| Saturday, 17th July 2021, 8:31 pm

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; വിവാദങ്ങള്‍ക്ക് പിന്നില്‍ ന്യൂനപക്ഷ താല്‍പര്യത്തേക്കാള്‍ രാഷ്ട്രീയ താല്‍പര്യങ്ങളെന്ന് ഐ.എന്‍.എല്‍.

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം സംബന്ധിച്ച് അനാവശ്യമായ ആശങ്കകള്‍ സൃഷ്ടിക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഐ.എന്‍.എല്‍. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്. വിവാദങ്ങള്‍ക്ക് പിന്നില്‍ ന്യൂനപക്ഷ താല്‍പര്യത്തേക്കാള്‍ രാഷ്ട്രീയ താല്‍പര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിറാജ് ലൈവിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പാലോളി കമ്മിറ്റി നിര്‍ദേശ പ്രകാരം നിജപ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് എണ്ണത്തില്‍ കുറവു വരുന്ന പ്രശ്‌നമില്ല. ആര്‍ക്കും ആനുകൂല്യം കിട്ടാതെവരില്ലെന്നു സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പില്‍ വിശ്വസിക്കുകയാണ്,’ അബ്ദുല്‍ വഹാബ് പറയുന്നു.

കേരളത്തില്‍ ന്യൂനപക്ഷങ്ങളുടെ കാര്യം നോക്കാന്‍ ഒരു ന്യൂനപക്ഷ സെല്‍ മാത്രമുണ്ടായിരുന്നിടത്ത് ഒരു മന്ത്രാലയമായി വികസിപ്പിച്ചത് ഇടതു സര്‍ക്കാരാണ്. ന്യൂനപക്ഷത്തിന് ഒരു സ്‌കോളര്‍ഷിപ്പ് മാത്രമല്ല ഉള്ളത്. സി.എച്ച്., മദര്‍ തെരേസ, മുണ്ടശ്ശേരി തുടങ്ങി നിരവധി പേരുകളില്‍ സ്‌കോളര്‍ഷിപ്പുകള്‍ വേറെയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ കാര്യത്തില്‍ പ്രോത്സാഹനം നല്‍കുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന ഇത്തരം ആനുകൂല്യങ്ങളെ സാമുദായികമായ അളവുകോലുകള്‍ കൊണ്ടുമാത്രം വിലയിരുത്തുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 ആനുകൂല്യം പുനക്രമീകരിക്കുന്നതിനായി മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു. 80:20
അനുപാതം ഹൈക്കോടതി റദ്ദാക്കിയതിനാലാണ് സര്‍ക്കാര്‍ നടപടി. 2011ലെ സെന്‍സസ് അനുസരിച്ചാവും പുതിയ അനുപാതം.

അതേസമയം നിലവിലുള്ള എണ്ണത്തിലോ തുകയിലോ കുറവുണ്ടാകില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. സ്‌കോളര്‍ഷിപ്പിന് 6.2 കോടി അധികമായി അനുവദിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു.

80 ശതമാനം മുസ്‌ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികള്‍. ഈ അനുപാതമാണ് കഴിഞ്ഞ മെയ് 28ന് റാദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി വന്നത്.

ഇപ്പോഴത്തെ ജനസംഖ്യ അനുസരിച്ച് ഈ അനുപാതം പുനര്‍നിശ്ചയിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതിന് അനുസൃതമായ മാറ്റത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Minority Scholarship INL Response

Latest Stories

We use cookies to give you the best possible experience. Learn more