മുസ്‌ലിങ്ങള്‍ക്ക് അനര്‍ഹമായി ഒന്നും നല്‍കുന്നില്ല; ഹിന്ദു ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ വിശദീകരിച്ച് ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടര്‍
Kerala
മുസ്‌ലിങ്ങള്‍ക്ക് അനര്‍ഹമായി ഒന്നും നല്‍കുന്നില്ല; ഹിന്ദു ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ വിശദീകരിച്ച് ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd February 2021, 3:51 pm

തിരുവനന്തപുരം: സര്‍ക്കാരിന്റെ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ഒരു പ്രത്യേക മതവിഭാഗങ്ങള്‍ക്കുമാത്രമാണ് നല്‍കുന്നതെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ന്യൂനപക്ഷക്ഷേമവകുപ്പ് ഡയറക്ടര്‍.

ന്യൂനപക്ഷവിഭാഗ ആനുകൂല്യവുമായി ബന്ധപ്പെട്ട് സാമൂഹിക വിഭജനം സൃഷ്ടിക്കാനും വര്‍ഗീയത ഇളക്കി വിടാനും ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ഇന്ത്യന്‍ മുസ്ലിങ്ങളുടെ സാമൂഹിക, സാമ്പത്തിക, അവസ്ഥ പഠിച്ച സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ നീതിയുക്തമായാണ് നല്‍കുന്നതെന്നും ന്യൂനപക്ഷക്ഷേമവകുപ്പ് ഡയറക്ടര്‍ ഡോ മൊയ്തീന്‍കുട്ടി സുപ്രഭാതം ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മതവും ജാതിയും നോക്കിയാണോ സംവരണ വിഭാഗങ്ങള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നത് എന്ന ചോദ്യത്തിന് ഒരിക്കലുമല്ലെന്നും ഓരോ വിഭാഗത്തിന്റേയും സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക അവസ്ഥകള്‍ പരിഗണിച്ചാണ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

1,725.29 കോടി രൂപ ഹിന്ദു വിഭാഗങ്ങള്‍ മാത്രമുള്ള ഷെഡ്യൂള്‍ഡ് കാസ്റ്റിനും 663.27 കോടി ആ വിഭാഗത്തിലെ ഷെഡ്യൂള്‍ഡ് ട്രൈബിനും, 114.20 കോടി ഹിന്ദുക്കള്‍ അടക്കമുള്ള ഒ.ബി.സി വിഭാഗത്തിനും നല്‍കി. 42 കോടി രൂപ മുന്നോക്ക വിഭാഗ വികസനത്തിനും 48.75 കോടി രൂപ ന്യൂനപക്ഷക്ഷേമ വികസനത്തിനുമായി സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് അനുവദിച്ചിരുന്നു. മതം നോക്കിയല്ല മറിച്ച് സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഗണിച്ചാണ് സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ ബജറ്റ് വിഹിതം അര്‍ഹര്‍ക്ക് അനുവദിക്കുന്നതെന്നും മൊയ്തീന്‍കുട്ടി പറഞ്ഞു.

മദ്റസാധ്യാപകര്‍ക്ക് 2,000 കോടി സര്‍ക്കാര്‍ ശമ്പളമായി നല്‍കുന്നുവെന്ന ആരോപണത്തില്‍ വസ്തുതയില്ലെന്നും ഒരു രൂപ പോലും മദ്റസാധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളമായി നല്‍കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മദ്റസാ വിദ്യാഭ്യാസം തുടര്‍പഠനയോഗ്യതയായി പരിഗണിക്കണമെന്ന് നിര്‍ദേശമുണ്ട്. പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയിലും മുഖ്യനിര്‍ദേശങ്ങളിലൊന്ന് വിദ്യാഭ്യാസ ലഭ്യതയ്ക്കുള്ള സൗകര്യം വര്‍ധിപ്പിക്കണമെന്നാണ്.

ഏര്യാ ഇന്‍ഡന്‍സീവ് പ്രോഗ്രാമിലും, മദ്റസ ആധുനികവല്‍ക്കരണത്തിനും കേന്ദ്രസര്‍ക്കാര്‍ മുന്‍കാലങ്ങളില്‍ നല്‍കിയിരുന്ന തുക ഇപ്പോള്‍ കേരളത്തില്‍ ലഭിക്കുന്നില്ല. ഇവിടെ മദ്റസാ ക്ഷേമനിധിയുണ്ട്. 1,500 രൂപ വീതം 411 അധ്യാപകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട്. തുടക്കത്തില്‍ 800 രൂപയായിരുന്നു. അഞ്ചു വര്‍ഷം ക്ഷേമനിധിയില്‍ 100 രൂപ വിഹിതം അടച്ചവര്‍ക്കേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

മതപഠനത്തിന് മുസ്ലിങ്ങള്‍ക്ക് ഒരു രൂപപോലും സംസ്ഥാന ഖജനാവില്‍ നിന്നും നല്‍കുന്നില്ല. മറ്റു ക്ഷേമ ബോര്‍ഡുകളില്‍നിന്ന് വ്യത്യസ്തമായി ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍മാരില്‍നിന്ന് ലഭിക്കുന്ന മാസവരി സര്‍ക്കാര്‍ ട്രഷറിയിലാണ് നിക്ഷേപിക്കുന്നത്.

