മിസ്ബാഹുള്‍ ഹഖ് ഏകദിനങ്ങളില്‍ നിന്നും വിരമിക്കുന്നു
Daily News
മിസ്ബാഹുള്‍ ഹഖ് ഏകദിനങ്ങളില്‍ നിന്നും വിരമിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th January 2015, 11:09 pm

misbah_1799449f
പാക് ക്യാപ്റ്റന്‍ മിസ്ബാഹുള്‍ ഹഖ് ലോകകപ്പോടെ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. ഇക്കാര്യം അദ്ദേഹം പാക് ക്രിക്കറ്റ് ബോര്‍ഡിനെ ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കുകയാണ്. എന്നാല്‍ തന്റെ വിരമിക്കല്‍ സംബന്ധിച്ചുള്ള പ്രഖ്യാപനം ക്രിക്കറ്റ് ബോര്‍ഡാണ് നിര്‍വഹിക്കേണ്ടതെന്ന തീരുമാനത്തിലാണ് മിസ്ബ. ഈ വരുന്ന ലോകകപ്പിന് ശേഷം ഏകദിനങ്ങളില്‍ നിന്നും വിരമിക്കാന്‍ ഒരുങ്ങുന്ന രണ്ടാമത്തെ പാക് താരമാണ് മിസ്ബാഹുള്‍ ഹഖ്. നേരത്തെ ഷാഹിദ് അഫ്രീദിയും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു.

നേരത്തെ 2010 മുതല്‍ പാക് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായ മിസ്ബാഹുള്‍ ഹഖ് പിന്നീട് 2011 മധ്യത്തിലാണ്  പാകിസ്ഥാന്‍ ഏകദിന ടീമിന്റെ കൂടെ നായക പദവി ഏറ്റെടുക്കുന്നത്. മിസ്ബാഹിന്റെ വിരമിക്കല്‍ കണക്കിലെടുത്ത് ലോകകപ്പിന് ശേഷമുള്ള ടീമിന്റെ പുതിയ നായകനെ തിരഞ്ഞെടുക്കാന്‍ കോച്ചിനോടും ചീഫ് സെലക്ടറോടും ആവശ്യപ്പെട്ടിരിക്കുകയാണ് പി.സി.ബി

ഇക്കാര്യത്തില്‍ ചെറുപ്പക്കാര്‍ക്കായിരിക്കും മുന്‍ഗണനയെന്ന് ഒരു മുതിര്‍ന്ന പി.സി.ബി അംഗം മാധ്യമങ്ങളോട് പറഞ്ഞു. മിസ്ബ, ഷാഹിദ് എന്നിവര്‍ക്ക് പുറകിലായി മുതിര്‍ന്ന താരം യൂനുസ് ഖാനും കളി മതിയാക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ പരിക്ക് കാരണം വിശ്രമത്തിലുള്ള മിസ്ബക്ക് പകരമായി ന്യൂസിലാന്‍ഡിനെതിരെയുള്ള അവസാന മുന്ന് ഏകദിനങ്ങളില്‍ പാക് ടീമിനെ നയിച്ചിരുന്നത് അഫ്രീദിയായിരുന്നു. അതെ സമയം പരിക്ക് കാരണം വിഷമിക്കുന്ന മിസ്ബയുടെ ഫിറ്റ്‌നസ് ടെസ്റ്റ് നാളെയാണ്