| Monday, 18th March 2024, 3:12 pm

എന്റെ അച്ഛനും അമ്മയും ഇത് സ്വപ്‌നത്തില്‍ മാത്രമേ കണ്ടിട്ടുള്ളൂ, കടങ്ങള്‍ ഓരോന്നായി വീട്ടി വരുന്നു: മിന്നു മണി

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ആദ്യ കേരള താരം എന്ന നേട്ടത്തോടെ മലയാളി ക്രിക്കറ്റ് ആരാധകരുടെ ഇടനെഞ്ചില്‍ സ്ഥാനം പിടിച്ച താരമാണ് മിന്നു മണി. ഡബ്ല്യൂ.പി.എല്ലില്‍ നിന്നും ഇന്ത്യന്‍ ടീമിലെത്തിയ മിന്നു, ഇന്ത്യ എ ടീമിനെ നയിക്കുകയും ചെയ്തിരുന്നു.

ആദ്യ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത മിന്നു മണി രണ്ടാം സീസണിലും അത് ആവര്‍ത്തിച്ചു. എന്നാല്‍ രണ്ട് തവണയും കിരീടത്തിന് തൊട്ടരികിലെത്തി വീഴാന്‍ മാത്രമാണ് താരത്തിന് സാധിച്ചത്.

ഇപ്പോള്‍ വനിതാ പ്രീമിയര്‍ ലീഗില്‍ വന്നതിനെ കുറിച്ചും അത് തന്റെ ജീവിതം മാറ്റി മറിച്ചതിനെ കുറിച്ചും സംസാരിക്കുകയാണ് മിന്നു മണി. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയോടാണ് താരം ഇക്കാര്യം പറഞ്ഞത്.

‘വീടുണ്ടാക്കുന്നതിനായി എന്റെ അച്ഛനും അമ്മയും ബാങ്കില്‍ നിന്നും ഒരു ലോണ്‍ എടുത്തിരുന്നു. വീടിന്റെ തറ പണിത് പൂര്‍ത്തിയായപ്പോള്‍ ഉരുള്‍പ്പൊട്ടല്ലില്‍ എല്ലാം നശിച്ചുപോയി.

ഡബ്ല്യൂ.പി.എല്ലിന് ശേഷം സ്റ്റേറ്റ് മത്സരങ്ങളിലെ മാച്ച് ഫീയും ലഭിച്ചിരുന്നു. ഞാന്‍ ഇന്ത്യക്ക് വേണ്ടിയും കളിച്ചു. ഇതുകൊണ്ട് ഞാന്‍ ഓരോ വര്‍ഷവും കുറച്ചുകൂടി പണം സമ്പാദിക്കാന്‍ തുടങ്ങി.

ഇത് എന്റെ അച്ഛനെയും അമ്മയെയും സംബന്ധിച്ച് ഞെട്ടലുണ്ടാക്കിയ കാര്യമായിരുന്നു. കാരണം ഇത്രയും വലിയ തുകയൊക്കെ അവര്‍ സ്വപ്‌നത്തില്‍ മാത്രമാണ് കണ്ടിരുന്നത്.

ഈ പണം കൊണ്ട് ഞങ്ങള്‍ കടങ്ങളെല്ലാം വീട്ടി. ഞങ്ങളുടെ സാമ്പത്തിക ബാധ്യതകള്‍ കുറഞ്ഞു വരുന്നു. ഡബ്ല്യൂ.പി.എല്ലിന് ഒരുപാട് നന്ദി,’ മിന്നു മണി പറഞ്ഞു.

താരത്തിന്റെ വാക്കുകള്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചിട്ടുണ്ട്. ഞങ്ങള്‍ നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് ക്യാപ്പിറ്റല്‍സ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ഫൈനലില്‍ മൂന്ന് പന്തില്‍ അഞ്ച് റണ്‍സാണ് മിന്നുവിന് കണ്ടെത്താന്‍ സാധിച്ചത്. പന്തെടുത്തപ്പോള്‍ ക്യാപറ്റന്‍ സ്മൃതി മന്ഥാനയെ പുറത്താക്കാന്‍ മിന്നു മണിക്കായി.

ഫൈനലില്‍ മിന്നുവിന് തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും മറ്റൊരു മലയാളി താരം മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ആര്‍.സി.ബി സൂപ്പര്‍ ബൗളര്‍ ശോഭന ആശയാണ് ഫൈനലില്‍ തിളങ്ങിയ മലയാളി.

മൂന്ന് ഓവറില്‍ 14 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയാണ് ശോഭന റോയല്‍ ചലഞ്ചേഴ്‌സിന്റെ വിജയത്തില്‍ നിര്‍ണായകമായത്. സൂപ്പര്‍ താരങ്ങളായ മാരിസന്‍ കാപ്പിനെയും ജെസ് ജോന്നസെന്നിനെയുമാണ് താരം പുറത്താക്കിയത്.

Content Highlight: Minnu Mani says how WPL changed her life

We use cookies to give you the best possible experience. Learn more