സര്‍ക്കാരിനു ആ പണം വികസനത്തിനോ പൊതുജനക്ഷേമത്തിനോ വിനിയോഗിക്കാം. ആ പണം സര്‍ക്കാര്‍ വിനിയോഗിക്കുന്നതിനു വകുപ്പു മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞ പോലെ സര്‍ക്കാര്‍ ഒരു ഇന്‍സെന്റീവ് നല്‍കുന്നുണ്ട്. ആ ഇന്‍സെന്റീവ് ഉപയോഗിച്ച് ബോര്‍ഡ് ചില ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. ഏറ്റവും ദുര്‍ബലരും അസംഘടിതരും പിന്നോക്കക്കാരുമായ വിഭാഗത്തിനു സര്‍ക്കാരുകളുടെ കരുതല്‍ സ്വാഭാവികമല്ലേയെന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നല്‍കുന്ന വായ്പകള്‍ക്ക് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വിവേചനം കാണിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കേന്ദ്രത്തിന്റെ പതിനഞ്ചിന പരിപാടിയിലെ നിര്‍ദേശങ്ങള്‍ മുഖ്യമായും പിന്നോക്ക ന്യൂനപക്ഷ മുസ്‌ലീങ്ങള്‍ക്ക് മാത്രമായുള്ളതാണ്. കേരളത്തില്‍ മുഴുവന്‍ മുസ്‌ലീങ്ങളെയും പിന്നോക്ക വിഭാഗമായിട്ടാണ് പരിഗണിച്ചുവരുന്നത്.

എന്നാല്‍ ക്രിസ്ത്യന്‍ സമുദായത്തിലെ ലാറ്റിന്‍ കത്തോലിക്ക, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍, ആംഗ്ലോ ഇന്ത്യന്‍സ് മുതലായവരാണ് പിന്നോക്ക സമുദായത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ക്രിസ്ത്യന്‍ സമുദായത്തിലെ മറ്റു വിഭാഗങ്ങള്‍ക്ക് മുന്നോക്ക കോര്‍പറേഷനില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനൊപ്പം ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മുന്നോക്ക സംവരണവ്യവസ്ഥ പ്രകാരം 10 ശതമാനം സംവരണവും നല്‍കിവരുന്നു. ഡോ മൊയ്തീന്‍കുട്ടി പറയുന്നു.

മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് മാത്രമായി സര്‍ക്കാര്‍ എന്തോ പ്രത്യേക സാമ്പത്തിക സഹായം നല്‍കുന്നു എന്ന പ്രചാരണം തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂര്‍വമായ ശ്രമമാണെന്നും മന്ത്രിയടക്കം ബന്ധപ്പെട്ട ഉന്നതര്‍ ഈ വിഷയം നിരവധി തവണ വിശദീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ആനുകൂല്യങ്ങള്‍ പ്രത്യേക മതവിഭാഗത്തിന് മാത്രമാണ് എന്ന പ്രചരണം തെറ്റാണെന്ന് തെളിയിക്കാനുള്ള എല്ലാ വിവരങ്ങളും ഇപ്പോള്‍ എല്ലാവര്‍ക്കും ലഭ്യമാണെന്നാണ് ഡോ മൊയ്തീന്‍കുട്ടി പറയുന്നത്. തെറ്റായ കണക്കുകളും തമ്മില്‍ ചേരാത്ത പഴയ കണക്കുകളും നിരത്തി തെറ്റിദ്ധാരണ പരത്തുന്നത് സമൂഹത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കേന്ദ്ര ഫണ്ട് ദുര്‍വിനിയോഗം ചെയ്യുന്നു എന്ന പരാതി ഉയര്‍ന്നപ്പോള്‍ കേന്ദ്ര മൈനോരിറ്റി കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ വിശദീകരണം ചോദിച്ചതും അങ്ങനെ ഒന്നില്ലന്ന് കൃത്യമായ കണക്കു സഹിതം ബോധിപ്പിച്ചതുമാണെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Minority Welfare director About Government Welfare Fund Hindu Muslim Christian