Entertainment
രജിനി സാറിന് അന്നങ്ങനെ ചെയ്യേണ്ട ആവശ്യമില്ലായിരുന്നു; ഇത്രയും ആളുകൾ അദ്ദേഹത്തെ ഇഷ്ടപ്പെടാൻ കാരണമിതാണ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 11, 04:20 am
Friday, 11th August 2023, 9:50 am

സൂപ്പർ സ്റ്റാർ രജിനികാന്തിനെ ആളുകൾക്ക് ഇഷ്ടപ്പെടാൻ കാരണങ്ങൾ പലതാണ്. പ്രേക്ഷകർക്കിടയിലാണെങ്കിലും അഭിനേതാക്കൾക്കിടയിൽ ആണെങ്കിലും അദ്ദേഹത്തിനുള്ള ഫാൻബേസ് മറ്റൊരു അഭിനേതാക്കൾക്കുമില്ലെന്ന് വേണമെങ്കിൽ പറയാം. ജയിലർ എന്ന ചിത്രത്തിൻറെ വിശേഷങ്ങളും രജിനികാന്തിന്റെകൂടെ അഭിനയിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും പങ്കുവെക്കുകയാണ് നടി മിർന.

അഭിനയിക്കാൻ കഴിവില്ലെന്ന് സംവിധായകൻ ഒഴിവാക്കിയ ആളെ എല്ലാവരുടെയും അനുവാദത്തോടെ ഒരു വേഷം കൊടുക്കാൻ രജിനികാന്ത് മുൻകൈ എടുത്തെന്ന് പറയുകയാണ് മിർന. തനിക്ക് നേരിട്ട് സംവിധായകനോട് ചോദിക്കാനുള്ള അനുവാദമുണ്ടായിട്ടും അത് ഒരു അസിസ്റ്റന്റ് ഡയറക്ടറിനെക്കൊണ്ട് സംവിധായകനോട് ചോദിപ്പിക്കുകയും തന്റെ ഒപ്പം ഒരു സീനിൽ അഭിനയിക്കാനുള്ള അവസരവും രജിനികാന്ത് അയാൾക്ക്‌ കൊടുത്തെന്നും മിർന പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് മിർന.

‘രജിനി സാർ വളരെ പീസ്ഫുൾ ആയിട്ടാണ് സെറ്റിലേക്ക് വരുന്നത്. വന്നിട്ട് അപ്പോൾ തന്നെ സംവിധായകനോട് ചോദിക്കും ഇന്ന് എന്താണ് ചെയ്യേണ്ടതെന്ന്. വളരെ എനർജെറ്റിക്ക് ആയിരിക്കും എപ്പോഴും.

സ്വന്തമായിട്ട് ഐഡിയ ഉണ്ടെങ്കിൽ പോലും ‘ഞാൻ ഇതുപോലെ ചെയ്‌തോട്ടെ?’ എന്ന് മാത്രമാണ് അദ്ദേഹം ചോദിക്കുകയുള്ളു. എന്താണോ ഡയറക്ടർക്ക് വേണ്ടത് അത് അദ്ദേഹത്തിന്റെ അനുവാദത്തോടെ മാത്രമേ അദ്ദേഹം ചെയ്യുകയുള്ളൂ.

ഒരിക്കൽ വളരെ തിരക്കുള്ള സ്ഥലത്ത് ഷൂട്ട് നടന്നു. ഒരു സീൻ ചെയ്യാൻ ഒരാളെ കൊണ്ടുവന്നിരുന്നു. ആറോളം തവണ ടേക്ക് പോയി. എക്സ്ട്രാ ഒരു ക്രൗഡ് ഉള്ള സീനിൽ രജിനി സാർ അഭിനയിക്കുന്ന സീൻ ആയിരുന്നു അത്. ഈ ചേട്ടന് എത്ര ശ്രമിച്ചിട്ടും ടേക്ക് വരുന്നില്ല.

ഇപ്പോൾ ബ്രേക്ക് പോകാം അതുകഴിഞ്ഞ് ആളെ മാറ്റാമെന്ന് സംവിധായകൻ തീരുമാനിച്ചു. എന്നിട്ട് മറ്റൊരാളെ വെച്ച് അവർ അത് ചെയ്തു. സാർ അടുത്ത ദിവസം വന്നിട്ട് അസിസ്റ്റന്റ് ഡയറക്ടറെ വിളിച്ചു. നമ്മൾ ഇന്നലെ വിളിച്ച ആളെ അടുത്ത സീനിൽ എന്റെ കൂടെ നിർത്തട്ടെയെന്ന് ചോദിക്കാമോയെന്ന് സാർ അയാളോട് ചോദിച്ചു. പുള്ളി വീട്ടിലും സുഹൃത്തുക്കളോടുമെല്ലാം പടത്തിൽ അഭിനയിക്കണുണ്ടെന്ന് പറഞ്ഞിട്ടായിരിക്കില്ലേ വന്നത്, അപ്പോൾ അഭിനയിപ്പിക്കാതെ പറഞ്ഞ് വിടുന്നത് മോശമല്ലേ എന്നാണ് സാർ പറഞ്ഞത്.

സാറിന് വേണമെങ്കിൽ നെൽസൺ സാറിനോട് നേരിട്ട് ചോദിക്കാം. പക്ഷെ പുള്ളി അസിസ്റ്റന്റ് ഡയറക്ടറെ വിട്ട് ചോദിക്കുകയാണ് ചെയ്തത്. സാർ വന്ന് അതൊക്കെ ഓക്കേ ആക്കാം എന്ന് പറഞ്ഞു.

രജിനി സാർ ആ ചേട്ടന്റെ കൂടെ തോളിൽ കയ്യിട്ട് നിന്ന് ഡയലോഗ് പറയുന്ന സീൻ ആ ചിത്രത്തിൽ ഉണ്ട്. ശരിക്കും പുള്ളിക്ക് അങ്ങനെ ചെയ്യേണ്ട കാര്യമില്ല. പക്ഷെ അത്രയും ചെറിയ കാര്യം പോലും ചെയ്യാൻ അദ്ദേഹം തയ്യാറാണ്. അതുകൊണ്ടാണ് ഇത്രയും ആളുകൾ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത്,’ മിർന പറഞ്ഞു.

Content highlights: Mirna on Rajinikanth