| Monday, 18th April 2022, 11:41 am

ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയതയുണ്ടാക്കുന്നത്; ഇതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം: എം.വി. ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ഭൂരിപക്ഷ വര്‍ഗീയത ഏറ്റവും അപകടകരമാണെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയതയുണ്ടാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഭൂരിപക്ഷ വര്‍ഗീയതയാണ് ഈ രാജ്യത്ത് ഹിന്ദു രാഷ്ട്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഹിന്ദു രാഷ്ട്രം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ന്യൂനപക്ഷ വിരോധം. ന്യൂനപക്ഷ വിരോധത്തിന്റെ ഭാഗമായാണ് സംഘര്‍ഷങ്ങള്‍ രൂപപ്പെട്ട് വരുന്നത്. സ്വഭാവികമായും ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും അപകടകാരിയായ വര്‍ഗീയത.

രണ്ട് ഭീകരതയും ജനങ്ങള്‍ക്ക് ഭീഷണിയാണ്. വര്‍ഗീയ സംഘര്‍ഷങ്ങളിലൂടെ സംഘടന ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. സര്‍ക്കാരും പൊലീസും മാത്രം വിചാരിച്ചാല്‍ അക്രമം ഒഴിവാക്കാനാവില്ലെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പാലക്കാട് ഇരട്ടകൊലപാതകത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാണെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയിരുന്നു. കുറ്റക്കാരെ വൈകാതെ പിടികൂടും. സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ എല്ലാ പാര്‍ട്ടികളും പങ്കെടുക്കുന്നത് ശുഭ സൂചനയാണെന്നും മന്ത്രി പറഞ്ഞു.

തിങ്കളാഴ്ച മൂന്നിന് പാലക്കാട് കളക്ട്രേറ്റില്‍ വെച്ചാണ് സര്‍വകക്ഷിയോഗം നടക്കുക. മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം. ബി.ജെ.പി, പോപ്പുലര്‍ഫ്രണ്ട് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് എന്നിവരാവും യോഗത്തിനെത്തുക. നിലപാട് തീരുമാനിക്കാന്‍ രാവിലെ ബി.ജെ.പി നേതാക്കള്‍ യോഗം ചേരും.

Content Highlights: Minority racism is caused by majority racism by MV Govindan

We use cookies to give you the best possible experience. Learn more