| Friday, 28th July 2023, 11:12 pm

മധ്യപ്രദേശില്‍ പതിനൊന്നുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; രണ്ട് പേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: മധ്യപ്രദേശില്‍ പതിനൊന്നുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. മധ്യപ്രദേശിലെ ശാരദ ദേവി ക്ഷേത്രത്തിനടുത്തുള്ള കാട്ടില്‍ ചോരയില്‍ കുളിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ശരീരത്തിലാകെ കടിയേറ്റ പാടുകള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ നിലഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രതികളില്‍ ഒരാള്‍ ക്ഷേത്ര ഭരണ സമിതി നടത്തുന്ന ഗോശാലയിലാണ് ജോലി ചെയ്യുന്നതെന്നും പൊലീസ് അറിയിച്ചു.

പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും അതിജീവിതക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പുവരുത്താനും മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

ഇന്നലെ വൈകിട്ടോടെയായിരുന്നു പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് തെരച്ചില്‍ ആരംഭിച്ചിരുന്നു. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള കാട്ടില്‍ നിന്നുമാണ് ഇന്ന് രാവിലെ പെണ്‍കുട്ടിയെ കണ്ടെത്തിയത്.

കുടുംബമായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയും പെണ്‍കുട്ടിയെ മയ്ഹാര്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകമായിരുന്നു. വിവരമറിഞ്ഞ് രോഷാകുലരായ നാട്ടുകാരെല്ലാം ആശുപത്രിയിലെത്തി. പൊലീസും ജില്ലാ ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

‘ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതായുള്ള വിവരം ഞങ്ങള്‍ക്ക് ലഭിക്കുന്നത്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ രണ്ട് പ്രതികളും കസ്റ്റഡിയിലാണ്. പെണ്‍കുട്ടിയുടെ വൈദ്യപരിശോധനകള്‍ നടന്നുവരികയാണ്, ‘ മെയ്ഹാര്‍ സബ്ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ലോകേഷ് ദബാര്‍ പറഞ്ഞു.

സംഭവത്തില്‍ വിഷമമുണ്ടെന്ന് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ പ്രതികരിച്ചു. അതേസമയം, സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍ നാഥ് പറഞ്ഞു.

‘മെയ്ഹാറില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ സംഭവം അപലപനീയമാണ്. നിര്‍ഭയ കൂട്ടബലാത്സംഗം പോലെ പെണ്‍കുട്ടിയോട് മനുഷ്യത്വരഹിതമായ പെരുമാറ്റം ഉണ്ടായതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കുന്നത് സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ ശിവരാജ് ചൗഹാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് തെളിയിക്കുന്നത്,’ കമല്‍നാഥ് ട്വീറ്റ് ചെയ്തു. പെണ്‍കുട്ടിക്ക് അടിയന്തരമായി ഒരു കോടി രൂപ ധനസഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlight: Minor gang raped in madhyapradesh

We use cookies to give you the best possible experience. Learn more