മംഗളൂരു: കര്‍ണാടകയിലെ പേരഡ്കയില്‍ ഹിന്ദുത്വവാദികള്‍ പള്ളിയുടെ വാതില്‍ തകര്‍ത്ത് കുരിശ് നശിപ്പിക്കുകയും തല്‍സ്ഥാനത്ത് കാവിക്കൊടി നാട്ടുകയും ചെയ്ത സംഭവത്തില്‍ കേസെടുത്ത് കടബ പൊലീസ്. പള്ളിയിലെ പുരോഹിതന്റെ പരാതിയിന്‍മേലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പേരഡ്കയിലെ അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചിലെ പുരോഹിതന്‍ ഫാദര്‍ ജോസ് വര്‍ഗീസാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ദേശീയ മാധ്യമമായ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
മെയ് ഒന്നിനാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. ഒരുകൂട്ടം ആളുകള്‍ പാതിരാത്രിയില്‍ പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറുകയും കുരിശ് തകര്‍ത്ത് കാവിക്കൊടിയും ഹനുമാന്റെ ചിത്രവും സ്ഥാപിക്കുകയുമായിരുന്നു.
ഇതിനെല്ലാം പുറമെ അവര്‍ പള്ളിയില്‍ മോഷണവും നടത്തിയിരുന്നു. പള്ളിയില്‍ സ്ഥാപിച്ചിരുന്ന ഇലക്ട്രിക് മീറ്റര്‍, വാട്ടര്‍ പമ്പ്, പൈപ്പുകള്‍ പള്ളിയുടെയും പ്രാര്‍ത്ഥനാലയത്തിന്റെയും രേഖകള്‍ എന്നിവയാണ് മോഷ്ടിച്ചത്.
ഐ.പി.സി സെക്ഷന്‍ 448 (അതിക്രമിച്ചു കടക്കല്‍), ഐ.പി.സി സെക്ഷന്‍ 295 a (മതവികാരം വ്രണപ്പെടുത്തല്‍), ഐ.പി.സി സെക്ഷന്‍ 427, ഐ.പി.സി സെക്ഷന്‍ 329 (മോഷണം) വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.