ന്യൂദല്‍ഹി: രാജ്യം രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കിയതിന് പിന്നാലെ ഭാരത് ബയോടെകിന്റെ കൊവാക്‌സിന് അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി ദേശീയ മാധ്യമം.
ഭാരത് ബയോ ടെക്കിനുള്ള അനുമതി സമിതിയില്‍ തിരുകിക്കയറ്റിയതാണ് എന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് പുറത്തുവിട്ടിരിക്കുന്നത്. വിദഗ്ധ സമിതി യോഗത്തിന്റെ മിനുട്‌സ് ഉദ്ധരിച്ചുകൊണ്ടാണ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട്.
ആദ്യത്തെ ദിവസങ്ങളില്‍ ഭാരത് ബയോടെക്കിന്റെ വാക്‌സിന് അനുമതി ലഭിച്ചിരുന്നില്ലെന്നും എന്നാല്‍ ഏറ്റവും ഒടവിലത്തെ യോഗത്തില്‍ അനുമതി നല്‍കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്താക്കുന്നു. ഒറ്റ ദിവസത്തില്‍ സമിതിയുടെ നിലപാട് മാറിയത് എങ്ങനെയാമെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.
കൊവാക്‌സിന് അനുമതി നല്‍കാന്‍ സമതി തിടുക്കം കാട്ടിയെന്നും ഡിസംബര്‍ 30, ജനുവരി 1 തിയതികളില്‍ നടന്ന യോഗത്തില്‍ അനുമതി നല്‍കാനാവില്ലെന്ന നിലപാടെടുത്ത സമിതി രണ്ടാം തിയതി നടന്ന യോഗത്തില്‍ നിലപാട് മാറ്റുകയായിരുന്നെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡിനായി വികസിപ്പിച്ച വാക്‌സിന്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയാല്‍ വിദഗ്ധ സമിതിയാണ് വാക്‌സിന് അനുമതി നല്‍കാനുള്ള ശുപാര്‍ശ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യയ്ക്ക് നല്‍കേണ്ടത്. 30ാം തിയതിയാണ് വിദഗ്ധസമിതിയുടെ യോഗം ആദ്യം ചേരുന്നത്.
കൊവിഷീല്‍ഡ് വാക്‌സിനുമായി ബന്ധപ്പെട്ട കാര്യമാണ് അന്ന് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത്. കൊവിഷീല്‍ഡ് വാക്‌സിനുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ വിദ്ഗ്ധ സമിതി ആവശ്യപ്പെട്ടു. അത് സമര്‍പ്പിക്കാമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കൊവാക്‌സിനുമായി വാക്‌സിനുമായി ബന്ധപ്പെട്ട കാര്യം യോഗത്തില്‍ ഉയര്‍ന്നു വന്നപ്പോള്‍ മൂന്നാംഘട്ട പരീക്ഷണം നടത്താതെ ഇതിന് അനുമതി നല്‍കാനാവില്ലെന്ന നിലപാട് സമിതി എടുത്തു. മൂന്നാം ഘട്ട പരീക്ഷണത്തിന്റെ വിവരങ്ങള്‍ നല്‍കിയ ശേഷം ഇത് പരിഗണിക്കാമെന്നായിരുന്നു യോഗത്തിന്റെ തീരുമാനം.
തുടര്‍ന്ന് ഒന്നാം തിയതി വീണ്ടും യോഗം ചേര്‍ന്നു. ഈ യോഗത്തില്‍ കൊവിഷീല്‍ഡിനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ വിവരങ്ങള്‍ എല്ലാം സമിതി അംഗീകരിക്കുകയും വാക്‌സിന് അനുമതി നല്‍കുകയും ചെയ്തു.
ഇതിന് പിന്നാലെ ഭാരത് ബയോടെക് നല്‍കിയ ചില വിവരങ്ങള്‍ സമിതി പരിശോധിച്ചെങ്കിലും സമിതിക്ക് അതില്‍ തൃപ്തിയായില്ല. ഇത് മനുഷ്യരില്‍ ഫലപ്രദമാകുമെന്നോ സുരക്ഷിതമാണെന്നോ തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വേണമെന്ന് സമിതി പറഞ്ഞു.
