| Monday, 20th December 2021, 11:55 am

മുരളിയെക്കുറിച്ചുള്ള ലീഡ് കിട്ടി സാറെ, ആള് ലാലേട്ടന്‍ ഫാനാ; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കോമിക് പ്രൊമോഷന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ദിവസമാണ് ഡിസംബര്‍ 24. അന്നാണ് മലയാളത്തിലെ ആദ്യസൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്നത്. വമ്പന്‍ ഹൈപ്പുമായി എത്തുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് മലയാളികള്‍ കാത്തിരിക്കുന്നത്. ഓരോ ദിവസവും ഇറങ്ങുന്ന പ്രൊമോകളും ചിത്രത്തിന്റെ ഹൈപ്പ് ഉയര്‍ത്തുന്നതേയുള്ളൂ.

ഇപ്പോഴിതാ മിന്നല്‍ മുരളിയുടെ കോമിക് പ്രൊമോഷനും പുറത്ത് വന്നിരിക്കുകയാണ്. തിങ്കളാഴ്ചത്തെ മലയാള മനോരമ പത്രത്തിലാണ് മിന്നല്‍ മുരളിയുടെ കോമിക് പ്രൊമോഷന്‍ അച്ചടിച്ച് വന്നിരിക്കുന്നത്. കോമികിന്റെ ഇതിവൃത്തമിങ്ങനെ:

ജോലി പോയതില്‍ പ്രതിഷേധിച്ച യുവാവിനെ എസ്.ഐ സാജന്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് മര്‍ദ്ദിക്കുന്നു. പൊടുന്നനെ അവിടെ പ്രത്യക്ഷപ്പെട്ട മിന്നല്‍ മുരളി എസ്.ഐയെ ഇടിച്ച് കിണറ്റിലിടുന്നു. എസ്.ഐയെ കിണറ്റില്‍ നിന്നും വലിച്ചെടുക്കുന്നയാള്‍ പറയുന്നതിങ്ങനെ, ‘മുരളിയെ കുറിച്ചുള്ള ലീഡ് കിട്ടി സാറെ, ആള് ലാലേട്ടന്‍ ഫാനാ’.

ബാലവാരികകളിലൊക്കെ പണ്ട് വന്നുകൊണ്ടിരുന്ന ചിത്രകഥകളെ അനുസ്മരിപ്പിക്കും വിധം മനോഹരമായിട്ടാണ് കാര്‍ട്ടൂണ്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഈ കോമിക് പ്രൊമോഷനും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

കഴിഞ്ഞ ദിവസം ഗ്രേറ്റ് ഖാലിയോടൊപ്പമുള്ള പ്രൊമോ വീഡിയോയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മിന്നല്‍ മുരളിയുടെ സ്റ്റിക്കര്‍ ഒട്ടിച്ചു കൊണ്ടാണ് പ്രൊമോഷന് തുടക്കം കുറിച്ചത്.

ബിഗ് ബഡ്ജററ്റില്‍ ഒരുങ്ങുന്ന മിന്നല്‍ മുരളി സംവിധാനം ചെയ്തത് ബേസില്‍ ജോസഫാണ്.ടൊവിനോ തോമസിനെ കൂടാതെ അജു വര്‍ഗീസ് , തമിഴ് ചലച്ചിത്ര താരം ഗുരു സോമസുന്ദരം, മാമുക്കോയ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: minnal murali new comic promotion

We use cookies to give you the best possible experience. Learn more