|

തമിഴരെ പറ്റിയുള്ള ശരാശരി മലയാളിയുടെ തെറ്റിദ്ധാരണകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

Soiler Alert

ജെയിംസിന്റെയും സുന്ദരത്തിന്റെയും മാത്രമല്ല, തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ അപ്രതീക്ഷിതമായ ചില കാരണങ്ങള്‍ കൊണ്ട് ഒരു ദിവസം പെട്ടുപോകുന്ന മലയാളി സംഘത്തിന്റെയും കഥ കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള സംഘം നേരിടുന്ന അസ്വഭാവിക സാഹചര്യത്തില്‍ സംഭവിക്കാവുന്ന ചില സ്വാഭാവിക സംഭാഷണങ്ങളും നന്‍പകലില്‍ കാണാം. മലയാളികളുടെ ചില പൊതുബോധങ്ങളാണ് അവ.

തമിഴനോട് ഒരു ശരാശരി മലയാളിക്കുള്ള അനിഷ്ടവും തെറ്റിദ്ധാരണകളുമെല്ലാം ചിത്രത്തിന്റെ തുടക്കം മുതലേ കാണാനാവും. കേന്ദ്രകഥാപാത്രമായ ജെയിംസില്‍ തന്നെയാണ് ഇത്തരം മനോഭാവം ആദ്യം പ്രകടമാവുന്നത്. വേളാങ്കണ്ണിയില്‍ നിന്നുമുള്ള മടക്കയാത്രക്കിടെ ഹോട്ടലില്‍ നിന്നും വിമ്മിഷ്ടത്തോടെ ഭക്ഷണം കഴിക്കുമ്പോള്‍ എനിക്കീ തമിഴ് ഭക്ഷണമൊന്നും ഇഷ്ടമല്ല എന്ന് ജെയിംസ് പറയുന്നുണ്ട്.

ജെയിംസിന്റെ തിരിച്ചുവരവും കാത്ത് ചോളപ്പാടത്ത് നില്‍ക്കുന്ന ഒരു സംഘത്തെ ഇടക്ക് കാണാം. രണ്ട് കുട്ടികള്‍ റോഡിലൂടെ ഓടിക്കളിക്കുമ്പോല്‍ അവരെ പിടിച്ചുനിര്‍ത്തുന്ന മുതിര്‍ന്ന സ്ത്രീ പറയുന്നത് പിള്ളാരെപിടുത്തക്കാരുള്ള നാടാണ് ഇതെന്നാണ്. ഇങ്ങോട്ട് വന്ന് അവര്‍ ബലാത്സംഗം ചെയ്യുമെന്നും സ്ത്രീകള്‍ പരസ്പരം പറയുന്നുണ്ട്.

എന്നാല്‍ ഒരു ഘട്ടത്തില്‍ ഇതെല്ലാം മാറിമറിയുകയാണ്. ജെയിംസ് സുന്ദരമായി മാറിയത് രണ്ട് കൂട്ടരേയും ബാധിച്ചിട്ടുണ്ട്. ജെയിംസിനെ പറഞ്ഞുവിടേണ്ടത് തമിഴ് ഗ്രാമീണരുടെയും തിരികെകൊണ്ടുപോകേണ്ടത് മലയാളി സംഘത്തിന്റെയും ആവശ്യമാണ്. ശ്രമങ്ങളെല്ലാം വിഫലമാകുന്നതോടെ ഒരു ദിവസം ജെയിംസിനൊപ്പമുള്ള സംഘത്തിന് അവിടെ തങ്ങേണ്ടി വരികയാണ്. പിള്ളേരെപ്പിടുത്തക്കാരെന്നും ബലാത്സംഗികളെന്നും വിശേഷിപ്പിച്ചവര്‍ക്കൊപ്പം, അവരുടെ വീട്ടില്‍, അവര്‍ നല്‍കിയ ഭക്ഷണം കഴിച്ച് മലയാളി സംഘം തങ്ങുകയാണ്.

നാട്ടിലാണെങ്കില്‍ കുഴപ്പമില്ല, ഇവിടെ ഞങ്ങള്‍ക്കാരുണ്ട് എന്ന് പരിഭവിക്കുന്ന ബാബൂട്ടിയോട് ഞങ്ങള്‍ നിങ്ങളുടെ സ്വന്തക്കാരാണ് എന്നാണ് ഗ്രാമമുഖ്യന്‍ പറയുന്നത്. അപരിചിതനായ ജെയിംസിനോട് കാണാതായ സുന്ദരത്തോടെന്ന പോലെ അദ്ദേഹത്തിന്റെ കുടുംബക്കാര്‍ ഇടപെടുകയും ചെയ്യുന്നുണ്ട്. പെട്ടെന്നൊരുനാള്‍ വീട്ടിലേക്ക് കയറി വരുന്ന അപരിചതനെ അത്തരത്തില്‍ പരിഗണിക്കേണ്ട ഒരാവശ്യവും ആ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ ഇല്ല. എന്നാല്‍ ജെയിംസിനൊപ്പമുള്ളവരുടെ ആശങ്കകളെ അസ്ഥാനത്താക്കുന്ന സഹകരണവും പിന്തുണയുമാണ് ആ ഗ്രാമീണര്‍ കാണിക്കുന്നത്.

Content Highlight: Misconceptions of the average Malayali about Tamilians in nanpakal nerathu mayakkam