തെന്നിന്ത്യയില്‍ അറിയപ്പെടുന്ന ഗായികയാണ് മിന്മിനി. റോജ എന്ന തമിഴ് ചിത്രത്തിലെ എ.ആര്‍. റഹ്‌മാന്റെ ‘ചിന്ന ചിന്ന ആസൈ..’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചതിലൂടെയാണ് മിന്മിനി പ്രശസ്തയാകുന്നത്. മലയാളിയാണെങ്കിലും മിന്മിനിയുടെ മികച്ച സംഭാവനകള്‍ എ.ആര്‍. റഹ്‌മാനും ഇളയരാജയും സംഗീതം നല്‍കിയ തമിഴ് ഗാനങ്ങളിലൂടെയാണ്. മലയാളത്തിലും ഒരുപിടി ഹിറ്റ് ഗാനങ്ങള്‍ മിന്മിനി പാടിയിട്ടുണ്ട്.
സിദ്ദിഖ്- ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന വിയറ്റ്‌നാം കോളനിയിലെ പാതിരാവായി നേരം എന്ന പാട്ട് പാടിയത് മിന്മിനി ആയിരുന്നു. ചിത്രത്തിന്റെ സംവിധായകന്മാരില്‍ ഒരാളായ ലാലാണ് തനിക്ക് പാട്ടിന്റെ സിറ്റുവേഷന്‍ പറഞ്ഞു തന്നതെന്നും ആദ്യം ഹമ്മിങ് സോഫ്റ്റായിട്ട് പാടിയപ്പോള്‍ അങ്ങനെ അല്ലെന്ന് അദ്ദേഹം പറഞ്ഞെന്നും മിന്മിനി പറയുന്നു.
ഉറങ്ങി കിടക്കുന്ന നായകനെ ശല്യപ്പെടുത്തുന്ന രീതിയില്‍ പാടണമെന്നാണ് ലാല്‍ പറഞ്ഞതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് ബാലകൃഷ്ണന്‍ വന്ന് മോഡല്‍ പാടിതന്നെന്നും അതിന് ശേഷം താന്‍ ആ രീതിയില്‍ പാടുകയായിരുന്നെന്നും മിന്മിനി പറയുന്നു. എസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘പാതിരാവായി നേരം എന്ന പാട്ട് സ്‌ട്രൈറ്റ് ആയിട്ട് റെക്കോര്‍ഡ് ചെയ്ത പാട്ടായിരുന്നു. എനിക്ക് ആ സീനിന്റെ സിറ്റുവേഷന്‍ പറഞ്ഞു തന്നത് ഡയറക്ടര്‍ ലാല്‍ ചേട്ടനായിരുന്നു. ലാല്‍ ചേട്ടനെ ഞാന്‍ ആദ്യമായിട്ടായിരുന്നു കാണുന്നത്. ഞങ്ങള്‍ക്ക് അതിന് മുമ്പ് പരിചയമില്ലായിരുന്നു.
എന്നോട് പറഞ്ഞു ഹീറോയിന്‍ നായകനെ ശല്യപ്പെടുത്തുന്ന പാട്ടാണതെന്ന്.
വളരെ സോഫ്റ്റ് ആയിട്ട് ആ ഹമ്മിങ് പാടിയപ്പോള്‍ വീണ്ടും ലാല്‍ ചേട്ടന്‍ അകത്ത് വന്നിട്ട് പറഞ്ഞു ‘ഉറങ്ങാന്‍ കിടക്കുമ്പോള്‍ നമ്മളെ ഭയങ്കരമായിട്ട് ശല്യം ചെയ്യാന്‍ പറ്റുന്ന രീതിയില്‍ പാടാന്‍ പറ്റില്ലേ മോള്‍ക്ക്, ഒന്നുകൂടെ ഒന്ന് ട്രൈ ചെയ്തു നോക്കാമല്ലേ’ എന്ന്. അപ്പോള്‍ ബാലകൃഷ്ണന്‍ വന്നിട്ട് ഏകദേശം അവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ഒരു ചെറിയ മോഡല്‍ പോലെ എനിക്ക് പാടി തന്നു. അതാണ് ആ പാട്ട്,’ മിന്മിനി പറയുന്നു.