Minnal Murali Review| ടൊവിനോയല്ല, തിരക്കഥയും സംവിധാനവും സൂപ്പര്‍ഹീറോസാവുന്ന ബേസിലിന്റെ മിന്നല്‍ മുരളി
Film Review
Minnal Murali Review| ടൊവിനോയല്ല, തിരക്കഥയും സംവിധാനവും സൂപ്പര്‍ഹീറോസാവുന്ന ബേസിലിന്റെ മിന്നല്‍ മുരളി
അന്ന കീർത്തി ജോർജ്
Saturday, 25th December 2021, 7:41 am

പ്രതീക്ഷകളും റിപ്പോര്‍ട്ടുകളുമെല്ലാം ശരിവെച്ചിരിക്കുകയാണ് ബേസില്‍ ജോസഫിന്റെ മിന്നല്‍ മുരളി. അടുത്ത കാലത്തായി ഒരു പടം കണ്ട് ഇങ്ങനെ ഗൂസ്ബംപ്‌സ് മൊമന്റ്‌സ് ഉണ്ടായിട്ടില്ല. ഞങ്ങള്‍ക്കുമുണ്ടടാ സൂപ്പര്‍ഹീറോ എന്ന് പടം കാണുന്ന സമയത്ത് പലതവണ പറയാന്‍ തോന്നി. സത്യത്തില്‍ ടൊവിനോയല്ല, തിരക്കഥയും സംവിധാനവുമാണ് മിന്നല്‍ മുരളി എന്ന സിനിമയിലെ യഥാര്‍ത്ഥ സൂപ്പര്‍ ഹീറോസ്.

വലിയ ഹൈപ്പില്‍ വരുന്ന പടങ്ങള്‍ക്ക് പ്രേക്ഷകരുടെ പ്രതീക്ഷക്കൊപ്പം നില്‍ക്കുക എന്നത് അത്ര എളുപ്പമാകാറില്ല. എന്നാല്‍ മിന്നല്‍ മുരളി അക്കാര്യത്തില്‍ ഒരു വന്‍വിജയമാണ്. അണിയറ പ്രവര്‍ത്തകര്‍ എന്താണോ അവകാശപ്പെട്ടത് അതിനപ്പുറമെത്തുന്ന അനുഭവമാണ് സിനിമ ആദ്യ കാഴ്ചയില്‍ തരുന്നത്.

സിനിമയുടെ മാറിവരുന്ന വികാരങ്ങളുടെ ഗ്രാഫിനൊപ്പം പ്രേക്ഷകരെ കൊണ്ടുപോകാന്‍ മിന്നല്‍ മുരളിക്കാകുന്നുണ്ട്. കഥാസന്ദര്‍ഭങ്ങളെ ഏറ്റവും ഭംഗിയായി ചേര്‍ത്തുവെച്ചുകൊണ്ട്, വ്യത്യസ്തമായ രംഗങ്ങളില്‍ ‘ബേസില്‍ ടച്ച്’ വരുന്ന പ്രത്യേത കണക്ഷന്‍ കൊടുത്തുകൊണ്ടാണ് സിനിമ മുന്നോട്ടുപോകുന്നത്.

കുഞ്ഞിരാമായണത്തിലെ ദേശത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രത്യേക തരം സെറ്റിങ്ങാണ് കുറുക്കന്‍മൂലയിലേത്. റിയലിസ്റ്റിക്കായ കാര്യങ്ങളും ഫാന്റസിയും ചേര്‍ന്നുള്ള ബേസില്‍ യൂണിവേഴ്‌സിലെ ഒരു ഗ്രാമം. കുറുക്കന്‍മൂലയിലെ വീടുകളിലും ആളുകളുടെ വസ്ത്രത്തിലുമെല്ലാം ആ ഫാന്റസിയുടെ ചേരുവകള്‍ കാണാം.

മിന്നല്‍ മുരളിയിലെ സ്റ്റോറിലൈന്‍ വളരെ ലളിതമായ ഒരു കഥയാണ്. അതിനെ ഗംഭീരമാക്കുന്നത് തിരക്കഥയാണ്, സംവിധാനവും മികച്ച മേക്കിങ്ങ് സ്റ്റൈലും ചേര്‍ന്ന് ആ തിരക്കഥയെ അതിലും മികച്ച സിനിമാറ്റിക് അനുഭവമാക്കി മാറ്റുന്നു.

