കോട്ടയം: ‘പ്രേതബാധ ഒഴിപ്പിക്കാനെന്ന’ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മന്ത്രവാദിനിയുടെ ക്രൂരമര്‍ദനം. ശരീരമാസകലം ചൂരലിന് അടിയും മര്‍ദനവുമേറ്റ പെണ്‍കുട്ടി മുറിവുകള്‍ പഴുത്ത് അണുബാധയുണ്ടായതിനെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സ തേടി.
കോട്ടയം ജില്ലയില്‍ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണ് മര്‍ദനത്തിനിരയായ പെണ്‍കുട്ടിയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
ദിവസങ്ങള്‍ക്കു മുമ്പ് ജില്ലയുടെ പടിഞ്ഞാറ് ഒരു കേന്ദ്രത്തിലായിരുന്നു സംഭവം. പെണ്‍കുട്ടിയില്‍ ‘കയറിക്കൂടിയ പ്രേതത്തെ ഒഴിപ്പിക്കാനായാണ്’ പൊലീസുകാരന്‍ മകളുമായി ഇവിടെയെത്തിയത്.
നിലത്ത് കളം വരച്ച് പെണ്‍കുട്ടിയെ അതിനുള്ളിലിരുത്തി ഹോമവും പൂജകളും ആഭിചാരക്രിയകളും നടത്തി. ഒരു ദിവസം നീണ്ട പൂജകള്‍ക്കൊടുവില്‍ തളര്‍ന്നുവീണ പെണ്‍കുട്ടിയെ ബാധയിറങ്ങിപ്പോകാനെന്ന പേരില്‍ ശരീരമാസകലം ചൂരലിന് അടിക്കുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
ആഭിചാരക്രിയകള്‍ക്കായി ഇരുപതിനായിരം രൂപ പൂജാരിക്ക് നല്‍കി. ശരീരത്തില്‍ മുറിവുകളും കടുത്ത വേദനയുമുണ്ടായതിനെ തുടര്‍ന്ന് പിറ്റേന്ന് പെണ്‍കുട്ടിയെ ഈരാറ്റുപേട്ടയിലെ ആശുപത്രിലെത്തിച്ചു.
കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ കണ്ട് സംശയം തോന്നിയ ഡോക്ടര്‍ കേസെടുക്കാതെ ചികിത്സ നടത്താനാവില്ലെന്ന് അറിയിച്ചതോടെ പൊലീസുദ്യോഗസ്ഥന്‍ മകളുമായി മടങ്ങിപ്പോയി. പിന്നീട് മുറിവുകള്‍ പഴുത്ത് അണുബാധയുണ്ടായതിനെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
WATCH THIS VIDEO: