| Saturday, 11th January 2020, 8:28 am

FACT CHECK: അയ്ഷി ഘോഷിന്റെ അപകടം വ്യാജമോ? ഇടതു കയ്യിലെ പ്ലാസ്റ്റര്‍ എങ്ങനെ വലതുകയ്യിലെത്തി?; യാഥാര്‍ത്ഥ്യം ഇതാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനുവരി അഞ്ച്, ആറ് തിയതികളിലാണ് ഫീസ് വര്‍ധനവിനെതിരെ പ്രതിഷേധിച്ച ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ  മുഖം മൂടി ധരിച്ചെത്തിയവര്‍ ആക്രമണം നടത്തിയത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് അയ്ഷി ഘോഷിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ആശുപത്രിയില്‍നിന്നും സമരമുഖത്തേക്ക് തിരിച്ചെത്തിയ അയ്ഷിയുടെ കയ്യിലെ പ്ലാസ്റ്റര്‍ സംബന്ധിച്ച ചര്‍ച്ചയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

വിവിധ സമയങ്ങളില്‍ അയ്ഷിയുടെ വ്യത്യസ്ത കൈകളിലായി പ്ലാസ്റ്റര്‍ ഉണ്ടാവുന്നുണ്ടെന്നും അതുകൊണ്ട് മുറിവേറ്റു എന്ന വാദം വ്യാജമാണെന്നുമാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വാദിക്കുന്നതും പ്രചരിപ്പിക്കുന്നതും.

എന്നാല്‍ ഇതിന് പിന്നിലെ വസ്തുത മറ്റൊന്നാണ്. യഥാര്‍ത്ഥ ചിത്രത്തിന്റെ മിറര്‍ ഇമേജുകൂടി ചേര്‍ത്താണ് ഈ പ്രചാരണങ്ങളൊക്കെയും. മൊബൈല്‍ ഫോണില്‍പോലും സാധ്യമാകുന്ന എഡിറ്റിങ് സംവിധാനം വഴി ഏതൊരു ചിത്രത്തിന്റെയും മിറര്‍ ഇമേജ് ഉണ്ടാക്കാന്‍ കഴിയും. യഥാര്‍ത്ഥ ചിത്രത്തിന്റെ പ്രതിബിംബമാണ് മിറര്‍ ഇമേജില്‍ പതിയുക. കണ്ണാടിയില്‍ നോക്കുന്ന അതേ അനുഭവമാണ് മിറര്‍ ഇമേജിനും.

അതായത്, ഇടതുഭാഗത്തുള്ള വസ്തുവിന്റെ പ്രതിബിംബം കണ്ണാടിയില്‍ എതിര്‍ഭാഗത്ത് പതിയുന്ന പോലെ മിറര്‍ ഇമേജിലും സംഭവിക്കും. ഇടതു കൈ മിറര്‍ ഇമേജില്‍ വലതുഭാഗത്താണ് കാണാനാവുക. നേരെ തിരിച്ചും അങ്ങനെത്തന്നെ.

അയ്ഷി ഘോഷിന്റെ ഇടത് കൈയ്യിലാണ് പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നത്. ചിത്രത്തിന്റെ മിറര്‍ ഇമേജില്‍ പ്ലാസ്റ്റര്‍ വലതുഭാഗത്തും. യഥാര്‍ത്ഥ ചിത്രവും എഡിറ്റ് ചെയ്ത ചിത്രവും ചേര്‍ത്തുവെച്ചാണ് ഇപ്പോള്‍ എ.ബി.വി.പി.യും ആര്‍.എസ്.എസും മുറിവ് വ്യാജമാണെന്ന പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത്. ആള്‍ട്ട് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയതത്‌.

കൂടാതെ, ആശുപത്രിയില്‍നിന്നും സമരമുഖത്തേക്ക് തിരിച്ചെത്തിയ ശേഷം ജനുവരി ഏഴിന് അയ്ഷി ഘോഷ് മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ ദൃശ്യമാണ് വ്യാജപ്രചാരണത്തിനായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് ട്വീറ്റ് ചെയ്തതാണ് ഈ ചിത്രം.

ഇതേ ചിത്രമെടുത്താണ് വ്യത്യസ്ത സ്ഥലങ്ങളില്‍ അയ്ഷിയെത്തിയത് ഇടതു കയ്യിലും വലതു കയ്യിലും മാറ്റി കെട്ടിയ പ്ലാസ്റ്ററുമായാണ് എന്ന് പ്രചരിപ്പിക്കുന്നത്.

എ.ബി.വി.പിയുടെ ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ആഷിഷ് ചൗഹാനടക്കമുള്ളവര്‍ അയ്ഷി നേരിട്ട ആക്രമണം വ്യാജമാണെന്ന രീതിയിലുള്ള പോസറ്റുകള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

ഇദ്ദേഹം പിന്നീട് ട്വീറ്റ് പിന്‍വലിച്ചെങ്കിലും നിരവധിപ്പേരാണ് അത് ഷെയര്‍ ചെയ്തത്. ബി.ജെ.പിയുടെ വിദേശകാര്യ ചുമതലയുള്ള ഡോ വിജയ് ചൗതെവാലെയടക്കം വ്യാജമായ ചിത്രം ഷെയര്‍ ചെയ്തിരുന്നു.

നിരവധിപ്പേര്‍ എ.ബി.വി.പിയുടേത് വ്യാജ പ്രചരണമാണെന്ന് വ്യക്തമാക്കുന്ന രേഖകളുമായി രംഗത്തെത്തിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more