| Wednesday, 24th December 2014, 11:32 am

ലോകകപ്പില്‍ പാകിസ്ഥാനെ മിസ്ബാ നയിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കറാച്ചി: 2015 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീമിനെ മിസ്ബാ ഉല്‍ ഹഖ് നയിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. പിന്‍തുടയിലെ ഞരമ്പിന് പരുക്കേറ്റ് ചികിത്സയിലാണ് മിസ്ബായിപ്പോള്‍.

” കരിയറില്‍ ഇതാദ്യമായാണ് മിസ്ബാ പരുക്കിന്റെ പിടിയിലാവുന്നത്. പരുക്കില്‍ നിന്നും മോചനം നേടാന്‍ അദ്ദേഹം കഠിനമായി പരിശ്രമിക്കുന്നുണ്ട്. ലോകകപ്പാകുമ്പോഴേക്കും അദ്ദേഹം ആരോഗ്യവാനാകുമെന്ന് എനിക്ക് വിശ്വാസമുണ്ട്.” പി.സി.ബി ചെയര്‍മാന്‍ ഷഹര്‍യാര്‍ ഖാന്‍ പറഞ്ഞു.

അടുത്തിടെ യു.എ.ഇയില്‍ ന്യൂസിലന്റിനെതിരായ നടന്ന രണ്ടാം ഏകദിന മത്സരത്തിനിടെയാണ് മിസ്ബായ്ക്ക് പരുക്കേറ്റത്. പരുക്കില്‍ നിന്നും പൂര്‍ണമായി മുക്തി നേടണമെങ്കില്‍ ആറാഴ്ചയെങ്കിലും എടുക്കുമെന്ന ഭീതി ഉയരുകയും ചെയ്തിരുന്നു.

“ആശങ്കയുടെ യാതൊരു ആവശ്യവുമില്ല. ഞാന്‍ മിസ്ബായോട് സംസാരിച്ചിട്ടുണ്ട്. പരുക്കില്‍ നിന്നും മുക്തിനേടാനാകുമെന്നതില്‍ അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ട്. ലോകകപ്പിന് അദ്ദേഹം തയ്യാറായിരിക്കും. അദ്ദേഹം വളരെ പ്രഫഷണലാണ്.” അദ്ദേഹം വ്യക്തമാക്കി.

ലോകകപ്പിനുള്ള ടീമിനെ ജനുവരി ഏഴിന് സെലക്ടര്‍മാര്‍ പ്രഖ്യാപിക്കുമെന്നും ഷെഹര്‍യാര്‍ അറിയിച്ചു. അതേസമയം പരുക്കിന്റെ പിടിയിലുള്ള തനിക്ക് ശക്തമായ പിന്തുണ നല്‍കിയ ഷെഹര്‍യാറിന് നന്ദി രേഖപ്പെടുത്തുന്നതായി മിസ്ബാ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

We use cookies to give you the best possible experience. Learn more