പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ടൊവിനോ ചിത്രം ‘മിന്നല്‍ മുരളി’ ഈ മാസം 24 ന് ഇന്ത്യന്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീം ചെയ്യും. ടൊവിനോ തോമസ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ സ്ട്രീമിംഗിന്റെ സമയം പുറത്ത് വിട്ടത്.
ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യക്ക് പുറത്തേക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് മിന്നല്‍ മുരളി പ്രേക്ഷകരിലേക്കെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്ന ചിത്രത്തിന്റെ പ്രൊമോഷനുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ചര്‍ച്ചയായിരുന്നു.
മുംബെ ജിയോ മാമി ഫിലിം ഫെസ്റ്റിവലില്‍ കഴിഞ്ഞ 17 ന് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. പ്രദര്‍ശനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കെ.എസ്.ആര്‍.ടി.സി ബസിലെ സ്റ്റിക്കറുകള്‍ മുതല്‍ കോമികും പരസ്യചിത്രങ്ങളുമുള്‍പ്പെടെയുള്ള പ്രൊമോഷനുകള്‍ വമ്പന്‍ ഹൈപ്പാണ് ചിത്രത്തിന് നേടികൊടുത്തിരിക്കുന്നത്.
ബാംഗ്ലൂര്‍ ഡേയ്സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് മിന്നല്‍ മുരളി നിര്‍മിക്കുന്നത്.
കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നല്‍ മുരളി. ബേസില്‍- ടൊവിനോ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്.
ടൊവിനോ തോമസിനെ കൂടാതെ അജു വര്‍ഗീസ്, തമിഴ്താരം ഗുരു സോമസുന്ദരം, മാമുക്കോയ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.