വിദേശ സൂപ്പര്‍ഹീറോ സിനിമകളിലെ കുറെ ഇമേജറീസ് മിന്നല്‍ മുരളിയില്‍ കാണാമെങ്കിലും അതിനെ നമ്മുടെ നാട്ടിലും തൊട്ടടുത്ത വീട്ടിലും നടക്കുന്ന രീതിയില്‍ പ്ലേസ് ചെയ്തിരിക്കുന്നിടത്താണ് സിനിമ വിജയമാകുന്നത്. ജെയ്‌സന്റെ കുട്ടിക്കാലം, അച്ഛനെ കുറിച്ചുള്ള ഭാഗങ്ങള്‍, ജെയ്‌സണ്‍ മിന്നല്‍ മുരളിയാണെന്ന് മനസിലാക്കി കൂടിനില്‍ക്കുന്ന അനന്തരവന്‍, ഷിബുവിന്റെ ജീവിതത്തിലെ ദുരിതങ്ങള്‍, നാട്ടുകാരിലെ ചിലരുടെ പ്രവര്‍ത്തികള്‍, ബസിലെ സീന്‍, മിന്നലിന്റെ ശക്തിയെ കുറിച്ച് പറയുന്ന ശാസ്ത്രീയതകള്‍ എന്നിവയൊക്കെ ഉദാഹരണങ്ങളാണ്. പക്ഷെ, ദൂരദര്‍ശനില്‍ മിന്നലിനെ കുറിച്ച് പറഞ്ഞു തുടങ്ങുന്ന ആദ്യ സീന്‍ മുതല്‍ നല്ല നാടന്‍ സൂപ്പര്‍ഹീറോയെ പ്രേക്ഷകന് ലഭിക്കുകയാണ്.

അരുണ്‍ അനിരുദ്ധിന്റെയും ജസ്റ്റിന്‍ മാത്യുവിന്റെയും തിരക്കഥയിലെ ഭംഗിയും പുതുമയും ഏറ്റവും കൂടുതല്‍ കാണാന്‍ സാധിച്ചത് ജെയ്‌സണ്‍ – ഷിബു എന്നിവരുടെ സമാന്തരമായി പോകുന്ന സ്‌റ്റോറിലൈനും അവര്‍ തമ്മില്‍ അറിഞ്ഞും അറിയാതെയും നടക്കുന്ന സംഘര്‍ഷങ്ങളിലുമാണ്.

വി.എഫ്.എക്‌സ് സിനിമക്ക് ഏറ്റവും യോജിച്ച രീതിയില്‍, ‘ദേ വന്നു വി.എഫ്.എക്‌സ്’ എന്നൊരു തോന്നലുണ്ടാക്കാതെയാണ് ഉപയോഗിച്ചിരിക്കുന്നത്. ക്ലൈമാക്‌സിലടക്കം ആ കയ്യടക്കമുണ്ട്. മുഴച്ചുനില്‍ക്കലുകളില്ലാതെ മിന്നല്‍ മുരളിയുടെ സൂപ്പര്‍ പവറുകള്‍ കാണിച്ചിരിക്കുന്നിടത്താണ്
ബേസില്‍ ജോസഫ് ബ്രില്യന്‍സ് വ്യക്തമായി കാണാനാവുക.

സമീര്‍ താഹിറിന്റെ വിഷ്വല്‍സ് മിന്നല്‍ മുരളിക്ക് നല്‍കുന്ന മികവ് എടുത്തുപറയേണ്ടതാണ്. ഫ്രെയിം ചെയ്ത് സൂക്ഷിക്കാന്‍ തോന്നുന്ന ഒരുപിടി ഷോട്ടുകള്‍ സിനിമയിലുണ്ട്. ചിത്രത്തിലെ പാട്ടുകളും ബി.ജി.എമ്മും സിനിമയുടെ ആസ്വാദനത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിക്കുന്നുണ്ട്. സുഷിന്‍ ശ്യാമിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോറും ഷാന്‍ റഹ്മാന്റെ പാട്ടുകളും മിന്നല്‍ മുരളിയുടെ അനുഭവത്തിന് പൂര്‍ണത നല്‍കും.

ഗുരു സോമസുന്ദരം ചെയ്ത ഷിബുവാണ് ചിത്രത്തിലെ ഏറ്റവും മികച്ച കഥാപാത്രസൃഷ്ടി. ടൊവിനോയുടെ മിന്നല്‍ മുരളിയെ കാണാന്‍ ആഗ്രഹിച്ചു ചെന്ന് ഗുരുവിന്റെ ഷിബുവിനോടൊപ്പം മനസ് നില്‍ക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ ഗുരു സോമസുന്ദരം തന്റെ കഥാപാത്രത്തെ അതിഗംഭീരമായി ചെയ്തിട്ടുണ്ട്. ഷിബു കടന്നുപോകുന്ന വ്യത്യസ്തമായ മാനസികാവസ്ഥകളും സമ്മര്‍ദങ്ങളും – സങ്കടം, നഷ്ടബോധം, അപമാനിക്കുകയും അവഗണിക്കുകയും ചെയ്യപ്പെടുന്നത്, പ്രണയം, കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥ- എന്നിങ്ങനെയുള്ള സങ്കീര്‍ണ്ണതകളെയെല്ലാം പ്രേക്ഷകനില്‍ ആഴത്തില്‍ പതിപ്പിക്കാന്‍ നടന് കഴിയുന്നുണ്ട്. ബാറ്റ്മാനിലെ ജോക്കറിനെ പോലെ പ്രത്യേക ആരാധകവൃന്ദം ഷിബുവിനുമുണ്ടായേക്കാം.

