Football
മെസിയെക്കാള്‍ മികച്ചത് റൊണാള്‍ഡോ; അനുഭവം പങ്കുവെച്ച് മുന്‍ ബാഴ്‌സലോണ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2023 Oct 24, 10:48 am
Tuesday, 24th October 2023, 4:18 pm

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി എന്നീ രണ്ട് താരങ്ങളോടോപ്പവും കളിക്കാന്‍ ഭാഗ്യം ലഭിച്ച ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് ബോസ്നിയന്‍ ഫുട്‌ബോള്‍ താരമായ മിരാലാം പ്യാനിക്.

താരം റൊണാള്‍ഡോക്കൊപ്പം യുവന്റസിലും മെസിക്കൊപ്പം ബാഴ്സയിലും കളിച്ചിട്ടുണ്ട്. താന്‍ കളിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച താരമാരാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പ്യാനിക്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം കളിക്കുമ്പോള്‍ കൂടുതല്‍ വിജയങ്ങള്‍ ആസ്വദിച്ചിരുന്നുവെന്നും റൊണാള്‍ഡോക്കൊപ്പം കളിക്കുന്നതാണ് ഏറ്റവും മികച്ചതെന്നാണ് പ്യാനിക് പറഞ്ഞത്.

‘ഞാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി ഒരുപാട് സംസാരിച്ചിരുന്നു. എനിക്ക് അദ്ദേഹവുമായി ഒരുപാട് ഓര്‍മ്മകള്‍ ഉണ്ട്. റൊണാള്‍ഡോ മികച്ച ഫുട്‌ബോളറാണ്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് അദ്ദേഹം. റൊണാള്‍ഡോക്കൊപ്പവും മെസിക്കൊപ്പവും കളിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഇവരില്‍ ആരാണ് ശക്തര്‍ എന്ന് എനിക്ക് പറയാന്‍ കഴിയില്ല. എന്നാല്‍ മെസിയേക്കാള്‍ എനിക്ക് റൊണാള്‍ഡോക്കൊപ്പമായിരുന്നു കൂടുതല്‍ താല്‍പര്യം ,’ പ്യാനിക് ഒ ജോഗോയോട് പറഞ്ഞു.

സീരി എയില്‍ യുവന്റസില്‍ റൊണാള്‍ഡോക്കൊപ്പം 77 മത്സരങ്ങളിലാണ് പ്യാനിക് പന്തുതട്ടിയത്. യുവന്റസിനൊപ്പം മൂന്ന് കിരീടങ്ങള്‍ താരം നേടിയിട്ടുണ്ട്.

ലാ ലിഗയില്‍ ബാഴ്സലോണക്കൊപ്പം പ്യാനിക് 30 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.

നിലവില്‍ പ്യാനിക് ഷാര്‍ജ എഫ്.സിയുടെ താരമാണ്. ഷാര്‍ജക്ക് വേണ്ടി 34 മത്സരങ്ങളില്‍ നിന്നും നാല് ഗോളുകളും പത്ത് അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം ലയണല്‍ മെസി എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്കും റൊണാള്‍ഡോ സൗദി ക്ലബ്ബ് അല്‍ നസറിലേക്കും ചേക്കേറി.

Content Highlight: Miralem Pjanic revelas who is the best he playing together with Messi and Ronaldo.