| Sunday, 29th May 2022, 9:24 pm

ആധാര്‍ ഒരു ചതിയാണ്, ഫൈറ്റ് ചെയ്യാന്‍ തന്നെയാണ് തീരുമാനം

പി.ബി ജിജീഷ്

ആധാര്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം എന്ന പത്രക്കുറിപ്പ് ഇറക്കുക. പിന്നെ അത് പിന്‍വലിക്കുക. ഇതിലൊന്നും യാതൊരു അസ്വഭാവികതയുമില്ല. ആശ്ചര്യപ്പെടേണ്ട കാര്യവുമില്ല. ആധാര്‍ അങ്ങനെയാണ്. തുടക്കം മുതല്‍ ഇന്നുവരെ ആധാര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം അങ്ങനെയാണ്.

രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും വിവരങ്ങള്‍ വിറ്റു കാശാക്കുക, ഇവയെല്ലാം സ്റ്റേറ്റ് സര്‍വൈലന്‌സിനും സര്‍വൈലന്‍സ് കാപിറ്റലിസത്തിനും അടിയറവു വയ്ക്കുക എന്നതില്‍ കവിഞ്ഞ് ഒരു ലക്ഷ്യവും ഇല്ലാത്ത പദ്ധതിയാണ് ആധാര്‍. ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ, ഫാഷിസ്റ്റ് ഗവണ്മെന്റുകള്‍ക്ക് മാത്രം ആവശ്യമായ പദ്ധതി. ഇവര്‍ പുറത്തുപറയുന്നതെല്ലാം പദ്ധതി നിലനിര്‍ത്താന്‍ വേണ്ടിയുള്ള കള്ളങ്ങളാണ്.

കോണ്‍ഗ്രസ്സ് തുറന്നുവിട്ട ഭൂതമാണിത്. പ്രതിപക്ഷത്തു നിന്നു പദ്ധതിയെ നഖശിഖാന്തം എതിര്‍ത്ത നരേന്ദ്രമോദിയും ബി.ജെ.പി യും അധികാരത്തിലെത്തിയപ്പോഴാണ് പദ്ധതിയുടെ ‘ഫാഷിസ്റ്റ് സാധ്യതകള്‍’ മനസിലാക്കിയത്; പിന്നിലെ കച്ചവടം മനസിലാക്കിയത്. അപ്പോഴേ ചുവടു മാറ്റി. കോണ്‍ഗ്രസിനെക്കാള്‍ വേഗത്തില്‍ ആധാറുമായി മുന്നോട്ടുപോയി.

അന്നും ഇന്നും പദ്ധതിയെ എതിര്‍ത്ത, അധികാരത്തിലെത്തിയാല്‍ ഇത് നിര്‍ത്തലാക്കുമെന്നു വാഗ്ദാനം നല്‍കിയസി.പി.ഐ.എം ആകട്ടെ, ഭരണത്തിലുള്ള കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിനെക്കാള്‍ വാശിയോടെ ഇതു നടപ്പിലാക്കുന്നു.

യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാതെ, ജനനം മുതല്‍ മരണം വരെ എല്ലാറ്റിനും ആധാര്‍ നിര്‍ബന്ധമാക്കുന്നു. സര്‍ക്കാരില്‍ താത്കാലിക നിയമനം ലഭിച്ചാല്‍ ശമ്പളം കിട്ടണമെങ്കില്‍ പോലും ആധാര്‍ നിര്‍ബന്ധമാണ്. എല്ലാ ഫോട്ടോസ്റ്റാറ്റുകടകളിലും അക്ഷയ കേന്ദ്രങ്ങളിലും ആധാര്‍ ലെറ്ററിന്റെ കോപ്പികള്‍ കുന്നുകൂടി കിടക്കുന്നു.ആധാര്‍ ഉപയോഗിക്കാന്‍ ലൈസന്‍സില്ലാത്ത എത്രയോ ഇടങ്ങളില്‍ ഇങ്ങനെ ഇതു വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

വളരെ സെന്‍സിബിള്‍ ആയ ഒരു പത്രക്കുറിപ്പായിരുന്നു ആദ്യത്തേത്. അതിനു പിന്നില്‍ ഒരു കാരണം കാണും. ആധാര്‍ ഫോട്ടോ കോപ്പികള്‍ വഴിയോ മറ്റോ വ്യാപകമായ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടാകും. എല്ലാവരുടെയും സുരക്ഷ അപകടത്തില്‍ ആകുന്ന സാഹചര്യം ഉണ്ടായിരുന്നിരിക്കാം. അല്ലാതെ ഒരു കാരണവശാലും ഇങ്ങനെയൊരു പത്രക്കുറിപ്പ് ഇറങ്ങില്ല.

