| Wednesday, 26th June 2019, 7:48 pm

മോദി വന്നതിന് ശേഷം ക്രിസ്ത്യാനി ആക്രമിക്കപ്പെടുന്നതോ, ചര്‍ച്ച് കത്തിക്കപ്പെടുന്നതോ കണ്ടിട്ടുണ്ടോയെന്ന് കണ്ണന്താനം; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോദിക്ക് കീഴില്‍ രാജ്യത്തെ ന്യുനപക്ഷം സുരക്ഷിതമാണെന്ന് രാജ്യസഭ എം.പി അല്‍ഫോണ്‍സ് കണ്ണന്താനം. തന്റെ മുന്‍ഗാമികളെക്കാള്‍ ജനാധിപത്യവാദിയാണെന്ന് മോദിയെന്നും കണ്ണന്താനം പറഞ്ഞു.

രാജ്യത്തെ ആള്‍കൂട്ട ആക്രമണത്തിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തിയപ്പോഴായിരുന്നു അല്‍ഫോണ്‍സിന്റെ മറുപടി. ബി ജെ പി അധികാരത്തിലേറിയതിന് ശേഷം ഏതെങ്കിലും ക്രിസ്ത്യാനി ആക്രമിക്കപ്പെടുന്നതോ, ചര്‍ച്ച് കത്തിക്കപ്പെടുന്നതോ നിങ്ങള്‍ കണ്ടിട്ടുണ്ടോയെന്നും കണ്ണന്താനം ചോദിച്ചു.

എന്നാല്‍ കണ്ണന്താനത്തിന്റെ മറുപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിങ്ങള്‍ക്ക്
നേരെ നടക്കുന്ന ആക്രണങ്ങള്‍ കാണുന്നില്ലെയെന്ന് പ്രതിപക്ഷം ചോദിച്ചു.

അതേസമയം ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം തബ്രീസ് അന്‍സാരിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി പ്രതികരിച്ചു. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന് മറുപടിയായുള്ള നന്ദി പ്രമേയത്തിനിടെയാണ് മോദി ഇക്കാര്യം പരാമര്‍ശിച്ചത്.

തബ്രിസിന്റെ കൊലപാതകത്തിന് രാജ്യത്തെ മുഴുവന്‍ പ്രതിക്കൂട്ടത്തില്‍ നിര്‍ത്തുന്നത് ശരിയല്ലെന്നാണ് മോദി പറഞ്ഞത്.

‘ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ വ്യക്തിയുടെ മരണത്തില്‍ ഞങ്ങള്‍ക്കെല്ലാം ദു:ഖമുണ്ട്. പക്ഷേ അതിന് ജാര്‍ഖണ്ഡിലെ എല്ലാവരും ഉത്തരവാദിയാണെന്ന് പറയുന്നത് ശരിയാണോ? അവര്‍ രാജ്യത്തിന്റെ പൗരന്മാരാണ്. യഥാര്‍ത്ഥ ക്രിമിനലുകള്‍ ശിക്ഷിക്കപ്പെടണം.’ അദ്ദേഹം പറഞ്ഞു.

DoolNews Video

 

We use cookies to give you the best possible experience. Learn more