ഫത്തേഹാബാദ്: പതിനഞ്ചുകാരിയെ കൂട്ടബലാല്‍സംഗത്തിനു ശേഷം വിഷം കൊടുത്തുകൊന്നതായി പരാതി. പെണ്‍കുട്ടിയുടെ പിതാവു നല്‍കിയ പരാതിയിന്മേല്‍ മൂന്നുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച ജോലികഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മകളെ കാണാനില്ലെന്നറിഞ്ഞതെന്നും അന്വേഷണത്തിനിടയില്‍ രണ്ടുപേര്‍ വീട്ടിലെത്തി മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പറയുകയായിരുന്നെന്നും പിതാവ് ഡി.എസ്.പിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.
ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സിവില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അര്‍ധബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടി നടന്ന കാര്യങ്ങള്‍ മാതാപിതാക്കളെ അറിയിച്ചിരുന്നു. കൂട്ടബലാല്‍സംഗത്തിനിരയാക്കിയശേഷം നിര്‍ബന്ധിച്ച് എന്തോ മരുന്നു കുടിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞതെന്ന് ഫത്തേഹാബാദ് ഡെപ്യൂട്ടി സൂപ്രണ്ട് ഗുര്‍ദയാല്‍ സിംഗ് പറഞ്ഞു.
ചികിത്സയിലിരുന്ന പെണ്‍കുട്ടി ചൊവ്വാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. കണ്ടാല്‍ തിരിച്ചറിയാവുന്ന രണ്ടു പേരെയും മറ്റൊരാളെയും പ്രതിചേര്‍ത്ത് പോസ്‌കോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇവരിലൊരാള്‍ വിഷം കഴിച്ചതിനെത്തുടര്‍ന്ന് അഗ്രോഹാ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കേസില്‍ ഇതുവരെ അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല. “പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം വിഷം അകത്തുചെന്നാണ് മരണം സംഭവിച്ചിരിക്കുന്നത്. മധുബനിലെ ഫോറന്‍സിക് ലാബിലേക്കയച്ച ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നാല്‍ മാത്രമേ വ്യക്തമായ ചിത്രം ലഭിക്കുകയുള്ളൂ.” ഡി.എസ്.പി. മാധ്യമങ്ങളോടു പറഞ്ഞു.
WATCH THIS VIDEO: