|

അയോധ്യാ വിധിക്കെതിരെ അഭിപ്രായപ്രകടനം നടത്തിയതിന് കേസ് ചുമത്തപ്പെട്ടവര്‍ക്ക് നിയമസഹായവുമായി മൈനോറിറ്റി റൈറ്റ്‌സ് വാച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അയോധ്യാ വിധിയെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരില്‍ പൊലീസ് കേസെടുത്തവര്‍ക്കു സൗജന്യ നിയമസഹായം നല്‍കുമെന്ന് മൈനോറിറ്റി റൈറ്റ്‌സ് വാച്ച്. കോടതിവിധിയെ വിമര്‍ശിക്കാനുള്ള പൗരസ്വാതന്ത്ര്യത്തെ കടന്നാക്രമിക്കുന്ന പൊലീസ് നീക്കം ദുരൂഹവും പ്രതിഷേധാര്‍ഹവുമാണെന്ന് അവര്‍ പറഞ്ഞു.

‘ബാബ്‌റി മസ്ജിദ് ഏകപക്ഷീയമായി ക്ഷേത്രനിര്‍മാണത്തിനു വിട്ടുകൊടുത്ത സുപ്രീംകോടതി വിധിയെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചവര്‍ക്കെതിരെ വ്യാജ കേസുകള്‍ അടിച്ചേല്‍പ്പിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

കോടതിവിധിയെ വിമര്‍ശിക്കാനുള്ള പൗരസ്വാതന്ത്ര്യത്തെ കടന്നാക്രമിക്കുന്ന പൊലീസ് നീക്കം ദുരൂഹവും പ്രതിഷേധാര്‍ഹവുമാണ്.’- മൈനോറിറ്റി റൈറ്റ്‌സ് വാച്ച് പറഞ്ഞു. minortiywatch@gmail.com എന്ന മെയില്‍ വിലാസത്തിലോ 6282221289 എന്ന നമ്പരില്‍ വാട്‌സ് ആപ്പിലോ ബന്ധപ്പെടണമെന്ന് അവര്‍ അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അയോധ്യാ വിധിയില്‍ പ്രതികരിച്ചതിന് തൃപ്പൂണിത്തുറ എം.എല്‍.എയും സി.പി.ഐ.എം നേതാവുമായ എം. സ്വരാജിനെതിരെ യുവമോര്‍ച്ച പരാതി നല്‍കിയിരുന്നു.

‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ?’ എന്നായിരുന്നു സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതു വിദ്വേഷ പ്രസ്താവനയാണെന്നു പറഞ്ഞാണ് യുവമോര്‍ച്ച ഡി.ജി.പിക്കു പരാതി നല്‍കിയത്.

യുവമോര്‍ച്ചാ അധ്യക്ഷന്‍ കെ.പി പ്രകാശ് ബാബുവാണ് പരാതി നല്‍കിയത്. അയോധ്യാ വിധി പ്രഖ്യാപനത്തിനു ശേഷം ഇട്ട പോസ്റ്റ്, ഒരു വിഭാഗം ജനങ്ങളില്‍ ആശങ്കയും അതുവഴി പരസ്പരവിശ്വാസമില്ലായ്മയും വര്‍ഗീയതയും കലാപവും ഉണ്ടാക്കാനാണു സ്വരാജ് ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.

വിധി പറഞ്ഞ സുപ്രീംകോടതിയുടെ സത്യസന്ധതയ്ക്ക് എതിരെ പരസ്യമായി അവിശ്വാസം രേഖപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്.

ശനിയാഴ്ച രാവിലെയാണ് അയോധ്യാ കേസില്‍ വിധി വന്നത്. തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും. മുസ്ലിങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കുമെന്നുമാണ് കോടതി വിധി.

Latest Stories