ന്യൂദല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ ഓഹരി തട്ടിപ്പ് ആരോപണത്തില്‍ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ഗൗതം അദാനിക്കെതിരെ അന്വേഷണം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്.
കമ്പനി നിയമത്തിലെ സെക്ഷന്‍ 206 പ്രകാരമാണ് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം അദാനി ഗ്രൂപ്പില്‍ നിന്ന് വിവരങ്ങള്‍ തേടിയത്. സമീപകാലത്ത് നടത്തിയിട്ടുള്ള ഇടപാടുകളെ കുറിച്ചുള്ള രേഖകളാണ് പരിശോധിക്കുന്നത്.
സെബിയും (Securities and Exchange Board Of India) അദാനിക്കെതിരെ പ്രാഥമികമായ അന്വേഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
അതിനിടെ, അദാനിക്കുണ്ടാവുന്ന തിരിച്ചടി ഇന്ത്യന്‍ ബാങ്കിംഗ് വ്യവസ്ഥയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. പ്രതിസന്ധി അദാനിക്ക് മാത്രമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും പറഞ്ഞിരുന്നു.
അദാനി ഗ്രൂപ്പിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിലും തെളിവുകളിലും ചര്‍ച്ച വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ആം ആദ്മി പാര്‍ട്ടി, രാഷ്ട്രീയ ജനതാ ദള്‍, ഭാരത് രാഷ്ട്ര സമിതി, സി.പി.ഐ.എം, സി.പി.ഐ എന്നീ പാര്‍ട്ടികളാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് ആവശ്യമുന്നയിച്ചിട്ടുള്ളത്.
ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ചിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം അദാനി ഗ്രൂപ്പ് ഓഹരികള്‍ക്കുണ്ടായ നഷ്ടം 10 ലക്ഷം കോടി കടന്നു. ഫോബ്‌സിന്റെ ലോക ധനികരുടെ പട്ടികയില്‍ ആദ്യ ഇരുപതില്‍ നിന്നും അദാനി കഴിഞ്ഞ ദിവസം പുറത്തായി.