| Tuesday, 10th May 2022, 2:23 pm

ഭൂരിപക്ഷം അല്ലാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി: കേന്ദ്രത്തിന് മൂന്ന് മാസത്തെ സമയം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭൂരിപക്ഷം അല്ലാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി കൂടുതല്‍ സമയം അനുവദിച്ചു. സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുന്നതിന് മൂന്ന് മാസത്തെ സമയമാണ് അനുവദിച്ചത്.

ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതിന് സംസ്ഥാനങ്ങളുമായി ചര്‍ച്ച അനിവാര്യമാണെന്ന കേന്ദ്രത്തിന്റെ ആവശ്യം അംഗീകരിച്ച് കൊണ്ടാണ് സുപ്രീംകോടതിയുടെ തീരുമാനം. ചര്‍ച്ചകളുടെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തിനോട് കോടതി നിര്‍ദേശിച്ചു.

എല്ലാ വിഷയങ്ങളിലും കോടതിക്ക് ഉത്തരവിടാന്‍ കഴിയില്ലെന്നും ഇത്തരം ചില വിഷയങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതാണ് നല്ലതെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ന്യൂനപക്ഷ വിഭാഗങ്ങളെ തീരുമാനിക്കേണ്ടത് സംസ്ഥാനങ്ങള്‍ എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ആദ്യ നിലപാട്. കേസ് പരിഗണിക്കുന്നതിന് തൊട്ടുമുന്‍പാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ഹിന്ദുക്കള്‍ ഭൂരിപക്ഷം അല്ലാത്ത സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷപദവി നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളോടും ബന്ധപ്പെട്ട കക്ഷികളോടും ചര്‍ച്ച നടത്തുമെന്നാണ് പുതിയ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരിക്കുന്നത്.

ഭാവിയില്‍ അപ്രതീക്ഷിതമായ സങ്കീര്‍ണതകള്‍ ഒഴിവാക്കാനാണ് ചര്‍ച്ചയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Content Highlights:  Minority status for Hindus: Centre seeks more time from Supreme Court citing ‘far-reaching ramifications’

We use cookies to give you the best possible experience. Learn more