ബേസിൽ ജോസഫ് പ്രേക്ഷകർക്കായി സമ്മാനിച്ച മിന്നൽ മുരളിയെ ഇനി കോമിക് മാഗസിൻ ആയ ടിങ്കിളിലൂടെ കാണാം. മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ കഥാപാത്രം സിനിമയിലൂടെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പ്രശസ്തമായ സാന്റിയാഗോ കോമിക് കോണിൽ വെച്ചായിരിക്കും മിന്നൽ മുരളിയെ അവതരിപ്പിക്കുക.
നടൻ റാണ ദഗ്ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയും നിർമാതാവ് സോഫിയാ പോളിന്റെ വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്സും ചേർന്നാണ് മിന്നൽ മുരളിയുടെ കോമിക് കഥാപാത്രത്തെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
ഗോദ എന്ന ചിത്രത്തിന് ശേഷം അരുൺ അനിരുദ്ധനും ജസ്റ്റിൻ മാത്യുവും തിരക്കഥയെഴുതി ടൊവീനോയെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് മിന്നൽ മുരളി. സൂപ്പർ ഹീറോ ഫിലിമായ മിന്നൽ മുരളിയിൽ ടൊവിനോ മിന്നൽ മുരളിയായെത്തിയപ്പോൾ ഗുരു സോമസുന്ദരം ആണ് പ്രതിനായകനായ സൂപ്പർ ഹീറോയായി എത്തിയത്. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന പ്രത്യേകതയും മിന്നൽ മുരളിക്കുണ്ട്. ഷാൻ റഹ്‌മാൻ, സുഷിന് ശ്യാമ എന്നിവരുടെ സംഗീതംകൊണ്ടും സംവിധാന മികവുകൊണ്ടും ചിത്രം ലോകമെമ്പാടും ശ്രദ്ധനേടി.
2021 ഡിസംബർ 16ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ലോകമെമ്പാടും റിലീസായി. മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസ് ചെയ്‌തു.
Content Highlight: Minnal Murali comic