മാധ്യമ പ്രവര്‍ത്തകയോട് മോശം പെരുമാറ്റം; സുരേഷ് ഗോപിക്കെതിരെ കേസെടുത്തു
Kerala News
മാധ്യമ പ്രവര്‍ത്തകയോട് മോശം പെരുമാറ്റം; സുരേഷ് ഗോപിക്കെതിരെ കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th October 2023, 6:40 pm

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോടുള്ള മോശം പെരുമാറ്റത്തില്‍ സുരേഷ് ഗോപിക്കെതിരെ കേസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്.

വെള്ളിയാഴ്ച കോഴിക്കോട് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടയില്‍ തോളില്‍ കൈയിട്ടത്. ഉടന്‍ തന്നെ അതൃപ്തി പ്രകടിപ്പിച്ച് മാധ്യമപ്രവര്‍ത്തക മാറിനിന്നെങ്കിലും സുരേഷ് ഗോപി കയ്യെടുത്തില്ല. വീണ്ടും തോളില്‍ കൈ വെച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തക അപ്പോള്‍ തന്നെ തട്ടിമാറ്റുകയായിരുന്നു.

തുടര്‍ന്ന് ഇന്ന് ഉച്ചയോടുകൂടി മാധ്യമ പ്രവര്‍ത്തക സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തുടര്‍ നടപടികള്‍ക്കായി കമ്മീഷണര്‍ നടക്കാവ് എസ.എച്ച്.ഓക്ക് പരാതി കൈമാറി. വൈകുന്നേരത്തോടെ ഐ.പി.സി 354 എ പ്രകാരം സുരേഷ് ഗോപിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

സംഭവത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ സുരേഷ് ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നാല്‍ സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലല്ലെന്നും വിശദീകരണമായാണ് തോന്നിയതെന്നും നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മാധ്യമ പ്രവര്‍ത്തക പറഞ്ഞിരുന്നു.

തനിക്ക് തെറ്റായി തോന്നിയെങ്കില്‍ മാപ്പ് പറയുന്നു എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. അനുവാദമില്ലാതെ ഒരാളുടെ ദേഹത്ത് സ്പര്‍ശിക്കുന്നത് തെറ്റാണെന്ന് അദ്ദേഹമാണ് തിരിച്ചറിയേണ്ടത്. ഒരു സ്ത്രീയെന്ന രീതിയില്‍ താന്‍ അപമാനിക്കപ്പെട്ട സംഭവമാണ് ഉണ്ടായതെന്നും അവര്‍ പറഞ്ഞു.

തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നേരെയുള്ള അവഹേളനമാണ് ഇതെന്നും എന്ത് ന്യായീകരണം പറഞ്ഞാലും സുരേഷ് ഗോപിയുടെ പ്രവര്‍ത്തി അംഗീകരിക്കാന്‍ കഴിയില്ലെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

Content Highlights: Misbehavior against journalist; Case registered against Suresh Gopi