ടി-20 ലോകകപ്പില്‍ നിലവില്‍ ഗ്രൂപ്പ് രണ്ടില്‍ നാലാം സ്ഥാനത്താണ് ബംഗ്ലാദേശ്. നാല് മത്സരങ്ങളില്‍ നാല് പോയിന്റാണ് ടീമിനുള്ളത്.
സൂപ്പര്‍ 12ല്‍ ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവരോടാണ് ബംഗ്ലാദേശ് പരാജയപ്പെട്ടത്. എന്നാല്‍ ബംഗ്ലാദേശിന് സെമി ഫൈനല്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍.
ബംഗ്ലാ കടുവകള്‍ക്ക് സെമിയില്‍ കടക്കണമെങ്കില്‍ ഒരു സാധ്യത അവശേഷിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയോ ഇന്ത്യയോ അവരുടെ അവസാന മത്സരത്തില്‍ പരാജയപ്പെടണം.
എന്നാല്‍ അതല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. താരതമ്യേന ദുര്‍ബലരായ എതിരാളികളാണ് ഇരുവര്‍ക്കും.
ഇന്ത്യ, സിംബാബ്വെയേയും ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ്സിനേയുമാണ് നേരിടുക. ഒരാള്‍ പരാജയപ്പെട്ടാല്‍ മാത്രം പോര.
ബംഗ്ലാദേശ്, പാകിസ്ഥാനെതിരെ ജയിക്കുകയും വേണം. ഇതേ സാധ്യത പാകിസ്ഥാനും നിലനില്‍ക്കുന്നുണ്ട്. ബംഗ്ലാദേശിനൊപ്പം പാകിസ്ഥാനും നാല് പോയിന്റാണുള്ളത്.
ടി-20 ലോകകപ്പില്‍ തങ്ങള്‍ക്കിനിയും സെമി ഫൈനല്‍ സാധ്യതകള്‍ അവശേഷിക്കുന്നുണ്ടെന്ന് ഉറച്ച് വിശ്വസിക്കുകയാണ് ബംഗ്ലാദേശ് താരം ടസ്‌കിന്‍ അഹമ്മദ്.
വളരെ രസകരമായാണ് മത്സരം മുന്നോട്ട് പോകുന്നതെന്നും എപ്പോള്‍ വേണമെങ്കിലും അത്ഭുതം സംഭവിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
”ഗ്രൂപ്പിലേക്ക് നോക്കൂ, എത്ര രസകരമായാണ് മത്സരം അവസാനിക്കുന്നത്. എന്ത് വേണമെങ്കിലും സംഭവിക്കാം. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ ബാഗ്ലാദേശും സെമിയില്‍ കടക്കും.
അവസാന മത്സരത്തിലും ആത്മാര്‍ത്ഥതയോടെ കളിക്കും. ആദ്യം മത്സരം ജയിക്കാനാണ് നോക്കുന്നത്. കണക്കുകൂട്ടലുകളെല്ലാം പിന്നീട്,’ ‘ടസ്‌കിന്‍ പറഞ്ഞു.
എതിരാളിയായ പാകിസ്ഥാനെ കുറിച്ചും ടസ്‌കിന്‍ സംസാരിച്ചു. പാകിസ്ഥാന്‍ മികച്ച ടീമാണെന്നുള്ളതില്‍ സംശയമൊന്നുമില്ലെന്നും എല്ലാ ഫോര്‍മാറ്റിലും അവര്‍ ശക്തരാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമെ ടീമിന് ജയിക്കാനാകൂ മുമ്പത്തേക്കാള്‍ മികച്ച ക്രിക്കറ്റ് പുറത്തെടുക്കാന്‍ ബംഗ്ലാദേശിനും സാധിക്കുന്നുണ്ടെന്നും ടസ്‌കിന്‍ കൂട്ടിച്ചേര്‍ത്തു.
നാല് മത്സരത്തില്‍ നാല് പോയിന്റോടെ പാകിസ്ഥാനൊപ്പമാണെങ്കിലും ബംഗ്ലാദേശിന് നെറ്റ് റണ്‍റേറ്റ് കുറവാണ്. -1.276 ആണ് റണ്‍റേറ്റാണ് അവര്‍ക്കുള്ളത്. വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമെ ടീമിന് എന്തെങ്കിലും സാധ്യത അവശേഷിക്കൂ.
Content Highlights: ‘Miracles can happen’ – Taskin Ahammed on Bangladesh’s semifinal chances