| Thursday, 9th March 2023, 8:14 pm

ഇത് ചരിത്രം, മലയാളികളേ നിങ്ങള്‍ ആവേശത്തിരയേറിക്കൊള്ളൂ... മിന്നു ഇറങ്ങുകയാണ്

സ്പോര്‍ട്സ് ഡെസ്‌ക്

വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം കുറിച്ച് മലയാളി താരം മിന്നു മണി. ക്ലാഷ് ഓഫ് ദി ടൈറ്റന്‍സ് എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ദല്‍ഹി ക്യാപ്പിറ്റല്‍സ് – മുംബൈ ഇന്ത്യന്‍സ് മത്സരത്തിലാണ് മിന്നു അരങ്ങേറ്റം കുറിക്കുന്നത്.

ഡബ്ല്യൂ.പി.എല്ലില്‍ 30 ലക്ഷം രൂപക്കായിരുന്നു മിന്നു മണിയെ ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയത്. അന്നുമുതല്‍ ദല്‍ഹിയുടെ ഓരോ മത്സരത്തിലും മിന്നു അരങ്ങേറുന്നത് കാണാന്‍ വേണ്ടിയാണ് മലയാളികള്‍ ഒന്നടങ്കം കാത്തിരുന്നത്. വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ആദ്യ മലയാളി താരമായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മിന്നു.

മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് വരും മത്സരങ്ങളിലും താരം പ്ലെയിങ് ഇലവനില്‍ ഉണ്ടാകുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

അരങ്ങേറ്റ മത്സരം തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ മുംബൈ ഇന്ത്യന്‍സിനെതിരെയാണ്. ലോകോത്തര താരങ്ങള്‍ അണിനിരക്കുന്ന മുംബൈ നിരക്കെതിരെ ടെന്‍ഷനില്ലാതെ താരം കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അതേസമയം, ടോസ് നേടിയ ദല്‍ഹി ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. ഏഴ് ഓവര്‍ പിന്നിട്ടപ്പോഴേക്കും 32 റണ്‍സിന് മൂന്ന് മുന്‍നിര വിക്കറ്റുകള്‍ ക്യാപ്പിറ്റല്‍സിന് നഷ്ടമായിരിക്കുയാണ്.

ആറ് പന്തില്‍ നിന്നും രണ്ട് റണ്‍സുമായി പുറത്തായ ഷെഫാലി വര്‍മയുടെ വിക്കറ്റാണ് ദല്‍ഹിക്ക് ആദ്യം നഷ്ടമായത്. മുംബൈ ഇന്ത്യന്‍സിന്റെ ഏയ്‌സ് സയ്ക ഇഷാഖിന് മുമ്പില്‍ ഷെഫാലി ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

പിന്നാലെയെത്തിയ അലീസ് ക്യാപ്‌സിയും മരീസന്‍ കാപ്പും വളരെ പെട്ടെന്ന് പുറത്തായി. ക്യാപ്റ്റന്‍ മെഗ് ലാനിങ്ങും ജെമീമ റോഡ്രിഗസുമാണ് ക്രീസില്‍.

ദല്‍ഹി ക്യാപ്പിറ്റല്‍സ്

മെഗ് ലാനിങ്, ഷെഫാലി വര്‍മ, അലീസ് കാപ്‌സി, മാരീസന്‍ കാപ്, ജെമീമ റോഡ്രിഗസ്, ജെസ് ജോനാസെന്‍, താനിയ ഭാട്ടിയ, മിന്നു മണി, ശിഖ പാണ്ഡേ, രാധ യാദവ്, ടാക നോറിസ്.

മുംബൈ ഇന്ത്യന്‍സ്

ഹെയ്‌ലി മാത്യൂസ്, യാഷ്ചിക ഭാട്ടിയ, നാറ്റ് സ്‌കിവര്‍ ബ്രണ്ട്, ഹര്‍മന്‍പ്രീത് കൗര്‍, അമേല കേര്‍, പൂജ വസ്ത്രാര്‍കര്‍, ഇസി വോങ്, ഹുമൈറ കാസി, അമന്‍ജോത് കൗര്‍, ജിന്തിമണി കാലിത, സയ്ക ഇഷാഖ്.

Content Highlight: Minnu Mani debutes in WPL

We use cookies to give you the best possible experience. Learn more