നിങ്ങള്‍ കൂടുതല്‍ വളണ്ടിയര്‍മാരെ പരിശീലിപ്പിച്ച ശേഷം വാക്‌സിന്‍ പരീക്ഷിക്കണമെന്നും രണ്ടാഴ്ചയ്ക്ക് ശേഷം പരിശോധിക്കാം എന്നും സമിതി കമ്പനിയെ അറിയിച്ചു.
എന്നാല്‍ പിറ്റേ ദിവസം ഒരു യോഗം അടിയന്തരമായി ചേരുകയും കൊവാക്‌സിന് അനുമതി നല്‍കാന്‍ തീരുമാനമെടുക്കുകയും ചെയ്തു.
യു.കെയില്‍ നിന്ന് ജനിതകമാറ്റം സംബന്ധിച്ച വൈറസ് ഇന്ത്യയില്‍ എത്തിയെന്നും ഇതിനെ പ്രതിരോധിക്കാന്‍ കോവാക്‌സിന് സാധിക്കുമെന്നുമായിരുന്നു സമിതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഭാരത് ബയോടെക് അവകാശപ്പെട്ടത്. ഈ വാദം അംഗീകരിച്ചുകൊണ്ട് സമിതി വാക്‌സിന് അനുവാദം നല്‍കുകായിരുന്നുവെന്നാണ് മിനുട്‌സില്‍ പറയുന്നത്.
തുടര്‍ന്ന് മൂന്നാം തിയതി രണ്ട് വാക്‌സിനുകള്‍ക്ക് അനുവാദം നല്‍കുന്നുവെന്ന് ഡ്രഗ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യ അറിയിക്കുകയായിരുന്നു.
എന്നാല്‍ കോവാക്‌സിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദത്തിനെതിരെ വിമര്‍ശനവുമായി ഭാരത് ബയോ ടെക് ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ ഡോ. കൃഷ്ണ എല്ല രംഗത്തെത്തി.
പൂനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്സിന്‍ വേരിയന്റായ AZD1222 നടത്തിയ ആഗോള പരീക്ഷണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ എന്തുകൊണ്ടാണ് ആരും ചോദിക്കാത്തത് എന്നായിരുന്നു ഇദ്ദേഹത്തിന്റെ ചോദ്യം.
ജനുവരി 1 ന്, ഭരത് ബയോടെക്കിന്റെ അപേക്ഷ പരിശോധിച്ച സമിതി മ്യൂട്ടേഷന്‍ സംഭവിച്ച വൈറസിനെ നിയന്ത്രിക്കാന്‍ കോവാക്‌സിന് സാധിക്കുമെന്ന് അഭിപ്രായപ്പെട്ടെങ്കിലും ഇത് സാധൂകരിക്കാനായി കമ്പനി നല്‍കിയ വിവരങ്ങള്‍ അടിയന്തര അംഗീകാരം നല്‍കുന്നതിന് മതിയായതല്ലെന്ന് പാനലിന് തന്നെ ബോധ്യമുണ്ടായിരുന്നതായുമാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്.
”ഇതുവരെ നല്‍കിയ ഡാറ്റയില്‍ വാക്‌സിന് ശക്തമായ ആന്റിബോഡിയും ടി സെല്ലും ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് തെളിഞ്ഞിരിക്കുന്നു. നിലവില്‍ 25,800 ക്ലിനിക്കല്‍ ട്രയലുകള്‍ കമ്പനി നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ സാഹചര്യത്തില്‍ ഇത് വലിയൊരു ട്രയല്‍ ആണ്. ഇന്നുവരെ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. എന്നിരുന്നാലും ഇതിന്റെ ഫലപ്രാപ്തി സംബന്ധിച്ച കാര്യങ്ങള്‍ ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല ” എന്നായിരുന്നു ജനുവരി 1 ലെ യോഗത്തിന്റെ മിനിറ്റ്‌സില്‍ പറഞ്ഞത്. വിശദമായ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ വളണ്ടിയര്‍മാരെ നിയമിച്ച് പരീക്ഷണം വേഗത്തിലാക്കാനും സമിതി യോഗത്തില്‍ ശുപാര്‍ശ ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Minutes show how panel changed mind on Bharath Biotech Covaxin