ന്യൂദല്‍ഹി: യു.പി യിലെ സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി ചപ്പാത്തിയും ഉപ്പും നല്‍കിയത് വീഡിയോയില്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെതിരെ വിമര്‍ശനവുമായി മിര്‍സാപൂര്‍ ജില്ലാ മജിസ്ട്രേറ്റ്.
‘പത്രമാധ്യമപ്രവര്‍ത്തകനായ താങ്കള്‍ എന്തിനാണ് വീഡിയോ പകര്‍ത്തിയത്’ ? എന്നായിരുന്നു കോടതിയില്‍ മജിസ്ട്രേറ്റിന്റെ ചോദ്യം.
പവാന്‍ ജസ്വാല്‍ ഒരു പത്രമാധ്യമപ്രവര്‍ത്തകനായിരിക്കെ ഒരു ചിത്രവും വാര്‍ത്തയും കൊടുക്കുന്നതിനു പകരം വീഡിയോ റെക്കോഡ് ചെയ്തതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു ജില്ലാ മജിസ്‌ട്രേറ്റ് ഡി.എം അനുരാഗ് പട്ടേല്‍ പറഞ്ഞത്.
മാധ്യമപ്രവര്‍ത്തകന്‍ പവന്‍ ജെയ്‌സ്വാല്‍, ഗ്രാമത്തലവന്റെ പ്രതിനിധിയായ രാജ്കുമാര്‍, ഇവര്‍ക്ക് സഹായം ചെയ്തുകൊടുത്ത മറ്റൊരാള്‍ക്കുമെതിരെയാണ് ക്രിമിനല്‍ ഗൂഢാലോചന പ്രകാരം ശനിയാഴ്ച കേസെടുത്തത്. സ്‌കൂളില്‍ ഭക്ഷണസാമഗ്രികള്‍ കുറവാണെന്നറിഞ്ഞിട്ടും ഗ്രാമ പ്രതിനിധിയും ഗൂഢാലോചനക്ക് കൂട്ടുനിന്നുവെന്നും എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നു.
സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഇത് ലംഘിച്ചുകൊണ്ട് കുട്ടികള്‍ക്ക് ചപ്പാത്തിയും ഉപ്പും നല്‍കിയ വാര്‍ത്തയാണ് ജസ്വാല്‍ പുറത്തൂകൊണ്ടുവന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പട്ടേല്‍ നടത്തിയ അന്വേഷണത്തില്‍ ഇതിനുമുന്‍പും സ്‌കൂളില്‍ കുട്ടികള്‍ക്ക് ചപ്പാത്തിയും ഉപ്പും ഭക്ഷണമായി നല്‍കിയിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. ജസ്വാല്‍ റിപ്പോട്ട് ചെയ്ത വീഡിയോ സത്യമാണെന്നു കണ്ട പട്ടേല്‍ സ്‌കൂള്‍ അധികാരിയെ സസ്പെന്റെ ചെയ്യാനും ഉത്തരവ് ഇട്ടിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് വീഡിയോ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെതിരെ ഇദ്ദേഹം രംഗത്തെത്തിയത്.
ചിലര്‍ സര്‍ക്കാരിനെ നാണം കെടുത്താന്‍ ശ്രമിക്കുകയാണെന്നായിരുന്നു ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ പ്രതികരിച്ചത്. എന്നാല്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.