കോഴിക്കോട്: എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസിയുടെ പ്രസ്താവനയ്ക്കതെിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍.
ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുത്തതിനെതിരെ സമസ്തയും രംഗത്ത് എന്ന വാര്‍ത്ത മനോരമ ന്യൂസ് നല്‍കിയിരുന്നു. മുഖ്യമന്ത്രിക്ക് മുസ്ലിം സമുദായത്തിലെ അംഗത്തില്‍ വിശ്വാസമില്ലെന്ന് തെളിയിക്കുന്നതാണ് വകുപ്പ് തിരിച്ചെടുത്തതെന്ന് ഇ.കെ വിഭാഗം യുവജന സംഘടനയായ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയുടെ പ്രതികരണമാണ് വീഡിയോ സഹിതം മനോരമ നല്‍കിയത്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ജിഫ്രി മുത്തുകോയ തങ്ങള്‍ രംഗത്തെത്തിയത്.
ജനാധിപത്യസംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മുന്നണി സര്‍ക്കാറിന്റെ വകുപ്പുകള്‍ തീരുമാനിക്കാനും ആര്‍ക്കൊക്കെയെന്ന് നിര്‍ണയിക്കാനുമുള്ള അധികാരം നേതൃത്വം നല്‍കുന്ന ഉത്തരവാദപ്പെട്ടവര്‍ക്കൊണെന്ന് അദ്ദേഹം പറഞ്ഞു. സമസ്ത അതില്‍ ഇടപെടാറില്ലെന്നും സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ വ്യക്തമാക്കി.
വകുപ്പ് മറ്റാരെക്കാളും ഇച്ഛാശക്തിയോടെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് കഴിയുമന്നും അതിന് അദ്ദേഹം അര്‍ഹനാണന്നുമാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും സമ്മര്‍ദ ശക്തികള്‍ക്ക് വഴങ്ങിയാണ് ന്യൂനപക്ഷ വകുപ്പ് ആദ്യം നല്‍കിയവരില്‍ നിന്ന് എടുത്തു മാറ്റിയത് എന്ന പ്രചാരണമാണ് വിവാദത്തിന് വഴിയൊരുക്കിയത്. സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്ന നിലപാടുകള്‍ ഒരിക്കലും സമൂഹത്തിന് ഗുണം ചെയ്യില്ല. വകുപ്പ് മറ്റാരെക്കാളും ഇച്ഛാശക്തിയോടെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് കഴിയുമന്നും അതിന് അദ്ദേഹം അര്‍ഹനമാണെന്നുമാണ് അഭിപ്രായം. ഇത്തരം രാഷ്ട്രീയ വിവാദങ്ങളിലേക്ക് സമസ്തയെ വലിച്ചിഴക്കേണ്ടതില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില്‍ സമസ്തയ്ക്ക് ബന്ധമില്ലെന്നും തങ്ങള്‍ പറഞ്ഞു.
വകുപ്പ് ആര് കൈകാര്യം ചെയ്താലും എല്ലാ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിന് വിരുദ്ധമായത് പ്രകടമായാല്‍ അപ്പോള്‍ സമസ്ത പ്രതികരിക്കും. സമുദായങ്ങളെ തമ്മില്‍ അകറ്റാന്‍ കാരണമാകുന്ന സാഹചര്യങ്ങള്‍ ഉണ്ടാകരുത്. മുസ്ലിം സമുദായം അന്യായമായി പലതും കരസ്ഥമാക്കി എന്ന തെറ്റിദ്ധാരണാജനകമായ വിഷയത്തില്‍ സര്‍ക്കാര്‍ വസ്തുത വിശദീകരിക്കല്‍ ഉചിതമായിരിക്കുമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.
അതേസമയം, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്തതില്‍ പിന്തുണ പ്രഖ്യാപിച്ച് കാന്തപുരം വിഭാഗം രംഗത്തെത്തിയിരുന്നു. ചില വിഭാഗങ്ങളെ പ്രത്യേക വകുപ്പുകളിലേക്ക് ചുരുക്കുന്ന സ്ഥിരം കാഴ്ചകള്‍ക്ക് പകരം അവര്‍ക്ക് പൊതു വകുപ്പുകള്‍ നല്‍കി. ആ അര്‍ത്ഥത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തത് നല്ല കാര്യമാണെന്നാണ് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Minority Welfare Department: Samastha should not be dragged into political controversy; Sayyid Muhammad Jifri Muthukkoya Thangal against the statement of Nasser Faizi