| Wednesday, 13th March 2024, 9:41 pm

മിന്നു മണി മിന്നി...വീഴ്ത്തിയത് ഓസീസ് വജ്രായുധങ്ങളെ; വീണ്ടും വയനാടൻ തരംഗം

സ്പോര്‍ട്സ് ഡെസ്‌ക്

വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ ദല്‍ഹി ക്യാപ്പിറ്റല്‍ ഗുജറാത്ത് ജയന്റ്‌സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്.

ദല്‍ഹി ബൗളിങ്ങില്‍ മലയാളി താരം മിന്നു മണി രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് നടത്തിയത്. രണ്ട് ഓവര്‍ മാത്രം എറിഞ്ഞ താരം ഒമ്പത് റൺസ് വിട്ടുനല്‍കി കൊണ്ടാണ് രണ്ട് വിക്കറ്റുകള്‍ നേടിയത്.

ഗുജറാത്ത് താരങ്ങളായ ഫൊഈബ് ലിച്ച് ഫീല്‍ഡ്, അഷ്ലീഹ് ഗാര്‍ഡ്‌നെര്‍ എന്നിവരുടെ വിക്കറ്റുകളാണ് മലയാളി താരം വീഴ്ത്തിയത്. മത്സരത്തിന്റെ ഒമ്പതാം നാലാം പന്തില്‍ ആയിരുന്നു ഗാര്‍ഡ്‌നര്‍ പുറത്തായത്. 12 പന്തില്‍ 12 റണ്‍സ് നേടിയ ഗാര്‍ഡ്‌നറിനെ മിന്നുമണി ക്ലീന്‍ ബൗള്‍ഡ് ആക്കിയാണ് പവലിയനിലേക്ക് മടക്കിയത്.

11ാം ഓവറിലെ രണ്ടാം പന്തില്‍ ലിച്ച് ഫീല്‍ഡിനെയും പുറത്താക്കിക്കൊണ്ട് മലയാളി താരം കരുത്ത് കാട്ടി. 22 പന്തില്‍ 21 റണ്‍സ് നേടിയ ലിച്ച് ഫീല്‍ഡ് രാധ യാദവിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്.

മിന്നുമണിക്ക് പുറമെ മാരിസാനെ കാപ്പ് രണ്ട് വിക്കറ്റും ശിഖ പാണ്ടെ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി. നാല് ഓവറില്‍ 17 റണ്‍സ് വിട്ടു നല്‍കിയായിരുന്നു കാപ്പിന്റെ തകര്‍പ്പന്‍ ബൗളിങ്. മറുഭാഗത്ത് ശിഖ നാല് ഓവറില്‍ 23 റണ്‍സും വഴങ്ങി. ശേഷിക്കുന്ന ഒരു വിക്കറ്റ് ജെസ് ജൊനാസെനാണ് വീഴ്ത്തിയത്.

ഗുജറാത്ത് ബാറ്റിങ്ങില്‍ ഭാരതി ഫുല്‍മാലി 34 പന്തില്‍ 42 റണ്‍സും കത്രീന്‍ എമ്മ ബ്രസ് 22 പന്തില്‍ 28 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി. ഏഴ് ഫോറുകള്‍ ഭാരതിയുടെ ബാറ്റില്‍ നിന്നും പിറന്നപ്പോള്‍ കത്രീന്‍ നാല് ഫോറുകളും നേടി.

രണ്ടു ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ ലിച്ച് ഫീല്‍ഡ് 21 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും പത്ത് റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

Content Highlight: Minnu Mani great performance against Gujarat Gaints

We use cookies to give you the best possible experience. Learn more