| Saturday, 25th December 2021, 7:00 pm

സിനിമയില്‍ എത്തിയിട്ട് പത്ത് വര്‍ഷം മാത്രം, ആദ്യ സിനിമയില്‍ തന്നെ ഞെട്ടിച്ച തുടക്കം; മിന്നല്‍ മുരളിയിലെ 'ഷിബു' അഭിനയത്തിലെ ഗുരു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്തതോടെ ചിത്രത്തിലെ നായകനൊപ്പം തന്നെ പ്രശംസ ലഭിക്കുന്നുണ്ട് ഷിബു എന്ന പ്രതിനായക കഥാപാത്രത്തിനും. ഗുരു സോമസുന്ദരമാണ് മിന്നല്‍ മുരളിയിലെ ഷിബുവിനെ അവതരിപ്പിച്ചത്.

അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജി സിനിമയിലൂടെ ഗുരു സോമസുന്ദരം മലയാളികള്‍ക്ക് നേരത്തെ പരിചിതനാണ്. മിന്നല്‍ മുരളിയിലെ ഷിബു വില്ലന്‍ എന്ന് വിശേഷിപ്പിക്കാന്‍ കഴിയാത്ത ഒരു കഥാപാത്രമാണ്.

ക്രൂരതയുടെ പര്യായം എന്ന തരത്തില്‍ മാത്രം പ്രതിനായകനെ അവതരിപ്പിക്കുന്നിടത്ത് പ്രണയവും, ഇമോഷന്‍സുമെല്ലാം പ്രകടിപ്പിക്കുന്ന, കാണുന്ന പ്രേക്ഷകന് വെറുപ്പ് എന്ന വികാരത്തിനപ്പുറത്ത് ഇമോഷണല്‍ കണക്ഷന്‍ ഉണ്ടാവുന്ന തരത്തിലാണ് ഷിബുവിന്റെ കഥാപാത്ര സൃഷ്ടി.

തിരക്കഥാകൃത്തുക്കളും സംവിധായകനും ഉദ്ദേശിച്ചതിന്റെ പതിന്മടങ്ങ് നല്‍കാന്‍ ഷിബുവിലൂടെ ഗുരു സോമസുന്ദരത്തിന് കഴിഞ്ഞിട്ടുണ്ട്. വളരെ അപൂര്‍വം നടന്മാര്‍ക്കാണ് കണ്ണിലെ ചെറിയ എക്‌സ്പ്രഷന്‍ കൊണ്ട് പോലും കഥാപാത്രത്തിന്റെ ഇമോഷന്‍സ് കൃത്യമായി പ്രേക്ഷകനില്‍ എത്തിക്കാന്‍ സാധിക്കുക.

ഗുരു സോമസുന്ദരം സിനിമയില്‍ എത്തിയിട്ട് പത്ത് വര്‍ഷമായിട്ടുള്ളു. തമിഴ്‌നാട്ടിലെ പ്രശസ്തമായ നാടകസംഘമായ കൂത്തുപ്പട്ടറൈയുടെ ഭാഗമായിട്ടായിരുന്നു ഗുരു സോമസുന്ദരത്തിന്റെ കലാജീവിതം ആരംഭിക്കുന്നത്. 2002 മുതല്‍ 2011 വരെ ഈ നാടകസംഘത്തില്‍ അദ്ദേഹം അംഗമായിരുന്നു.

2003 കൂത്തുപ്പട്ടറൈയുടെ ചന്ദ്രഹരി എന്ന നാടകത്തിലെ ഗുരുവിന്റെ അഭിനയം സംവിധായകന്‍ ത്യാഗരാജന്‍ കുമരരാജ കണ്ട് ഇഷ്ടപ്പെടുകയും എന്നെങ്കിലും താന്‍ സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ അതിലൊരു വേഷം നല്‍കുമെന്നും കുമാരരാജ ഗുരു സോമസുന്ദരത്തിന് വാഗ്ദാനം നല്‍കി.

പിന്നീട് 2011 ല്‍ ത്യാഗരാജന്‍ കുമരരാജ സംവിധാനം ചെയ്ത ആരണ്യ കാണ്ഡം എന്ന സിനിമയിലൂടെ ഗുരു സോമസുന്ദരം സിനിമയിലേക്ക് എത്തുകയായിരുന്നു. ആദ്യ ചിത്രത്തിലെ തന്നെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അദ്ദേഹമെത്തി. തൊട്ടടുത്ത വര്‍ഷങ്ങളില്‍ തന്നെ അദ്ദേഹം മലയാള സിനിമയിലുമെത്തി. 5 സുന്ദരികള്‍ എന്ന ആന്തോളജി ചിത്രത്തിലെ ഷൈജു ഖാലിദ് സംവിധാനം ചെയ്ത സേതുലക്ഷ്മി എന്ന ചിത്രത്തിലെ ഫോട്ടോഗ്രാഫറായിട്ടുള്ള ഗുരു സോമസുന്ദരത്തിന്റെ വേഷം അന്ന് തന്നെ ചര്‍ച്ചയായിരുന്നു.

പിന്നീട് 2016 ല്‍ രാജു മുരുകന്‍ സംവിധാനം ചെയ്ത ജോക്കര്‍ എന്ന ചിത്രത്തിലൂടെയാണ് ഗുരു സോമസുന്ദരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

ഒടുവില്‍ 2021 ല്‍ മിന്നല്‍ മുരളിയിലൂടെ ഗുരുവിന്റെ കഥാപാത്രം ഏറെ ചര്‍ച്ചയാവുകയാണ്. ഷിബു കടന്നുപോകുന്ന വ്യത്യസ്തമായ മാനസികാവസ്ഥകളും സമ്മര്‍ദങ്ങളും സങ്കടം, നഷ്ടബോധം, അപമാനിക്കുകയും അവഗണിക്കുകയും ചെയ്യപ്പെടുന്നത്, പ്രണയം, കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥ- എന്നിങ്ങനെയുള്ള സങ്കീര്‍ണ്ണതകളെയെല്ലാം പ്രേക്ഷകനില്‍ ആഴത്തില്‍ പതിപ്പിക്കാന്‍ ഗുരുവിന് കഴിയുന്നുണ്ട്. ബാറ്റ്മാനിലെ ജോക്കറിനെ പോലെ പ്രത്യേക ആരാധകവൃന്ദം ഷിബുവിനുമുണ്ടായേക്കാം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Just ten years after arriving at the cinema, a shocking start in the very first film;Minnal Murali Movie Guru Somasundaram Character gets huge appreciation

We use cookies to give you the best possible experience. Learn more