയെല്ലാം ‘ജാസിര്‍സ്ഥാന്‍’ എന്ന സാങ്കല്‍പ്പിക സ്ഥലത്തിലൂടെ ഖത്തറിനെ ‘കുത്തുന്ന’ വിശദാംശങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ‘ഫിലിംഗേറ്റ് പ്രൊഡക്ഷന്‍സി’നു എതിരേയാണ് ഖത്തര്‍ മാധ്യമസ്ഥാപനമായ അല്‍-ജസീറ രംഗത്തെത്തിയിരിക്കുന്നത്. യു.എ.ഇയിലെ അബുദാബി കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ ഉള്ളടക്കത്തില്‍ കൈകടത്തിയെന്നാണ് അല്‍-ജസീറയുടെ കണ്ടെത്തല്‍.
ചിത്രത്തില്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ നേതാവായി ഷെയിക്ക് യൂസഫ് അല്‍-ഖര്‍ദാവി എന്ന കഥാപാത്രത്തെ തിരുകിക്കയറ്റാനും സിനിമ ഖത്തറിനെ മോശമാക്കുന്ന തരത്തിലാക്കാനും ഇടപെടലുകള്‍ ഉണ്ടായി എന്നാണ് അല്‍-ജസീറയുടെ കണ്ടെത്തല്‍.
ഖത്തറിനെതിരായ ഉപരോധങ്ങള്‍ പിന്‍വലിച്ചെങ്കിലും അബുദാബിയുമായുള്ള ഖത്തറിന്റെ ബന്ധത്തിലെ മുറിവുകള്‍ പൂര്‍ണമായി ഉണങ്ങിയിട്ടില്ല. അതേസമയം തനിക്ക് ലഭിച്ച വധഭീഷണിയില്‍ പരാതിപ്പെട്ടിരിക്കുകയാണ് റാമീ ജാബിര്‍.