പക്ഷേ ആധാറിന് പിന്നിലെ നിക്ഷിപ്ത താത്പര്യക്കാര്‍ അതിശക്തരാണ്. അതുകൊണ്ടുതന്നെ സത്യം ഒരിക്കലും പുറത്തുവരാന്‍ പോകുന്നില്ല. ട്രാന്‍സ്പരന്‍സി UIDAI യുടെ നിഘണ്ടുവില്‍ ഇല്ലാത്ത വാക്കാണ്. കഴിഞ്ഞ വര്‍ഷത്തെ എ. ജി.യുടെ ഓഡിറ്റ് റിപ്പോര്‍ട്ട് മാത്രം മതി ആധാര്‍ റദ്ദാക്കുവാനുള്ള തീരുമാനമെടുക്കാന്‍. പക്ഷെ ചെയ്യില്ല. അതിന്റെ ഉള്ളടക്കം ചര്‍ച്ചയാവില്ല.

ആധാര്‍ ഒരു ചതിയാണ്. അതിന്റെപേരില്‍ രാജ്യത്തെ രാഷ്ട്രീയകക്ഷികളെല്ലാം പൊതുജനത്തെ ചതിക്കുന്നു. ഭരണകൂടവും മൂലധനശക്തികളും ഒരുമിച്ചു ജനാധിപത്യത്തിനെതിരെ ഗൂഢാലോചന നടത്തുന്നു. സുപ്രീംകോടതി പോലും നീതി നടപ്പിലാക്കുന്നില്ല. എ. ഡി.എം. ജബല്‍പൂര്‍ കേസിലെ വിധിയെക്കാള്‍ വലിയ ഒരു നീതികേടാണ് ആധാര്‍ കേസില്‍ സുപ്രീംകോടതിയില്‍ നടന്നത്. അതിനെതിരെയുള്ള ക്യൂറേറ്റീവ് പെറ്റീഷനും, പുതിയ ഹരജികളുമെല്ലാം വര്‍ഷങ്ങളായി ഫ്രീസറിലാണ്. തുറന്നാല്‍ നീര്‍ക്കുമിളപോലെ പൊട്ടിപ്പോകുന്ന നിയമയുക്തിയിന്മേല്‍ ആണ് ഈ പദ്ധതി നിലനില്‍ക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം.

2010 മുതല്‍ പദ്ധതിയെ പിന്തുടരുന്നുണ്ട്. ഇക്കാലയളവില്‍ ആധാര്‍ ഒരു അനാവശ്യ കാര്യമാണ് എന്ന അഭിപ്രായം ബലപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്. 2011-ല്‍ Aadhaar: How a Nation is Deceived എന്നൊരു പുസ്തകം ഞാനെഴുതിയിരുന്നു. അത് പ്രകാശനം ചെയ്തുകൊണ്ട് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പറഞ്ഞത് ഓര്‍ക്കുന്നു: ‘ആധാര്‍ മൗലികവകാശങ്ങള്‍ക്കുമേലുള്ള അതിക്രമമാണ്. ജനാധിപത്യ വിരുദ്ധമാണ്. ഏകാധിപത്യ ഭരണകൂടങ്ങള്‍ക്ക് മാത്രമാണ് ഇത്തരം ഒരു പദ്ധതിയുടെ ആവശ്യം. അതുകൊണ്ട് ഈ വിഷയത്തില്‍ ഗ്രന്ഥകാരനോട് പൂര്‍ണമായും ഞാന്‍ യോജിക്കുന്നു.’

ആധാര്‍ ഇപ്പോഴും ഇന്ത്യയില്‍ നിര്‍ബന്ധിതമല്ല. നിയമപ്രകാരവും സുപ്രീംകോടതി ഉത്തരവ് പ്രകാരവും സബ്‌സിഡികള്‍ക്കല്ലാതെ മറ്റൊന്നിനും ആധാര്‍ നിബന്ധിതകമാക്കാന്‍ കഴിയില്ല. എന്നിട്ടും എല്ലാത്തിനും ഇന്ന് ആധാര്‍ നിബന്ധമാണെന്ന അവസ്ഥയുണ്ട്. അല്ലെങ്കില്‍ നമ്മള്‍ ഒരുപാട് ഫൈറ്റ് ചെയ്യണം.

ഞാന്‍ ഇതുവരെ ആധാര്‍ എടുത്തിട്ടില്ല. ബാങ്ക്, മൊബൈല്‍, പാന്‍ കാര്‍ഡ് തുടങ്ങി ഒരു സേവനവും ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല. ഇനിയൊട്ട് ചെയ്യാനും ഉദ്ദേശമില്ല. ഫൈറ്റ് ചെയ്യാന്‍ തന്നെയാണ് തീരുമാനം.

Content Highlight: ministry of it warns against sharing aadhaar information and withdrawn, pp jijeesh writes

പി.ബി ജിജീഷ്

We use cookies to give you the best possible experience. Learn more