ബേസില്‍ ജോസഫിന്റെ സംവിധാനമികവിലൊരുങ്ങി, ടൊവിനോ തോമസ് അഭിനയിച്ച ചിത്രമാണ് മിന്നല്‍ മുരളി. റിലീസിംഗിന് മുന്നേ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കിയിരുന്നു.
ഇപ്പോഴിതാ മിന്നല്‍ മുരളിയുടെ ഗ്ലോബല്‍ പ്രീമിയര്‍ പ്രദര്‍ശനം മുംബൈയില്‍ നടന്നിരിക്കുകയാണ്. ജിയോ മാമി (ജിയോ മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജ്) മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ പ്രീമിയര്‍ നടന്നത്.
മിന്നല്‍ മുരളി തകര്‍ത്തെന്നാണ് സിനിമ കണ്ട ഓരോ ആളുകളും അടിവരയിട്ട് പറയുന്നത്. മികച്ച തിയേറ്റര്‍ അനുഭവമാണ് സിനിമ നല്‍കിയതെന്നും, ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്ണമായിരുന്നു എന്നാണ് ഭൂരിപക്ഷം ആരാധകരും പറയുന്നത്.
#MinnalMuraliAtMAMI എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ തരംഗമാവുകയാണ്.
‘മികച്ച സംവിധായകനാണ് ബേസില്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്,’ ‘ടൊവിനോ പൊളിച്ചടുക്കി,’ ‘മലയാളത്തിലിതുവരെ കാണാത്ത മികച്ച അനുഭവം,’ തുടങ്ങി നിരവധി അഭിപ്രായങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.
ഇന്ത്യയിലെ മികച്ച ഫിലിം ഫെസ്റ്റുകളിലൊന്നാണ് ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവല്‍. ചലച്ചിത്ര താരവും നിര്‍മാതാവുമായ പ്രിയങ്ക ചോപ്രയാണ് മാമി ഫിലിം ഫെസ്റ്റിവലിന്റെ ചെയര്‍പേഴ്സണ്‍.
സംവിധായിക അഞ്ജലി മേനോന്‍, അനുപമ ചോപ്ര, ഇഷാ അംബാനി, വിശാല്‍ ഭരദ്വാജ്, ഫര്‍ഹാന്‍ അക്തര്‍, ആനന്ദ് മഹീന്ദ്ര, കബീര്‍ ഖാന്‍, വിക്രമാദിത്യ മൊടവാനി, സോയ അക്തര്‍, റാണ ദഗുപതി, സിദ്ധാര്‍ഥ് റോയ കപൂര്‍, സ്മൃതി കിരണ്‍ എന്നിവരാണ് ജിയോ മാമി ഫിലിം ഫെസ്റ്റിവല്‍ ട്രസ്റ്റീ ബോര്‍ഡിലെ അംഗങ്ങള്‍.
ഡിസംബര്‍ 24നാണ് മിന്നല്‍ മുരളി പ്രദര്‍ശനത്തിനെത്തുന്നത്. ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സാണ് മിന്നല്‍ മുരളിയുടെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നല്‍ മുരളി. ബേസില്‍- ടൊവിനോ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്. നിര്‍മാണം സോഫിയ പോള്‍.
സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം-അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ്, ഗാനരചന-മനു മന്‍ജിത്, സംഗീതം-ഷാന്‍ റഹ്മാന്‍, സുഷില്‍ ശ്യാം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Minnal Murali gets huge response after premiering in JIO MAMI Film Festival