ഇന്ത്യൻ പ്രീമിയർ ലീഗിലെ ആവേശകരമായ മത്സരങ്ങളിൽ ഒന്നിനാണ് ഞായറാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
ഗുജറാത്ത് ടൈറ്റൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം അവസാന ഓവർ വരെ നീണ്ട് നിന്ന ആവേശത്തിനൊടുവിലാണ് അവസാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് സ്കോർ ചെയ്ത 204 റൺസ് വിജയ ലക്ഷ്യം കൊൽക്കത്ത അവസാന ഓവറിൽ മറികടക്കുകയായിരുന്നു.
വിജയ് ശങ്കർ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ എന്നിവരുടെ ബാറ്റിങ് മികവിലാണ് ഗുജറാത്ത് 204 റൺസെന്ന കൂറ്റൻ സ്കോറിലേക്കെത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത വെങ്കിടേഷ് അയ്യർ, നിതീഷ് റാണ, റിങ്കു സിങ് എന്നിവരുടെ ബാറ്റിങ് മികവിൽ ഗുജറാത്തിന്റെ കയ്യിൽ നിന്നും വിജയം പിടിച്ചെടുക്കുകയായിരുന്നു.
അവസാന ഓവറിൽ വിജയിക്കാൻ 29 റൺസ് വേണ്ട കൊൽക്കത്തക്ക് വേണ്ടി തുടർച്ചയായി അഞ്ച് സിക്സറുകൾ പറത്തി റിങ്കു സിങ് മത്സരം വിജയിപ്പിക്കുകയായിരുന്നു.
യാഷ് ദയൽ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ഉമേഷ് യദവ് സിംഗിൾ എടുത്തിരുന്നു. പിന്നീടുള്ള അഞ്ച് പന്തുകൾ തുടർച്ചയായി അതിർത്തി കടത്തിയാണ് റിങ്കു മത്സരം വിജയിപ്പിച്ചത്.
ടീമിന് അവിശ്വസനീയമായ വിജയം നേടിക്കൊടുത്ത റിങ്കുവിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് കൊൽക്കത്ത പരിശീലകനായ ചന്ദ്രകാന്ത് പണ്ഡിറ്റ്.
ക്രിക്ക് ബസിന് നൽകിയ അഭിമുഖത്തിലാണ് കൊൽക്കത്ത പരിശീലകൻ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
“അതെ, ഇതൊരു അത്ഭുതമാണ്. അതിലൊരു സംശയവുമില്ല. റിങ്കു ഈ രീതിയിൽ മനോഹരമായി ബാറ്റ് ചെയ്തത് എന്നെ അത്ഭുതപ്പെടുത്തി.
പക്ഷെ ഞങ്ങൾ ഞങ്ങളുടെ സ്വയമേയുള്ള ആത്മവിശ്വാസത്തെയും റിങ്കുവിന്റെ ആത്മവിശ്വാസത്തേയും കുറച്ചു കാണാൻ ആഗ്രഹിക്കുന്നില്ല,’ ചന്ദ്രകാന്ത് പണ്ഡിറ്റ് പറഞ്ഞു.
“ലോകത്ത് ഒരു പരിശീലകനും ആ ഒരു ഘട്ടത്തിൽ വിജയിക്കാൻ കഴിയുമോ എന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ല. പക്ഷെ ഞങ്ങൾക്ക് ടി-20 ക്രിക്കറ്റിന്റെ പ്രവചനാതീത സ്വഭാവത്തിൽ വിശ്വാസമുണ്ട്. അത് കൊണ്ട് തന്നെ നമ്മൾ വിശ്വാസം കൈവെടിയാൻ പാടില്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു.