അലിഗഡ് മുസ്‌ലിം യൂണിവേഴിസിറ്റിയുടെ ന്യൂനപക്ഷ പദവി തുടരാം: സുപ്രീം കോടതി
national news
അലിഗഡ് മുസ്‌ലിം യൂണിവേഴിസിറ്റിയുടെ ന്യൂനപക്ഷ പദവി തുടരാം: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th November 2024, 4:29 pm

ന്യൂദല്‍ഹി: കേന്ദ്ര സര്‍വകലാശാലയായ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ ന്യൂനപക്ഷ പദവി തുടരുമെന്ന് സുപ്രീം കോടതി. അലിഗഡ് യൂണിവേഴ്‌സിറ്റിയ്ക്ക് ന്യൂനപക്ഷ സ്ഥാപനമാണെന്ന് അവകാശപ്പെടാനാവില്ലെന്ന 1967ലെ അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. ഉത്തരവില്‍ ഏഴംഗബെഞ്ചില്‍ ഭിന്നവിധിയാണുണ്ടായത്.

അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി ഇല്ലാതാക്കുന്നതിന് അടിസ്ഥാനമായ അസീസ് ബാഷ കേസിലെ 1967ലെ വിധിയാണ് ഭൂരിപക്ഷ അഭിപ്രായത്തെ മാനിച്ച് സുപ്രീം കോടതി റദ്ദാക്കിയത്.

ന്യൂനപക്ഷ സ്ഥാപനം ന്യൂനപക്ഷങ്ങള്‍ക്ക് സ്ഥാപിക്കാമെന്നും എന്നാല്‍ സ്ഥാപനത്തെ ന്യൂനപക്ഷ അംഗങ്ങളുടെ ഭരണസംവിധാനത്തില്‍ തന്നെ വേണമെന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഒരു സ്ഥാപനത്തിന്റെ ന്യൂനപക്ഷ സ്വഭാവം അത് നിര്‍മിച്ച ചട്ടങ്ങള്‍ കാരണം നഷ്ടപ്പെടുന്നില്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്ററി നിയമനിര്‍മാണം വഴി സ്ഥാപിക്കപ്പെട്ടതിനാല്‍ മാത്രം ഒരു സ്ഥാപനത്തിന് ന്യൂനപക്ഷ പദവി നിഷേധിക്കാനാവില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കൂടാതെ ആ സ്ഥാപനത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളും ഘടകങ്ങളും വശങ്ങളും കണക്കിലെടുക്കേണ്ടതുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

ന്യൂനപക്ഷ സ്ഥാപനത്തിന്റെ ഭരണം ന്യൂനപക്ഷ വിഭാഗത്തിന്റേതാണെന്ന് തെളിയിക്കേണ്ട ആവശ്യമില്ലെന്നും ന്യൂനപക്ഷ താത്പര്യങ്ങള്‍ക്കനുസൃതമായാണോ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിച്ചാല്‍ മതിയെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.

അന്തിമവിധിയില്‍ ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ജെ.ബി. പര്‍ദ്ദിവാലയും മനോജ് മിശ്രയും ഭൂരിപക്ഷ അഭിപ്രായത്തോട് യോജിക്കുകയും ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപങ്കര്‍ ദത്ത എന്നിവര്‍ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.

1967ല്‍ എസ്.അസീസ് ബാഷ വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, കേന്ദ്രസര്‍വകലാശാലയായതിനാല്‍ അലിഗഡ് യൂണിവേഴിസിറ്റിയെ ന്യൂനപക്ഷ സ്ഥാപനമായി കണക്കാക്കാനാവില്ലെന്നായിരുന്നു വിധിച്ചത്.

1981 ല്‍ ന്യൂനപക്ഷ പദവി പാര്‍ലമെന്റ് പുനസ്ഥാപ്പിച്ചപ്പോള്‍ 2006 ജനുവരിയില്‍ അലഹബാദ് ഹൈക്കോടതി പദവി റദ്ദാക്കിക്കൊണ്ട് വിധി പ്രസ്താവിക്കുകയുമായിരുന്നു.

Content Highlight: Minority status of Aligarh Muslim University can continue: Supreme Court