മലപ്പുറം: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി നടപടിയെ പിന്തുണച്ച് മുതിര്‍ന്ന സി.പി.ഐ.എം നേതാവും മുന്‍ ന്യൂനപക്ഷ വകുപ്പ് മന്ത്രിയുമായ പാലൊളി മുഹമ്മദ് കുട്ടി.
ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം കൊണ്ടുവന്നത് യു.ഡി.എഫ് സര്‍ക്കാരാണെന്നും മുസ്‌ലീം ലീഗ് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. 80:20 അനുപാതം സാമുദായിക വിഭജനം ഉണ്ടാക്കിയെന്നും പാലൊളി കൂട്ടിച്ചേര്‍ത്തു.
ക്ഷേമപദ്ധതിയിലെ അനുപാതം എല്‍.ഡി.എഫ് നിര്‍ദേശമല്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്നും പാലൊളി പറഞ്ഞു.
80 ശതമാനം മുസ്‌ലീം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികള്‍. ഈ അനുപാതമാണ് ഇപ്പോള്‍ റദ്ദ് ചെയ്തിരിക്കുന്നത്.
ഇപ്പോഴത്തെ ജനസംഖ്യാ അനുസരിച്ച് ഈ അനുപാതം പുനര്‍ നിശ്ചയിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. നിലവിലെ അനുപാതം 2015 ലാണ് നിലവില്‍ വന്നത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.
ന്യൂനപക്ഷ ക്ഷേമ പദ്ധതികളെക്കുറിച്ച് വിവാദങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കവേയാണ് വിധി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് അനുപാതം നിലവില്‍ വന്നത്. ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തുല്യമായ രീതിയില്‍ നടപ്പിലാക്കണം. ഏറ്റവും പുതിയ ജനസംഖ്യാ കണക്കനുസരിച്ച് വേണം പുതിയ അനുപാതം ഉണ്ടാക്കാന്‍.
നിലവിലെ അനുപാതം ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ക്രൈസ്തവ വിഭാഗങ്ങള്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു.
അതേസമയം, ന്യൂനപക്ഷ പദ്ധതികളെക്കുറിച്ച് ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കഴിഞ്ഞതവണ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ.ടി ജലീല്‍ രംഗത്തെത്തിയിരുന്നു.
വി.എസ് സര്‍ക്കാരിന്റെ കാലത്തും യു.ഡി.എഫ് ഭരണ കാലയളവിലും നടപ്പിലാക്കിയ പദ്ധതികളില്‍ സ്വീകരിച്ച മുസ്ലിം ക്രിസ്ത്യ ഗുണഭോക്തൃ അനുപാതം പോലെ തന്നെയാണ് ഒന്നാം പിണറായി ഭരണത്തിലും നടപ്പിലാക്കിയിട്ടുള്ളതെന്നാണ് കെ.ടി. ജലീല്‍ പറഞ്ഞത്.
കേരളത്തിലെ മുസ്‌ലീം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ട് പാലൊളി കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പദ്ധതികളില്‍ സ്വീകരിച്ച മുസ്ലിം ക്രിസ്ത്യന്‍ ഗുണഭോക്തൃ അനുപാതം 80:20 ആണെന്ന പോലെ ഒന്നാം പിണറായി ഭരണത്തില്‍ സച്ചാര്‍ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ നടപ്പിലാക്കിയ പദ്ധതികളും 80:20 അനുപാതത്തിലാണ് നടപ്പിലാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ യു.ഡി.എഫ് ഭരണ കാലത്ത് 80:20 അനുപാതവുമായി ബന്ധപ്പെട്ടോ മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയുമായി ബന്ധപ്പെട്ടോ ഒരു പരാതി ആരും ഉയര്‍ത്തിയതായി കേട്ടിട്ടില്ലെന്നും സമാന സമീപനം ഇരു കാര്യങ്ങളിലും പിന്തുടരുക മാത്രം ചെയ്ത ഇടതുപക്ഷ സര്‍ക്കാറിനെ താറടിക്കാനും ക്രൈസ്തവ സമൂഹത്തില്‍ ഒറ്റപ്പെടുത്താനും ബി.ജെ.പിയും യു.ഡി.എഫും ചില ക്ഷുദ്ര ശക്തികളെ കൂട്ടുപിടിച്ച് നടത്തിയ കുപ്രചരണങ്ങളാണ് മുസ്‌ലീം ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കിയതെന്നും ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.
നിലവില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഏറ്റെടുത്തിട്ടുള്ളത്.