| Wednesday, 2nd June 2021, 4:33 pm

ന്യൂനപക്ഷ അനുപാതം റദ്ദാക്കല്‍; സര്‍വകക്ഷിയോഗം വിളിച്ച് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ കേരള ഹൈക്കോടതി വിധിയെ തുടര്‍ന്നുണ്ടായ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3. 30 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം.

നേരത്തെ സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളില്‍ 80:20 അനുപാതം അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുമ്പോള്‍ ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

80 ശതമാനം മുസ്‌ലീം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികള്‍. ഈ അനുപാതമാണ് ഇപ്പോള്‍ റദ്ദ് ചെയ്തിരിക്കുന്നത്.

ഇപ്പോഴത്തെ ജനസംഖ്യാ അനുസരിച്ച് ഈ അനുപാതം പുനര്‍ നിശ്ചയിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. നിലവിലെ അനുപാതം 2015 ലാണ് നിലവില്‍ വന്നത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

ന്യൂനപക്ഷ ക്ഷേമ പദ്ധതികളെക്കുറിച്ച് വിവാദങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കവേയാണ് വിധി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് അനുപാതം നിലവില്‍ വന്നത്. ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തുല്യമായ രീതിയില്‍ നടപ്പിലാക്കണം. ഏറ്റവും പുതിയ ജനസംഖ്യാ കണക്കനുസരിച്ച് വേണം പുതിയ അനുപാതം ഉണ്ടാക്കാന്‍.

ഇപ്പോള്‍ 18 ശതമാനം ക്രിസ്ത്യാനികളും 27 ശതമാനം മുസ്‌ലീം വിഭാഗക്കാരുമാണ്. പുതിയ ഉത്തരവ് നിലവില്‍ വരികയാണെങ്കില്‍ 60:40 എന്ന അനുപാതത്തിലേക്ക് വരും. എന്നാല്‍ ക്രൈസ്തവ വിഭാഗത്തിലെ പിന്നോക്ക വിഭാഗക്കാരെ മാത്രമാണ് പരിഗണിക്കുന്നതെങ്കില്‍ നിലവിലെ അനുപാതം തന്നെ തുടരേണ്ടി വരും.

80:20 അനുപാതം ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ക്രൈസ്തവ വിഭാഗങ്ങള്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ന്യൂനപക്ഷ അവകാശങ്ങള്‍ മുസ്‌ലീം ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമായി കേരളത്തിലെ ഇടത് വലത് സര്‍ക്കാരുകള്‍ നല്‍കുന്നെന്ന ക്രൈസ്തവ വിഭാഗങ്ങളുടെ പരാതിക്കൊടുവിലാണ് ഈ വകുപ്പുതന്നെ ഇത്തവണ മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുത്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Minority Welfare 80:20 All Party Meeting

We use cookies to give you the best possible experience. Learn more