ന്യൂദല്‍ഹി: ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന കരട് ബില്‍ കോണ്‍ഗ്രസ് തയ്യാറാക്കുന്നു. ബലാത്സംഗക്കേസുകളില്‍ നിയമപരിഷ്‌കരണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നതിന്റെ മുന്നോടിയായാണ് പുതിയ കരട് ബില്‍ കോണ്‍ഗ്രസ് തയ്യാറാക്കുന്നത്.[]
തയ്യാറാക്കിയ കരട് ബില്‍ നിയമപരിഷ്‌കരണത്തിന്റെ ചുമതലയുള്ള ജസ്റ്റിസ് ജെ.എസ് വര്‍മ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കും. ദല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലിത്തിലാണ് കോണ്‍ഗ്രസ് കരട് ബില്‍ തയ്യാറാക്കുന്നത്.
വര്‍മ കമ്മീഷന്റെ നിര്‍ദേശം ലഭിച്ചാലുടന്‍ നിയമഭേദഗതി കൊണ്ടുവരുമെന്നാണ് അറിയുന്നത്. ദല്‍ഹി സംഭവത്തിന് ശേഷം പ്രതിരോധത്തിലായ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ് പുതിയ ഭേദഗതി.
ബലാത്സംഗക്കുറ്റത്തിന് കെമിക്കല്‍ കാസ്‌ട്രേഷന്‍(രാസവസ്തു ഉപയോഗിച്ചുള്ള ഷണ്ഡീകരണം, 30 വര്‍ഷം വരെ തടവുശിക്ഷ, മൂന്ന് മാസം കൊണ്ട് കേസ് പൂര്‍ത്തിയാക്കല്‍, എന്നിവയാണ് കോണ്‍ഗ്രസിന്റെ ഭേദഗതിയില്‍ ഉണ്ടാവുക.
ഈ നിര്‍ദേശങ്ങള്‍ അടങ്ങിയ രേഖയ്ക്ക് അന്തിമരൂപം നല്‍കിയിട്ടില്ലെന്നും പലതട്ടുകളില്‍ ചര്‍ച്ച ചെയ്തശേഷം മാത്രമെ അന്തിമ തീരുമാനം എടുക്കൂ എന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
പുതിയ നിയമനിര്‍മാണത്തില്‍ സോണിയാഗാന്ധി അധ്യക്ഷയായുള്ള ദേശീയ ഉപദേശക സമിതിയേയും പങ്കാളിയാക്കുമെന്നാണ് അറിയുന്നത്. നിയമ നിര്‍മാണത്തിന് കാലതാമസം വന്നാല്‍ ഓര്‍ഡിനന്‍സ് ഇറക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നാണ് അറിയുന്നത്.
വിവിധ സ്ത്രീ സംഘടനകളും മറ്റും സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങള്‍ ജസ്റ്റിസ് വര്‍മ സമിതിക്ക് നല്‍കുമെന്നാണ് അറിയുന്നത്. കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി കൃഷ്ണാ തിരത്ത് ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു.
നിയമം ഭേദഗതി ചെയ്താല്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ക്കും വധശിക്ഷ ലഭിച്ചേക്കുമെന്നാണ് അറിയുന്നത്.