| Monday, 13th February 2023, 9:00 pm

താരലേലത്തില്‍ തകര്‍പ്പന്‍ വിലയ്ക്ക്‌ സോള്‍ഡ് ഔട്ട് ആയി മിന്നു മണി; ലീഗില്‍ കളിക്കാനെത്തുന്ന ആദ്യ മലയാളി താരമെന്ന് ഖ്യാതിയും മിന്നുവിന്

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ ഐ.പി.എല്‍ താരലേലത്തില്‍ കേരളാ താരം മിന്നു മണിയെ സ്വന്തമാക്കി ദല്‍ഹി ക്യാപിറ്റല്‍സ്. ലീഗില്‍ കളിക്കാനായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരം ആയിരിക്കുകയാണ് മിന്നു മണി. 10 ലക്ഷം രൂപ ബേസ് പ്രൈസാണ് ഉണ്ടായിരുന്നത്.

എന്നാല്‍ 30 ലക്ഷം രൂപക്ക് ദല്‍ഹി സ്വന്തമാക്കുകയാണ് ചെയ്തത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നിവരും 23കാരിക്ക് പിന്നാലെയുണ്ടായിരുന്നു. ഇന്ത്യ എ ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് മിന്നു. ഇടങ്കൈ ബാറ്ററായ മിന്നു ഓഫ് സ്പിന്നര്‍ കൂടിയാണ്. നേരത്തെ, മറ്റൊരു മലയാളി താരം നജ്ല സി.എം.സി അണ്‍സോള്‍ഡായിരുന്നു.

സ്‌കൂള്‍ കാലത്ത് തന്നെ അത്‌ലറ്റിക്‌സിലും മറ്റും പങ്കെടുത്ത മിന്നുമണിയുടെ സ്വപ്നം ക്രിക്കറ്റ് തന്നെയായിരുന്നു. ആണ്‍കുട്ടികള്‍ക്കൊപ്പം വയലില്‍ ക്രിക്കറ്റ് കളിച്ചാണ് മിന്നു വളര്‍ന്നത്. വയനാടിലെ എടപ്പാടി സ്വദേശിയാണ് മിന്നു.

അതേസമയം, 3.40 കോടി രൂപക്ക് ഇന്ത്യന്‍ സൂപ്പര്‍ താരം സ്മൃതി മന്ദാനയെ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കിയിരുന്നു. മന്ദാന ബെംഗളൂരുവില്‍ എത്തുന്നതോടെ ഇന്ത്യന്‍ ടീമിന്റെ രണ്ട് 18ാം നമ്പറുകാരും ടീമിനൊപ്പം ചേരും. മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ഐക്കോണിക് ജേഴ്സി നമ്പറാണ് 18.

സച്ചിന്‍ പത്താം നമ്പറിനെ പ്രശസ്തിയിലേക്കുയര്‍ത്തിയതുപോലെ ക്രിക്കറ്റില്‍ ഏഴാം നമ്പറിന്റെ പര്യായം ധോണിയായതുപോലെ 18ാം നമ്പര്‍ വിരാടിനെ കുറിക്കുന്നതാണ്.

ഇന്ത്യന്‍ ടീമിന്റെ രണ്ട് 18ാം നമ്പറുകാരെയും ആര്‍.സി.ബി പൊക്കിയതോടെ ഇന്ത്യന്‍ ടീമിന്റെ രണ്ട് ക്യാപ്റ്റന്‍മാരെയും പൊക്കിയാണ് മുംബൈ ഇന്ത്യന്‍സ് വനിതാ ഐ.പി.എല്ലില്‍ വരവറിയിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ 1.80 കോടി രൂപക്കാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.

ഇന്ത്യയെ ആദ്യമായി വനിതാ ക്രിക്കറ്റില്‍ കിരീടം ചൂടിച്ച ഷെഫാലി വര്‍മയെ ദല്‍ഹി ക്യാപ്പിറ്റല്‍സ് ആണ് സ്വന്തമാക്കിയത്. രണ്ട് കോടി രൂപക്കാണ് താരത്തെ ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയത്. ഇതിന് പുറമെ 2.20 കോടി രൂപക്ക് ജമൈമ റോഡ്രിഗസിനെയും ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയിരുന്നു.

3.20 കോടി രൂപക്ക് ആഷ്ലീഗ് ഗാര്‍ഡ്നറിനെ സ്വന്തമാക്കിയാണ് ഗുജറാത്ത് ജയന്റ്സ് സ്വന്തമാക്കിയത്. ഐ.എല്‍. ടി-20യില്‍ ഗള്‍ഫ് ജയന്റ്സ് കപ്പടിച്ചതിന്റെ അതേ ആവേശമായിരുന്നു ഓക്ഷന്‍ ടേബിളില്‍ ജയന്റ്സിനുണ്ടായിരുന്നത്. വനിതാ ഐ.പി.എല്ലിലെ ഏറ്റവും മികച്ച പിക്കുകളിലൊന്നായ ഓസീസ് ഹാര്‍ഡ് ഹിറ്റര്‍ വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ വിസ്മയം കാട്ടുമെന്നുറപ്പാണ്.

Content Highlights: Minnu Mani goes to Delhi Capitals for INR 30 Lakhs

We use cookies to give you the best possible experience. Learn more