| Saturday, 7th August 2021, 2:06 pm

ദല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് ബാലികയുടെ മാതാപിതാക്കളുടെ ചിത്രം രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ടില്‍ നിന്ന് ട്വിറ്റര്‍ നീക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് ബാലികയുടെ മാതാപിതാക്കളുടെ ചിത്രം രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഡിലീറ്റ് ചെയ്ത് ട്വിറ്റര്‍.

ദേശീയ ബാലാവകാശ സംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ് ട്വിറ്ററിന്റെ നടപടി. രാഹുലിന്റെ ട്വീറ്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബാലാവകാശ സംരക്ഷണ വകുപ്പ് ആഗസ്റ്റ് 4 ന് ട്വിറ്ററിന് നോട്ടീസ് അയച്ചിരുന്നു.

രാഹുല്‍ ട്വീറ്റ് ചെയ്ത ചിത്രം പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ കാരണമാകുമെന്നും അത് നീക്കം ചെയ്യണമെന്നുമാണ് ബാലാവകാശ കമ്മീഷന്റെ നോട്ടീസില്‍ പറയുന്നത്. അക്കൗണ്ടിനെതിരെ നടപടിയെടുക്കണമെന്നും ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

നിലവില്‍ രാഹുലിന്റെ ട്വിറ്ററില്‍ ആ ചിത്രം കാണാന്‍ സാധിക്കുന്നില്ല. നോ ലോങര്‍ അവയ്‌ലെബിള്‍ എന്നാണ് കാണുന്നത്.

കൊല്ലപ്പെട്ട ഒന്‍പതുകാരിയുടെ മാതാപിതാക്കളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച സംഭവത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ് എടുത്തിരുന്നു. ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി. പരാതിയില്‍ പോക്‌സോ നിയമത്തിലെ വകുപ്പ് 23 പ്രകാരവും ശിശുസംരക്ഷണ നിയമത്തിലെ 74-ാം വകുപ്പ്, ഐ.പി.സി 228 എ വകുപ്പുകള്‍ പ്രകാരവും കുറ്റകരമായ കാര്യമാണ് രാഹുല്‍ ചെയ്തതെന്നാണ് പറയുന്നത്.

ദല്‍ഹി നങ്കലിലാണ് ഒമ്പതുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് മാതാപിതാക്കളുടെ സമ്മതമില്ലാതെ കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചെന്ന് പരാതിയുയരുകയും ചെയ്തിരുന്നു.

സംഭവത്തില്‍ പൂജാരി രാധേശ്യാം ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. നങ്കലിലെ ശ്മശാനത്തോട് ചേര്‍ന്ന വാടക വീട്ടിലാണ് കുട്ടിയും മാതാപിതാക്കളും താമസിച്ചിരുന്നത്.

പ്രദേശത്തെ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ വെള്ളം കുടിക്കാന്‍ ശ്മശാനത്തിലെ കൂളര്‍ തേടിയെത്തിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.

കുട്ടിയെ കാണാതായതോടെ അമ്മ തിരക്കിയിറങ്ങി. പിന്നാലെയെത്തിയ പൂജാരി കൂളറില്‍ നിന്നും വൈദ്യുതാഘാതമേറ്റാണ് കുട്ടി മരിച്ചതെന്ന് അമ്മയെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കരുതെന്നും അറിയിച്ചാല്‍ അവര്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ട ത്തിന് അയക്കുമെന്നും അവയവങ്ങള്‍ മോഷ്ടിക്കുമെന്നും പൂജാരി അമ്മയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇയാള്‍ തന്നെ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.

കുട്ടിയുടെ ശരീരത്തിലെ മുറിപ്പാടുകള്‍ കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുട്ടിയെ ശ്മശാനത്തില്‍ വെച്ച് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തുകയായിരുന്നു.

ഇതിനുപിന്നാലെ പൂജാരി രാധേ ശ്യാമിനെ കൂടാതെ ശ്മശാനത്തിലെ ജീവനക്കാരായ ലക്ഷ്മിനാരായണ്‍, കുല്‍ദീപ്, സാലിം എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Minor’s Rape & Murder: Twitter Removes Rahul’s Tweet Revealing Identity of Kin

We use cookies to give you the best possible experience. Learn more