| Monday, 17th June 2024, 3:56 pm

സംസ്ഥാനത്തെ ന്യൂനപക്ഷങ്ങൾ ഭയക്കേണ്ടതില്ല; സർക്കാർ എല്ലാവരെയും ഒരുപോലെ സംരക്ഷിക്കും: സിദ്ധരാമയ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: സംസ്ഥാനത്തെ ന്യൂനപക്ഷങ്ങൾ ഭയക്കേണ്ടതില്ലെന്നും എല്ലാവരെയും സർക്കാർ ഒരുപോലെ സംരക്ഷിക്കുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹിന്ദുവോ, മുസ്‌ലിമോ, ബുദ്ധനോ, സിഖോ ആകട്ടെ അവരെ സർക്കാർ സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ ബക്രീദ് പ്രാർത്ഥനയിൽ പങ്കെടുത്ത ശേഷം ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജ്യത്തുടനീളം ഇന്ന് ബക്രീദ് ആഘോഷിക്കുന്നു. എല്ലാവരും ഭക്തിപൂർവം പ്രാർത്ഥനയിൽ പങ്കെടുക്കുകയും ലോകത്തിന്റെ ക്ഷേമത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഞാനും നിങ്ങളോടൊപ്പം ചേരുന്നു. നാമെല്ലാവരും സഹോദരങ്ങളെപ്പോലെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ജീവിക്കണം.

ഈ രാജ്യം വൈവിധ്യപൂർണമാണ്. എല്ലാ മതങ്ങളിലും ജാതികളിലും ഭാഷകളിലും പ്രദേശങ്ങളിലും ഉള്ള ആളുകൾ ഒരുമിച്ചു ജീവിക്കുന്നു. മനുഷ്യത്വമാണ് ഏറ്റവും പ്രധാനം.

എല്ലാവരും മനുഷ്യരെപ്പോലെ ജീവിക്കുകയും പരസ്പരം സ്നേഹിക്കുകയും വേണം. അതിലും പ്രധാനമായി, എല്ലാവരും സഹിഷ്ണുത വളർത്തിയെടുക്കണം. മറ്റൊരു മതത്തെ സ്നേഹിക്കാനും ബഹുമാനിക്കാനുമുള്ള മനസ് വളർത്തിയെടുക്കണം,’ മുഖ്യമന്ത്രി പറഞ്ഞു.

ബക്രീദ് ദിനത്തിൽ മുസ്‌ലിം സഹോദരങ്ങൾക്ക് അദ്ദേഹം ആശംസകൾ അറിയിക്കുകയും ചെയ്തു.

മറ്റു മതങ്ങളെ സ്നേഹിക്കാനുള്ള മനസ് വളർത്തിയെടുത്താലേ സമൂഹവും രാജ്യവും പുരോഗതി നേടുകയുള്ളൂവെന്നും അത് വഴി എല്ലാ മതത്തിൽപ്പെട്ടവരും അഭിവൃദ്ധി പ്രാപിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

സർക്കാർ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്നും ഭരണഘടനയുടെ തത്വങ്ങൾക്കനുസൃതമായാണ് ഭരണം മുന്നോട്ട് കൊണ്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

തങ്ങൾ ഒരു മതത്തെയും വേർതിരിക്കില്ലെന്നും കർണാടകയിലെ ഏഴ് കോടി ജനങ്ങളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തിതമാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

Content Highlight: Minorities need not fear, says Karnataka CM Siddaramaiah

Latest Stories

We use cookies to give you the best possible experience. Learn more