| Friday, 29th November 2024, 9:14 am

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആംബുലൻസിനുള്ളിൽ വെച്ച് ബലാത്സംഗം ചെയ്തു; കസിൻ, അമ്മാവൻ എന്നിവരുൾപ്പെടെ നാല് പേർക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാൽ: മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആംബുലൻസിൽ വച്ച് ബന്ധുക്കൾ ബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. തുടർന്ന് നാല് പേർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പെൺകുട്ടിയുടെ അമ്മാവൻ, അമ്മാവന്റെ മകൾ, മകളുടെ ഭർത്താവ് , ആംബുലൻസിൻ്റെ ഡ്രൈവർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മകളുടെ ഭർത്താവിനെയും ഡ്രൈവറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് പേർ ഒളിവിലാണ്.

നവംബർ 22 നാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൊഴി പ്രകാരം കുടുംബത്തോടൊപ്പം ഒരു യാത്രയ്ക്ക് പോകാൻ അവളുടെ ബന്ധുവായ യുവതി ആവശ്യപ്പെട്ടതായി ഡി.ഐ.ജി സാകേത് പ്രകാശ് പാണ്ഡെ പറഞ്ഞു.

യാത്രയ്ക്കിടെ ബന്ധുവിൻ്റെ ഭർത്താവ് പെൺകുട്ടിയെ ആംബുലൻസിൻ്റെ പുറകിലിരുന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. നവംബർ 25നാണ് നാല് പേർക്കെതിരെയും പെൺകുട്ടി പരാതി നൽകിയത്.

സംഭവത്തിന് ഉപയോഗിച്ച വാഹനം പിടിച്ചെടുത്തതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് അനുരാഗ് പാണ്ഡെ പറഞ്ഞു. ‘ഒളിവിൽ പോയ പ്രതികളെ ഉടൻ പിടികൂടും. ഈ ആംബുലൻസിൽ വെച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും മറ്റ് ആളുകൾ ഈ കുറ്റകൃത്യത്തിന് സഹായിക്കുകയും ചെയ്തു,’ പൊലീസ് സൂപ്രണ്ട് പറഞ്ഞു.

പുലർച്ചെ പെൺകുട്ടിയെ വീടിന് സമീപം ഇറക്കി വിടുകയായിരുന്നു. ശേഷം പെൺകുട്ടി സംഭവം അമ്മയോട് പറയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പെൺകുട്ടിയും മാതാവും പൊലീസിൽ വിവരം അറിയിക്കുകയും പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Content Highlight: Minor raped inside ambulance; cousin, uncle among 4 booked in Madhya Pradesh

Latest Stories

We use cookies to give you the best possible experience. Learn more