നാല് ടീമുകളും ശക്തരാണ് പക്ഷെ വിജയം അവര്‍ക്കൊപ്പമായിരിക്കും; ഫൈനലിസ്റ്റുകളെ തെരെഞ്ഞെടുത്ത് മിസ്ബ ഉള്‍ ഹഖ്
2023 ലോകകപ്പ് അവസാന ഘട്ടത്തിലേക്ക് എത്തി നില്‍ക്കുകയാണ്. കളിച്ച എട്ട് മത്സരങ്ങളും വിജയിച്ച് 16 പോയിന്റോടെ രോഹിത് ശര്‍മയും സംഘവും ഒന്നാം സ്ഥാനത്ത് ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. നിലവില്‍ രണ്ടാം സ്ഥാനത്ത് സൗത്ത് ആഫ്രിക്കയും മൂന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയയുമാണ്. ശ്രീലങ്കയുമായുള്ള മത്സരത്തില്‍ വിജയിച്ചതോടെ ന്യൂസിലാന്‍ഡും സെമി ഫൈനല്‍ സാധ്യത ഉറപ്പിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ സെമിയില്‍ തിരിച്ചെത്തുമെന്ന ആത്മവിശ്വാസം കാണിച്ചിരുന്നു. നവംബര്‍ 11ന് ഇംഗ്ലണ്ടിനോട് നടന്നുകൊണ്ടിരിക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനേക്കാളും മികച്ച റണ്‍റേറ്റില്‍ വിജയിക്കുന്നത് അസാധ്യമായതിനാല്‍ പാകിസ്ഥാന്‍ പുറത്തായി എന്ന് തന്നെ പറയാം.
സെമി ഫൈനല്‍ നടക്കാനിരിക്കെ മുന്‍ പാകിസ്ഥാന്‍ താരങ്ങളായ മിസ്ബ ഉള്‍ ഹഖും ഷോയ്ബ് മാലിക്കും ഫൈനലിസ്റ്റുകളുടെ പേരുകള്‍ നിര്‍ദ്ദേശിക്കുകയാണ്. എസ്‌പോട്‌സിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇരുവരും. ഷോയ്ബ് മാലിക്ക് തെരെഞ്ഞെടുത്തത് ഇന്ത്യയേയും ഓസ്‌ട്രേലിയേയുമായിരുന്നു.
‘ഇന്ത്യയും സൗത്ത് ആഫ്രിക്കയും ഫൈനലില്‍ ഏറ്റുമുട്ടും,’ മിസ്ബ ഉള്‍ ഹഖും പറഞ്ഞു.
മെന്‍ ഇന്‍ ബ്ലൂവിനെ കൂടുതല്‍ അഭിനന്ദിക്കാനും മിസ്ബ മടിച്ചില്ല.
‘നാല് ടീമുകളും ശക്തരാണ്, അവര്‍ക്കിരുവര്‍ക്കും പരസ്പരം തോല്‍പ്പിക്കാനുള്ള കഴിവുണ്ട്. എന്നിരുന്നാലുംമറ്റുള്ളവരെക്കാളും മുന്‍തൂക്കം ഇന്ത്യക്കാണ് ഞാന്‍ കൊടുക്കുന്നത്. അവര്‍ക്ക് മികച്ച ബാലന്‍സാണ് ഉള്ളത്.
2023 ലോകകപ്പില്‍ മികച്ച പ്രകടനമാണ് ഇന്ത്യ ഉടനീളം കാഴ്ച്ചവെക്കുന്നത്. രോഹിത് നയിക്കുന്ന ടീം ബൗളിങ് നിരയും ബാറ്റിങ് നിരയും മികച്ച ശക്തിപ്രകടനത്തില്‍ അരങ്ങ് തകര്‍ക്കുകയാണ്.
ഒടുവില്‍ 2023 ലോകകപ്പിന്റെ തുടര്‍ച്ചയായ വിജയാഘോഷത്തിലാണ് രോഹിത്തും സംഘവും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നവംബര്‍ 15ന് നടക്കുന്ന ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി ന്യൂസിലാന്‍ഡ് ആണെന്നത് ഇതിനോടകം തെളിഞ്ഞിരിക്കുകയാണ്. സെമിയില്‍ വിജയിച്ച് ഇന്ത്യ 2023ലെ ലോകകപ്പ് ചാമ്പ്യന്‍മാരാവുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.
Content Highlight: Misbah-ul-Haq Picks 2023 ICC World Cup Finalists