| Thursday, 30th September 2021, 4:33 pm

30 വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഫണ്ടില്‍ തിരിമറി; അണ്ണാ ഡി.എം.കെ മുന്‍ മന്ത്രിക്ക് അഞ്ച് വര്‍ഷം തടവും പിഴയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: 30 വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഫണ്ടില്‍ തിരിമറി നടത്തിയ സംഭവത്തില്‍ അണ്ണാ ഡി.എം.കെ മുന്‍ മന്ത്രിക്കും ഭര്‍ത്താവിനും അഞ്ച് വര്‍ഷം തടവും പിഴയും.

എ.ഐ.എ.ഡി.എം.കെ മുന്‍ മന്ത്രിയായിരുന്ന ആര്‍. ഇന്ദിര കുമാരിയെയും ഭര്‍ത്താവ് എ. ബാബുവിനെയുമാണ് 15 ലക്ഷം രൂപ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്ത സംഭവത്തില്‍ പ്രത്യേക കോടതി ശിക്ഷിച്ചത്.

1991 – 96 കാലഘട്ടത്തില്‍ പ്രഥമ ജയലളിത സര്‍ക്കാരിന്റെ കാലഘട്ടത്തിലായിരുന്നു ഇന്ദിര കുമാരി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായിരുന്നത്. പിന്നീട് 2006 ല്‍ ഇവര്‍ ഡി.എം.കെയില്‍ ചേര്‍ന്നിരുന്നു.

മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ഫണ്ട് തിരിമറി നടത്തിയെന്നായിരുന്നു ആരോപണം. സര്‍ക്കാരില്‍ നിന്ന് രണ്ട് ട്രസ്റ്റുകള്‍ക്കായി അനുവദിച്ചിരുന്ന 15.45 ലക്ഷം രൂപ ദുരുപയോഗം ചെയ്‌തെന്നാണ് കണ്ടെത്തിയത്.

ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്കായി ഒരു പ്രത്യേക സ്‌കൂള്‍ നടത്തുന്നതിന് മേഴ്‌സി മദര്‍ ഇന്ത്യ ചാരിറ്റബിള്‍ ട്രസ്റ്റിനും ഗുരുതരമായ അസ്ഥിരോഗമുള്ള കുട്ടികള്‍ക്കുള്ള സ്ഥാപനമായ ഭരണി സ്വാതി എഡ്യുക്കേഷണല്‍ ട്രസ്റ്റ് എന്ന മറ്റൊരു സംഘടനയ്ക്കും അനുവദിച്ച പണമാണ് ദുരുപയോഗം ചെയ്തത്.

1996 ല്‍ ഡി.എം.കെ അധികാരത്തില്‍ വന്നതോടെ 1997 ല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും 2004 ല്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ വിധിയായിരിക്കുന്നത്.

തടവിന് പുറമെ കേസിലെ മുഴുവന്‍ പ്രതികള്‍ക്കും 10,000 രൂപ പിഴ ശിക്ഷയും വിധിച്ചിരുന്നു. സംഭവത്തില്‍ വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പി. ഷണ്‍മുഖത്തിന് കോടതി മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചു പിഴ അടച്ചില്ലെങ്കില്‍ എല്ലാവരും ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

മന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് (പി.എ) ആയിരുന്ന ആര്‍. വെങ്കിടകൃഷ്ണനെ കോടതി വെറുതെ വിട്ടു. അന്നത്തെ സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്ന മറ്റൊരു ഐ.എ.എസ് ഉദ്യോഗസ്ഥനായ ആര്‍. കിരുബകരന്‍ വിചാരണയ്ക്കിടെ മരിച്ചതോടെ അദ്ദേഹത്തിനെതിരെയുള്ള കേസ് തള്ളിയിരുന്നു.

ശിക്ഷ പ്രഖ്യാപിച്ച ഉടനെ, കോടതി ഹാളില്‍ ഉണ്ടായിരുന്ന ഇന്ദിര കുമാരിക്ക് ശ്വാസതടസ്സമുണ്ടെന്ന് പരാതിപ്പെടുകയും പിന്നീട് ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

misappropriation govt funds 30 years ago; Former AIADMK minister jailed for five years

We use cookies to give you the best possible experience. Learn more