|

സുവര്‍ണ നേട്ടവുമായി മീരാഭായ് ചനു; ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബെര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണനേട്ടം. മീരാഭായ് ചനുവാണ് 49 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. ഗെയിംസ് റെക്കോര്‍ഡോടെയാണ് ചനുവിന്റെ സ്വര്‍ണ നേട്ടം. ഇതോടെ ഗെയിംസിന്റെ രണ്ടാം ദിനത്തില്‍ ഭാരദ്വേഹനത്തില്‍ ഇന്ത്യയുടെ മൂന്നാം മെഡലാണിത്.

ആകെ 201 കിലോ ഉയര്‍ത്തിയാണ് ചാനു സ്വര്‍ണം കരസ്ഥമാക്കിയത്. ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലെ ആദ്യ ശ്രമത്തില്‍ 109 കിലോ ഉയര്‍ത്തിയപ്പോള്‍ തന്നെ ആകെ 197 കിലോയുമായി രണ്ട് ശ്രമങ്ങള്‍ ബാക്കിയിരിക്കെ തന്നെ ചനു സ്വര്‍ണം ഉറപ്പിച്ചിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. നേരത്തെ പുരുഷ വിഭാഗം 55 കിലോ വിഭാഗത്തില്‍ സങ്കേത് സാര്‍ഗര്‍ വെള്ളിയും 61 കിലോ ഗ്രാം വിഭാഗത്തില്‍ ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു.

സ്‌നാച്ചില്‍ ആദ്യ ശ്രമത്തില്‍ 86ഉം രണ്ടാം ശ്രമത്തില്‍ 88ഉം കിലോ ഉയര്‍ത്തിയശേഷം 90 കിലോ ഗ്രാം ഉയര്‍ത്താനുള്ള മൂന്നാം ശ്രമം പരാജയപ്പെട്ടെങ്കിലും അപ്പോഴേക്കും എതിരാളികളെക്കാള്‍ 12 കിലോയുടെ ലീഡുമായി ടോക്കിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് കൂടിയായ ചനു എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലെത്തിയിരുന്നു.

2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും മീരാഭായ് ഇതേ വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 207 കിലോ ഉയര്‍ത്തിയ മീരാഭായിയുടെ പേരില്‍ തന്നെയാണ് ഈ വിഭാഗത്തിലെ ലോക റെക്കോര്‍ഡും. ടോക്യോ ഒളിമ്പിക്‌സില്‍ ചനു വെള്ളി മെഡല്‍ നേടിയിരുന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കുവേണ്ടി ആദ്യ മെഡല്‍ നേടിയ സങ്കേത് മഹാദേവ് സര്‍ഗര്‍ ആകെ 248 കിലോ ഉയര്‍ത്തിയാണ് വെള്ളി നേടിയത്. 249 കിലോ ഉയര്‍ത്തിയ മലേഷ്യയുടെ ബിന്‍ കസ്ദാന്‍ മുഹമ്മദ് അനീഖിനാണ് സ്വര്‍ണം. 225 കിലോ ഉയര്‍ത്തിയ ശ്രീലങ്കയുടെ ദിലന്‍ക ഇസുരു കുമാര യോഗദെ വെങ്കലം നേടി.

രണ്ടാം മെഡല്‍ നേടിയ ഇന്ത്യയുടെ ഗുരുരാജ പൂജാരി ആകെ 269 കിലോ ഉയര്‍ത്തിയാണ് വെങ്കലം നേടിയത്. സ്നാച്ചില്‍ 118 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 151 കിലോയും ഉയര്‍ത്തിയാണ് താരം വെങ്കല മെഡല്‍ കരസ്ഥമാക്കിയത്. ഈ ഇനത്തില്‍ മലേഷ്യയുടെ അസ്നില്‍ ബിന്‍ ബിഡിന്‍ മുഹമ്മദ് സ്വര്‍ണം നേടി. 285 കിലോ ഉയര്‍ത്തിയാണ് താരം സ്വര്‍ണം നേടിയത്. പാപ്പുവ ന്യൂ ഗിനിയയുടെ മൊറിയ ബാരു വെള്ളി നേടി.

Content Highlight: Mirabai chanu secures first gold medal for India in common wealth games 2022

Video Stories