| Saturday, 24th July 2021, 2:06 pm

ഡി കാറ്റഗറിയില്‍ ഷൂട്ടിംഗ്; മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് നിര്‍ത്തിവെപ്പിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇടുക്കി: ബേസില്‍ ജോസഫ്-ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് നിര്‍ത്തിവെപ്പിച്ചു. ഡി കാറ്റഗറിയില്‍പ്പെട്ട പഞ്ചായത്തില്‍ ഷൂട്ടിംഗ് നടക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് പൊലീസ് ഷൂട്ടിംഗ് നിര്‍ത്തിവെപ്പിച്ചത്.

കുമാരമംഗലം പഞ്ചായത്തിലായിരുന്നു ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്നത്. ഒരാഴ്ചത്തെ ടി.പി.ആര്‍. അനുസരിച്ച് പഞ്ചായത്ത് ഡി കാറ്റഗറിയിലായിരുന്നു. ഈ സാഹചര്യത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ തങ്ങള്‍ക്ക് കളക്ടറുടെ അനുമതിയുണ്ടെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്.

ഗോദയ്ക്ക് ശേഷം ബേസില്‍ ജോസഫ്, ടൊവിനോയെ കേന്ദ്രകഥാപാത്രമാക്കുന്ന സിനിമയാണ് മിന്നല്‍ മുരളി. കഴിഞ്ഞ വര്‍ഷം മിന്നല്‍ മുരളിയുടെ സെറ്റ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു.

സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രമെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്.

ജിഗര്‍തണ്ട, ജോക്കര്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

സംഗീതം ഷാന്‍ റഹ്‌മാന്‍. ആക്ഷന് ഏറെ പ്രാധാന്യമുള്ള സിനിമയിലെ രണ്ട് സംഘട്ടനരംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച വ്ലാഡ് റിംബര്‍ഗ് ആണ്.

കലാസംവിധാനം മനു ജഗത്. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

വി.എഫ്.എക്സിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി.എഫ്.എക്സ്. സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Minnal Murali Film Tovino Thomas Basil Joseph Shooting

We use cookies to give you the best possible experience. Learn more