ന്യൂനപക്ഷം സി.പി. ഐ.എമ്മിനെ വിശ്വസിക്കരുത്; ജിഫ്രി തങ്ങളുടെയും സുപ്രഭാതത്തിന്റെയും പേരില്‍ വ്യാജ പ്രചരണം
Kerala
ന്യൂനപക്ഷം സി.പി. ഐ.എമ്മിനെ വിശ്വസിക്കരുത്; ജിഫ്രി തങ്ങളുടെയും സുപ്രഭാതത്തിന്റെയും പേരില്‍ വ്യാജ പ്രചരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th March 2024, 4:25 pm

കോഴിക്കോട്: സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെയും സുപ്രഭാതം പത്രത്തിന്റെയും പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. ബുധനാഴ്ച മാധ്യമം പത്രത്തില്‍ പ്രസിദ്ധീകരിച്ച സി.എം.പി നേതാവ് സി.പി ജോണിന്റെ അഭിമുഖമാണ് ജിഫ്‌രി തങ്ങളുടേതെന്ന പേരില്‍ പ്രചരിക്കുന്നത്.

‘ന്യൂനപക്ഷം സി.പി.എമ്മിനെ വിശ്യസിക്കരുത് എന്ന തലക്കെട്ടോടെയാണ് മാധ്യമം സി.പി ജോണിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഈ വാര്‍ത്തക്ക് ജിഫ്‌രി തങ്ങളുടെ പേരും ചിത്രവും നല്‍കിയാണ് ഫേസ്ബുക്ക്, വാട്‌സാപ്പ് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്.

ജിഫ്‌രി തങ്ങളുടേതെന്ന പേരില്‍ സുപ്രഭാതം പത്രത്തില്‍ വന്ന ലേഖനം എന്ന അടിക്കുറിപ്പോടെയാണ് വാര്‍ത്ത പ്രചരിക്കുന്നത്.

‘ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജിഫ്‌രി തങ്ങള്‍ അറിയിച്ചു. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ വിശ്യാസി സമൂഹം തള്ളിക്കളയണം. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ നിയമ നടപടി സ്വീകരിക്കും,’ജിഫ്‌രി തങ്ങള്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ ഇടത് പാര്‍ട്ടികളുടെയും കോണ്‍ഗ്രസിനെയും കുറിച്ചുള്ള അവലോകനമാണ് സി.പി ജോണിന്റെ അഭിമുഖത്തില്‍ പറയുന്നത്. ലേഖനത്തില്‍ സി.പി.എമ്മിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

അടുത്തിടെ ലീഗും സമസ്തയിലെ ഒരു വിഭാഗം നേതാക്കളും ജിഫ്‌രി തങ്ങളും തമ്മില്‍ വലിയ വിള്ളലുകള്‍ ഉണ്ടായിരുന്നു. സി.പി.എമ്മിന്റെ വിഷയങ്ങളില്‍ ജിഫ്‌രി തങ്ങള്‍ തുടര്‍ച്ചയായി സ്വീകരിച്ചിട്ടുള്ള മൃദു സമീപനങ്ങളും വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. അതിനിടെയാണ് സി.പി.എമ്മിനെ വിമര്‍ശിക്കുന്ന ലേഖനവുമായി ജിഫ്‌രി തങ്ങളിന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്.

Content Highlight: minority should not trust cpm; cp johns interview spread fake name of jiffry thangal