ജെയ്‌സണ്‍ വര്‍ഗീസും മിന്നല്‍ മുരളിയുമായി ടൊവിനോ കിടിലന്‍ പ്രകടനം തന്നെയാണ് നടത്തിയിരിക്കുന്നത്. കോമഡി കൈകാര്യം ചെയ്യുന്നതില്‍ ടൊവിനോ കുറച്ചു കൂടി ഫ്‌ളെക്‌സിബിളായിട്ടുണ്ട്. അതിനൊപ്പം വ്യത്യസ്തമാ വികാരങ്ങള്‍ സ്വാഭാവികതയോടെ അവതരിപ്പിക്കാന്‍ ഒരു പരിധി വരെ ടൊവിനോക്ക് സാധിക്കുന്നുണ്ട്. എല്ലാറ്റിലുമുപരി ‘നമ്മുടെ സ്വന്തം സൂപ്പര്‍ഹീറോ’ എന്ന ഫീല്‍ നല്‍കുന്നതില്‍ ടൊവിനോ പൂര്‍ണ്ണ വിജയം നേടിയിട്ടുണ്ട്.

ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളും മികച്ചുനില്‍ക്കുന്നവരാണ്. ഹരിശ്രീ അശോകന്റെ ദാസന്‍, ബൈജുവിന്റെ എസ്.ഐ. സാജന്‍, ഫെമിന ജോര്‍ജിന്റെ ബ്രൂസ്‌ലി ബിജി, അജു വര്‍ഗീസിന്റെ പി.സി. പോത്തന്‍, രാജേഷ് മാധവന്റെ പി.സി ടിറ്റോ, വസിഷ്ഠ് ഉമേഷിന്റെ ജോസ്‌മോന്‍, ഷെല്ലി കിഷോറിന്റെ സ്മിത എന്നിങ്ങനെ സിനിമയില്‍ നല്ല മിന്നിച്ച പ്രകടനം നടത്തിയ കുറെ പേരുണ്ട്.

ടൊവിനോക്കും ഗുരു സോമസുന്ദരത്തിനും മാത്രമല്ല ഇവര്‍ക്കെല്ലാം തങ്ങളുടെ കരിയറിലെ മികച്ച പ്രകടനം നടത്തിയ വേഷങ്ങളിലൊന്ന് എന്ന് പറയാന്‍ സാധിക്കുന്ന കഥാപാത്രങ്ങളെയാണ് ബേസില്‍ നല്‍കിയിരിക്കുന്നത്. കുഞ്ഞിരാമായണത്തിലും ഗോദയിലും കണ്ടതുപോലെ ഓരോ കഥാപാത്രത്തെയും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കും വിധമാണ് മിന്നല്‍ മുരളിയിലും ഉള്‍ച്ചേര്‍ത്തിരിക്കുന്നത്.

സൂക്ഷ്മവും ലളിതവുമായ തമാശകളിലാണ് ബേസില്‍ ജോസഫിന്റെ അടുത്ത ബ്രില്യന്‍സ്. മിന്നല്‍ മുരളി (ഒറിജിനല്‍), ജെയ്‌സണ്‍ പറക്കാന്‍ നോക്കുന്ന സീന്‍, മാമുക്കോയുടെ ഡോക്ടര്‍ ക്യാരക്ടര്‍ ഓരോന്ന് പറയുമ്പോള്‍ കറക്ട് എന്ന് തിരിച്ചു പറയുന്ന നഴ്‌സ്, ടൊവിനോയുടെ ജെയ്‌സന്റെ പല ഡയലോഗുകളും എക്‌സ്പ്രഷന്‍സും എന്നിങ്ങനെ വളരെ ചെറിയ എലമെന്റുകള്‍ ഉപയോഗിച്ച് തമാശ സൃഷ്ടിക്കാന്‍ ബേസിലിന് കഴിയുന്നുണ്ട്. അദ്ദേഹം അത് മുന്‍പേ തെളിയിച്ചതാണ്, അത് ഇത്തവണയും ആവര്‍ത്തിച്ചു.

സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങള്‍ മാത്രമാണ് അല്‍പം കൂടി മികച്ചതാക്കാമായിരുന്നു എന്ന് തോന്നിയത്. ആ സീനുകളിലെ സംഘട്ടനങ്ങളിലോ വി.എഫ്.എക്‌സിലോ അല്ല, പക്ഷെ അതുവരെ സിനിമയെ നയിച്ച തിരക്കഥയുടെ കയ്യടക്കം അവസാനത്തേക്ക് ചെറുതായി കൈമോശം വന്നിരുന്നു. പെട്ടെന്ന് മനസില്‍ ചില സംശയങ്ങളുയര്‍ന്നു വന്നത് ആസ്വദനത്തെ നേരിയ തോതില്‍ ബാധിച്ചിരുന്നു. ഉദാഹരണത്തിന്, ബൂസ്‌ലി ലിജിയുടെ രംഗത്തിലടക്കം പാളിച്ച തോന്നിയെങ്കിലും അവസാനത്തേക്ക് ആ അപാകത മറക്കാന്‍ സാധിക്കും വിധം കഥ പോകുന്നുണ്ട്.

മിന്നല്‍ മുരളി ഇനി തിയേറ്ററില്‍ ഇറങ്ങുകയാണെങ്കില്‍ ഒരിക്കല്‍ കൂടി കാണാന്‍ ആഗ്രഹമുണ്ട്. വലിയ സ്‌ക്രീനില്‍ ഈ സിനിമ കാണാന്‍ സാധിക്കാത്തത് നഷ്ടം തന്നെയാണ്.

സാധാരണ ഒരു മികച്ച സിനിമ നല്‍കുന്ന ആസ്വാദനാനുഭവം മാത്രമല്ല, മിന്നല്‍ മുരളിയെ മലയാളിക്ക് വളരെ പ്രിയപ്പെട്ടാതാക്കുന്നത്. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഹോളിവുഡിലും മറ്റു വിദേശഭാഷകളിലും സൂപ്പര്‍ഹീറോ സിനിമകള്‍ കാണുന്ന സമയത്ത് ഇതൊന്നും ഒരിക്കലും മലയാളത്തില്‍ സാധിക്കില്ല എന്നൊരു തോന്നല്‍ പൊതുവെ നമുക്കെല്ലാവര്‍ക്കുമുണ്ടാകും. എന്നാല്‍ അതെല്ലാം നമ്മുടെ സിനിമാക്കാര്‍ക്കും പറ്റുന്ന കാര്യമാണ് എന്ന സന്തോഷം നിറഞ്ഞ ആത്മവിശ്വാസമാണ് മിന്നല്‍ മുരളി പ്രേക്ഷകന് നല്‍കുന്നത്. അതുകൊണ്ട് കൂടിയാണ് മലയാളിക്ക് ഈ സിനിമ കൂടുതല്‍ പ്രിയപ്പെട്ടതാകാന്‍ പോകുന്നത്.

മുണ്ടു മടക്കിയുടുത്ത, ഷര്‍ട്ടിട്ട, മറ്റൊരു മുണ്ട് കൊണ്ട് മുഖം മറച്ചുകെട്ടിയ, കാലില്‍ വള്ളിചെരുപ്പിട്ട മിന്നല്‍ മുരളി നമ്മുടെ നാട്ടിലെ ഒരു ചേട്ടന്‍ തന്നെയാണെന്ന് തോന്നും. ഇത്രനാളും സൂപ്പര്‍മാനെയും സ്‌പൈഡര്‍മാനെയും ബാറ്റ്മാനെയും മാത്രം കണ്ട് ആസ്വദിച്ച മലയാളികളിലെ സൂപ്പര്‍ഹീറോ ഫാന്‍സിന് അതുണ്ടാക്കുന്ന ആനന്ദം ചെറുതല്ല.

മിന്നല്‍ മുരളി മലയാള സിനിമയുടെ ചരിത്രത്തിലും ഏറെ പ്രധാനപ്പെട്ട സിനിമയായിരിക്കും. സിനിമയുടെ ഭാഗമായി നെറ്റ്ഫ്‌ളിക്‌സ് നടത്തിയ പ്രൊപാമോഷന്‍ രീതികളും അതില്‍ വന്ന പ്രമുഖരെയും നോക്കുക, ഇന്ത്യ മുഴുവന്‍ ആഘോഷമാക്കുന്ന രീതിയില്‍ മലയാള സിനിമ വളര്‍ന്നു എന്നത് കൂടി മിന്നല്‍ മുരളിയിലൂടെ വ്യക്തമായിക്കഴിഞ്ഞു. അങ്ങനെ, എല്ലാ അര്‍ത്ഥത്തിലും മലയാളിയുടെയും മലയാള സിനിമയുടെയും സൂപ്പര്‍ഹീറോയായിരിക്കുകയാണ് മിന്നല്‍ മുരളി

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Minnal Murali movie review|  Basil Josep, Tovino Thomas, Guru Somasundharam

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.