| Wednesday, 16th May 2018, 4:47 pm

റീ പോളിലും അക്രമമൊഴിയാതെ ബംഗാള്‍; തോക്കുമായെത്തിയ സംഘം ബാലറ്റുപെട്ടി കടത്തി കൊണ്ടുപോയി [വീഡിയോ]

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: റീ പോളിംഗ് പുരോഗമിക്കവെ ബംഗാളില്‍ തോക്കുമായെത്തിയ സംഘം ബാലറ്റുപെട്ടി കടത്തിക്കൊണ്ടുപോയി. മാള്‍ഡയിലെ റത്വയിലെ ബൂത്ത് നമ്പര്‍ 76 ലെ ബാലറ്റുപെട്ടിയാണ് സായുധ സംഘം കടത്തിക്കൊണ്ട് പോയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

രാവിലെ ആരംഭിച്ച റീ പോളിംഗിനിടെ മുര്‍ഷിദാബാദിലെ പോളിംഗ് സ്‌റ്റേഷനുകളില്‍ ബോംബേറും മാരകായുധങ്ങളുപയോഗിച്ചുള്ള ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഉത്തര്‍ ദിനജ്പൂര്‍ ജില്ലയില്‍ റീപോളിങ് ആരംഭിക്കാന്‍ വൈകിയതിനെതിരെ പ്രതിഷേധിച്ച ജനങ്ങള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ബൂത്ത് നമ്പര്‍ 36/37ലാണ് പോളിങ് ആരംഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് വോട്ടര്‍മാര്‍ പ്രതിഷേധവുമായെത്തിയത്.

19 ജില്ലകളിലെ 568 പഞ്ചായത്ത് ബൂത്തുകളിലാണ് ഇന്ന് പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് റീപോളിങ് നടക്കുന്നത്. ഇവയില്‍ 63 ബൂത്തുകള്‍ മൂര്‍ഷിദാബാദിലും 52 ബൂത്തുകള്‍ കൂച്ച്ബെഹാറിലും 28 എണ്ണം പശ്ചിമ മിഡ്നാപ്പൂരിലും 10 എണ്ണം ഹൂഗ്ലിയിലുമാണ്. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പിലെ വ്യാപക അക്രമങ്ങളെ തുടര്‍ന്ന് ലഭിച്ച പരാതികളിന്‍മേലാണ് ഇവിടങ്ങളില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ടത്.

സുരക്ഷിതമായ തെരഞ്ഞെടുപ്പ് സൗകര്യം ഉറപ്പ് വരുത്തണമെന്ന് പോളിംഗ് പാനല്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനും നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് പൊലീസിന്റെ ലാത്തിച്ചാര്‍ജ്. തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമ പരമ്പരകളില്‍ 12 പേരെങ്കിലും മരണപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

തിങ്കളാഴ്ച നടന്ന അക്രമങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ്, സി.പി.ഐ.എം, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുമ്പില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയിരുന്നു.

വോട്ടെണ്ണല്‍ മെയ് 17 ന് നടക്കും.

We use cookies to give you the best possible experience. Learn more